ലഹരിമാഫിയയിലെ ഒരാളെ പോലും കണ്ടെത്താൻ പൊലീസിനായിട്ടില്ല, ഉന്നതതല അന്വേഷണം വേണമെന്ന് അഴിയൂരിൽ ലഹരി മാഫിയ കാരിയർ ആക്കിയ എട്ടാം ക്ലാസുകാരിയുടെ കുടുംബം 

കോഴിക്കോട് : കോഴിക്കോട് അഴിയൂരിൽ ലഹരി മാഫിയ എട്ടാം ക്ലാസുകാരിയെ കാരിയർ ആക്കിയ കേസിലെ ഇപ്പോളത്തെ അന്വേഷണത്തിൽ തൃപ്തരല്ലെന്നു കുടുംബം. സംഭവത്തിൽ ഉന്നത തല അന്വേഷണം വേണമെന്ന് കുട്ടിയുടെ ഉമ്മയും പിതൃ സഹോദരിയും ആവശ്യപ്പെട്ടു. ഇത് വരെയും ലഹരി മാഫിയയിലെ ഒരാളെ പോലും കണ്ടെത്താൻ പൊലീസിന് കഴിഞ്ഞിട്ടില്ല. നൽകിയ വിവരങ്ങൾ അന്വേഷണ ഉദ്യോഗസ്ഥനായ ഡി വൈ എസ് പി മുഖവിലക്കെടുക്കുന്നില്ല. കുട്ടിക്ക് ലഹരി നൽകിയെന്ന് കുട്ടി പറഞ്ഞ അഴിയൂർ സ്വദേശിയെ രക്ഷിക്കാനാണ് അന്വേഷണ സംഘത്തിന്റെ ശ്രമമെന്നും കുടുംബം ഏഷ്യാനെറ്റ്‌ ന്യൂസിനോട് പറഞ്ഞു. 

അഴിയൂരിൽ വിദ്യാർത്ഥിനിയെ ലഹരി മാഫിയ ക്യാരിയർ ആക്കിയ സംഭവത്തിൽ സി സി ടി വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചു അന്വേഷണം പുരോഗമിക്കുകയാണെന്നാണ് പൊലീസ് വാദം. ലഹരി വസ്തുക്കൾ കൈമാറാനായി കുട്ടി എത്തിയെന്നു പറയുന്ന തലശ്ശേരിയിലെ മാളിലെ സി സി ടി വി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചിട്ടുണ്ട്. സഹപാഠികളുടെയും അധ്യാപകരുടെയും മൊഴി പോലീസ് കഴിഞ്ഞ ദിവസം രേഖപെടുത്തിയിരുന്നു. തലശ്ശേരിയിൽ വസ്ത്രം വാങ്ങാനായി പോയിട്ടുണ്ടെന്നു കുട്ടി പറഞ്ഞതായി സഹപാഠികൾ മൊഴി നൽകിയിട്ടുണ്ട്. 

കഴിഞ്ഞ ദിവസമാണ് അഴിയൂരിലെ സ്കൂളിലെ എട്ടാം ക്ലാസുകാരിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ ഏഷ്യാനെറ്റ് ന്യൂസ് പുറത്തുവിട്ടത്. ആദ്യം ലഹരി കലർത്തിയ ബിസ്ക്കറ്റ് നൽകി. പിന്നീട് ഇൻജക്ഷൻ അടക്കം നൽകി ലഹരിക്ക് അടിമയാക്കിയ ശേഷം ലഹരി കടത്തിനും ഉപയോഗിച്ചുവെന്നാണ് കുട്ടി വെളിപ്പെടുത്തിയത്. തന്നെപ്പോലെ മറ്റു പലരും ഇങ്ങനെ ഉണ്ടെന്നും കുട്ടി വ്യക്തമാക്കിയിരുന്നു. ലഹരി മരുന്നു നൽകുകയും ലഹരി മരുന്ന് കടത്താൻ പ്രേരിപ്പിക്കുകയും തുടർന്ന് ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്ന പെൺകുട്ടിയുടെ പരാതിയിൽ അഴിയൂർ സ്വദേശിയായ യുവാവിനെ പൊലീസ് വിളിച്ചു വരുത്തിയെങ്കിലും പിന്നീട് വിട്ടയക്കുകയായിരുന്നു.

തെളിവില്ലെന്ന് കണ്ടാണ് യുവാവിനെ വിട്ടയച്ചതെന്നായിരുന്നു പൊലീസിന്റെ വിശദീകരണം. പോക്സോ വകുപ്പുകൾ ചുമത്തി കേസ് എടുത്തെങ്കിലും ലഹരി മാഫിയക്ക് സംഭവവുമായി ബന്ധമുണ്ടെന്ന് പെൺകുട്ടി മൊഴി നൽകിയിരുന്നില്ലെന്നായിരുന്നു പൊലീസ് പറഞ്ഞത്. സംഭവത്തിൽ പൊലീസ് വീഴ്ചയാരോപിച്ച് കുട്ടിയുടെ ബന്ധുക്കൾ പരാതി നൽകിയിട്ടുണ്ട്.

Read More : 'കേസ് പിൻവലിക്കാൻ സമ്മര്‍ദ്ദം, കള്ളക്കേസിൽ കുടുക്കുമെന്ന് ഭീഷണി'; കഞ്ചാവ് മാഫിയക്കെതിരെ പതിനഞ്ചുകാരന്റെ അച്ഛൻ