Asianet News MalayalamAsianet News Malayalam

ഹരിക്കെതിരെ കേസ് നിലവിലില്ല, റേഞ്ച് ഓഫീസറെ മാറ്റി നിർത്തി അന്വേഷിക്കും, മരണത്തിൽ അനുശോചിച്ച് വനംമന്ത്രി

''എന്താണ് യഥാർത്ഥത്തിൽ സംഭവിച്ചതെന്ന് പരിശോധിക്കും. വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് പങ്കുണ്ടെങ്കിൽ നിയമനടപടി സ്വീകരിക്കും...''

no case against hari till now will inquire says Forest Minister
Author
First Published Feb 9, 2023, 2:22 PM IST

തിരുവനന്തപുരം : അമ്പലവയല്‍ അമ്പുകുത്തിയില്‍ കടുവയെ ചത്ത നിലയില്‍ ആദ്യം കണ്ടെത്തിയ ഹരിയുടെ മരണം മനോവേദനയുണ്ടാക്കുന്നുവെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ. തീരാനഷ്ടത്തിൽ സർക്കാരിന് വേണ്ടി അനുശോചനം രേഖപ്പെടുത്തുന്നുവെന്ന് മന്ത്രി ഏഷ്യാനെറ്റ്ന്യൂസിനോട് പറഞ്ഞു. എന്താണ് യഥാർത്ഥത്തിൽ സംഭവിച്ചതെന്ന് പരിശോധിക്കും. വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് പങ്കുണ്ടെങ്കിൽ നിയമനടപടി സ്വീകരിക്കും.

വനംവകുപ്പ് ഉദ്യോഗസ്ഥർക്കും കലക്ടർക്കും അന്വേഷിക്കാൻ നിർദേശം നൽകി. ഹരിക്കെതിരെ കേസ് നിലവിലില്ല. കടുവ കുടുങ്ങിയെന്ന വിവരം കൊടുത്തത് ഹരിയാണ്. അതുകൊണ്ട് കൂടുതൽ വിവരം തേടിയിട്ടുണ്ട്. അതല്ലാതെ നടപടിയൊന്നും സ്വീകരിച്ചിട്ടില്ല. അന്വേഷണത്തിലൂടെ എല്ലാം പുറത്തുവരും. വിജിലൻസ് ഫോറസ്റ്റ് കൺസേർവേറ്റർ അടിയന്തരമായി വയനാട്ടിലെത്തി അന്വേഷിക്കും. റേഞ്ച് ഓഫീസറെ മാറ്റി നിർത്തിയാകും അന്വേഷണം. ഹരി വനംവകുപ്പിനെ സഹായിച്ച ആളാണ്. അദ്ദേഹത്തിന് സംഭവത്തിൽ പങ്കുണ്ട് എന്ന് ആരും വിശ്വസിക്കുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി. 

ഹരിയെ കഴിഞ്ഞ ദിവസം വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തിരുന്നു. തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെയാണ് ഇദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയതെന്ന് പറയുന്നു. കഴിഞ്ഞ ഒന്നാം തീയ്യതിയാണ് പാടിപറമ്പിലെ സ്വകാര്യ വ്യക്തിയുടെ തോട്ടത്തില്‍ കുട്ടിക്കടുവയെ കഴുത്തില്‍ കുരക്ക് മുറുകി ചത്ത നിലയില്‍ കണ്ടെത്തിയത്. വൈകുന്നേരം അഞ്ച് മണിയോടെ ഹരിയടക്കമുള്ളവര്‍ കടുവ ചത്ത് കിടക്കുന്നത് കണ്ടെന്നാണ് വനംവകുപ്പിന് ലഭിച്ചിരുന്ന വിവരം. ഒന്നരവയസ്സുള്ള ആണ്‍കടുവയെ ചത്ത നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് സ്ഥലം ഉടമക്കെതിരെ വനംവകുപ്പ് കേസെടുത്തിരുന്നു.

എന്നാല്‍ സ്ഥലം ഉടമ മുഹമ്മദ് വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് വീട്ടില്‍ വിശ്രമത്തിലായിരുന്നുവെന്നും കേസെടുത്ത് മുന്നോട്ട് പോയാല്‍ പ്രതിഷേധം കനക്കുമെന്നും വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ വനംവകുപ്പിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. തന്റെ പറമ്പില്‍ അതിക്രമിച്ച് കടന്ന് കുരുക്ക് സ്ഥാപിച്ചവരെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് മുഹമ്മദ് അമ്പലവയല്‍ പോലീസില്‍ പരാതിയും നല്‍കിയിരുന്നു. ഇതോടെയാണ് കടുവയുടെ ജഡം ആദ്യം കണ്ടവരിലേക്ക് വനംവകുപ്പ് അന്വേഷണം നീങ്ങിയതെന്നാണ് നിഗമനം. അതേ സമയം ഹരിയുടെ മരണത്തെ തുടര്‍ന്ന് പ്രദേശത്ത് പ്രതിഷേധം ശക്തമാണ്. 

Read More : പുലി ശല്യം രൂക്ഷം: തത്തേങ്ങലത്ത് രാത്രി പട്രോളിങ്ങിനെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥരെ നാട്ടുകാർ തടഞ്ഞു

Follow Us:
Download App:
  • android
  • ios