ആറ് മാസം മുമ്പ് തന്നെ കോര്‍പറേഷനിലെ അഴിമതിയെക്കുറിച്ചും ഇടനിലക്കാരെക്കുറിച്ചും വിവരം കിട്ടിയിരുന്നുവെന്ന എളമരം കരീമിന്‍റെ കഴിഞ്ഞ ദിവസത്തെ പ്രസംഗത്തെച്ചൊല്ലിയാണ് പുതിയ തര്‍ക്കം.
കോഴിക്കോട് : കോര്‍പറേഷനിലെ കെട്ടിട നമ്പര്‍ തട്ടിപ്പിൽ അന്വേഷണം വഴിമുട്ടി. കേസ് ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറാന്‍ തീരുമാനമെടുത്തെങ്കിലും പുതിയ ടീം അന്വേഷണം തുടങ്ങിയിട്ടില്ല. ഇതുവരെ ഒരു കേസ് മാത്രമാണ് രജിസ്റ്റര്‍ ചെയ്തത്. വിഷയത്തില്‍ രാഷ്ടീയ പോരും മുറുകുകയാണ്.
ലക്ഷങ്ങള്‍ കോഴ വാങ്ങി, ഉദ്യോഗസ്ഥരും കരാറുകാരും ചേര്‍ന്ന് നൂറുകണക്കിന് അനധികൃത കെട്ടിടങ്ങള്‍ക്ക് നമ്പര്‍ അനുവദിച്ച കോഴിക്കോട് കോര്‍പറേഷനിലെ ക്രമക്കേട് കേരളത്തെ തന്നെ ഞെട്ടിച്ചതാണ്. എന്നാല്‍ ഈ സംഭവത്തിലെ അന്വേഷണ പുരോഗതി ഇതിലേറെ അമ്പരപ്പിക്കുകയാണ്. യൂസര്‍നെയിമും പാസ്‍വേര്‍ഡും ചോര്‍ത്തി നൂറുകണക്കിന് അനധികൃത കെട്ടിടങ്ങള്‍ക്ക് നമ്പര്‍ നല്‍കുകയും നികുതി സ്വീകരിക്കുകയും ചെയ്ത സംഭവത്തില്‍ കോഴിക്കോട് ടൗണ്‍ പൊലീസായിരുന്നു ആദ്യം കേസ് എടുത്തത്. കോര്‍പറേഷന്‍ സെക്രട്ടറി നല്‍കിയ പരാതിയിലായിരുന്നു കേസ്. രണ്ട് ദിവസത്തിനകം അന്വേഷണം കോര്‍പറേഷന്‍ പരിധിക്ക് പുറത്തുളള ഫറോഖ് ഡിവൈഎസ്പിക്ക് കൈമാറി. സെക്രട്ടറിയുടെ പരാതിയില്‍ പറഞ്ഞ ആറ് കെട്ടിട ഉടമകളില്‍ ഒരാളെ സംഘം അറസ്റ്റ് ചെയ്തു. അയാള്‍ പേര് വെളിപ്പെടുത്തിയ ഉദ്യോഗസ്ഥരും ഇടനിലക്കാരുമുള്‍പ്പെടെ മറ്റ് ആറ് പേരെക്കൂടി പിന്നീട് അറസ്റ്റ് ചെയ്യുകയും ചെയ്തു. പിന്നാലെ കേസ് ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറി. പക്ഷേ അന്വേഷണം തുടങ്ങിയിട്ടില്ല. പ്രാഥമിക അന്വേഷണത്തില്‍ തന്നെ നൂറുകണക്കിന് അനധികൃത കെട്ടിടങ്ങള്‍ കൈക്കൂലി വാങ്ങി ക്രമപ്പെടുത്തിയെന്ന വിവരം പുറത്ത് വന്നിട്ടും അന്വേഷണം വിജിലന്‍സിന് കൈമാറാത്തതാണ് വിചിത്രം.
കോഴിക്കോട് കോര്‍പ്പറേഷന് കെട്ടിട നമ്പര്‍ ക്രമക്കേട്; അന്വേഷണം വിജിലന്‍സിന് കൈമാറിയേക്കും
അതേ സമയം വിഷയത്തില്‍ രാഷ്ട്രീയ പോരും മുറുകുകയാണ്. ആറ് മാസം മുമ്പ് തന്നെ കോര്‍പറേഷനിലെ അഴിമതിയെക്കുറിച്ചും ഇടനിലക്കാരെക്കുറിച്ചും വിവരം കിട്ടിയിരുന്നുവെന്ന എളമരം കരീമിന്‍റെ കഴിഞ്ഞ ദിവസത്തെ പ്രസംഗത്തെച്ചൊല്ലിയാണ് പുതിയ തര്‍ക്കം. അഴിമതിയെക്കുറിച്ച് അറിഞ്ഞിട്ടും എന്തുകൊണ്ട് അന്വേഷണമുണ്ടായില്ലെന്നാണ് കോണ്‍ഗ്രസിന്റെ ചോദ്യം.
അതിനിടെ, കോര്‍പറേഷന്‍ സെക്രട്ടറി അടക്കമുളള മോലുദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ച സംഭവിച്ചതായി കാട്ടി തദ്ദേശഭരണ വകുപ്പ് ജോയിന്‍റ് ഡയറക്ടര്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ജീവനക്കാര്‍ക്ക് അനുവദിച്ച യൂസര്‍ ഐഡി പാസ് വേര്‍ഡ്, സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെ കീഴ് ജീവനക്കാര്‍ക്ക് യഥേഷ്ടം ഉപയോഗിക്കുന്നതിന് അനുമതി നല്‍കിയ ബന്ധപ്പെട്ട മേലധികാരികളുടെ ഭാഗത്ത് നിന്നും വിശദീകരണം തേടി തുടര്‍നടപടികള്‍ സ്വീകരിക്കേണ്ടതാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
കോഴിക്കോട് കോര്‍പ്പറേഷന് കെട്ടിട നമ്പര്‍ ക്രമക്കേട്; അന്വേഷണം വിജിലന്‍സിന് കൈമാറിയേക്കും
അന്വേഷണം നടന്നാല്‍ വമ്പന്‍ സ്രാവുകള്‍ പിടിയിലാകുമെന്ന് എളമരം കരീം പറയുന്നു. ഭരണാനുകൂല സംഘടനയിലുളളവരെ സംരക്ഷിക്കാനാണ് അന്വേഷണം വൈകിപ്പിക്കുന്നതെന്ന് കോണ്‍ഗ്രസും ആരോപിക്കുന്നു. ഏതായാലും ഈ വിഷയത്തില്‍ ആദ്യം മറുപടി പറയേണ്ട മേയറോ കോര്‍പറേഷന്‍ സെക്രട്ടറിയെ ഈ കോലാഹലങ്ങളൊന്നും അറിഞ്ഞ മട്ടേയില്ല.
