തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യം ഓൺലൈനായി വിൽക്കുന്ന കാര്യത്തിൽ സർക്കാർ തീരുമാനമെടുത്തിട്ടില്ലെന്ന് മന്ത്രി ടിപി രാമകൃഷ്ണൻ. ഇത്തരമൊരു നിർദ്ദേശം സർക്കാരിന് ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ബാറുകളും ബിവറേജസ് ഔട്ട്ലെറ്റുകളും തുറക്കുന്ന കാര്യത്തിൽ കേന്ദ്ര സർക്കാർ നിലപാട് വന്ന ശേഷം മന്ത്രിസഭ യോഗം ചേർന്ന് തീരുമാനിക്കും എന്നും ഏഷ്യാനെറ്റ് ന്യൂസിന്റെ കരകയറാൻ പരിപാടിയിൽ മന്ത്രി പറഞ്ഞു.

സർക്കാർ ഈ പ്രശ്നങ്ങളിൽ തീരുമാനമെടുത്തിട്ടില്ല. പ്രധാനമന്ത്രി നാളെ തീരുമാനം കേന്ദ്രസർക്കാരിന്റെ തീരുമാനം പ്രഖ്യാപിക്കും. ഇതറിഞ്ഞ ശേഷം സംസ്ഥാന മുഖ്യമന്ത്രി പിന്നീട് സംസ്ഥാനത്തിന്റെ മന്ത്രിസഭാ തീരുമാനം അറിയിക്കും. കൊവിഡ് ബാധ സംസ്ഥാനത്തെ ഓരോ ജില്ലയിലും ഓരോ നിലയിലാണ്. ഇത് പരിഗണിച്ച് സർക്കാർ തീരുമാനമെടുക്കും.

സംസ്ഥാനത്ത് മദ്യം കിട്ടാതെ ആരും മരിക്കാൻ പാടില്ലെന്നാണ് സർക്കാരിന്റെ നിലപാട്. വിമുക്തി നേരത്തെ തന്നെ നടപ്പിലാക്കിയതാണ്. മദ്യവർജ്ജനമാണ് സർക്കാരിന്റെ നിലപാട്. ലഹരിക്ക് അടിമപ്പെട്ടവരെ ചികിത്സിക്കാൻ 14 ജില്ലകളിലും ഡീ അഡിക്ഷൻ സെന്ററുകളുണ്ട്. മൂന്ന് ജില്ലകളിൽ കൗൺസിലിങ് കേന്ദ്രങ്ങളുണ്ട്. ജനങ്ങളുടെ താത്പര്യം അടിസ്ഥാനപ്പെടുത്തിയുള്ള നിലപാടാണ് സർക്കാർ എടുത്തത്. കോടതി വിധി വന്നപ്പോൾ അത് സർക്കാർ പാലിച്ചു. ജനകീയ പങ്കാളിത്തത്തോടെ ഒരു സർക്കാരും ഇതുവരെ സ്വീകരിക്കാത്ത നിലപാടാണ് ഈ സർക്കാർ ഈ കാര്യത്തിൽ സ്വീകരിച്ചതെന്നും മന്ത്രി വ്യക്തമാക്കി.

കെഎസ്ഇബി ഫിക്സഡ് ചാർജ് ഇളവ്, ബാർ ലൈസൻസ് ഫീ ഒഴിവാക്കണം, സ്വകാര്യ മേഖലയിലെ ജീവനക്കാർക്കും സംരംഭകർക്കും സാമ്പത്തിക പാക്കേജ് നടപ്പാക്കണം എന്നീ ആവശ്യങ്ങൾ ബാറുടമയായ ജോസ് പ്രദീപ് മന്ത്രിക്ക് മുന്നിൽ വച്ചു. ജനങ്ങളുടെ സുരക്ഷയാണ് ആദ്യം പരിഗണിക്കുന്നത്. തൊഴിലാളികളുടെ കൂലി സംരക്ഷിക്കണം. തൊഴിലുടമകൾ സഹായിക്കണം. ബാർ ഹോട്ടൽ പൂട്ടിയതിന്റെ ലാഭത്തിന്റെയും നഷ്ടത്തിന്റെയും അടിസ്ഥാനത്തിൽ പരിഗണിക്കേണ്ടതല്ല ഈ വിഷയം. എന്തെങ്കിലും പ്രയാസമുണ്ടെങ്കിൽ അത് പിന്നീട് ചർച്ച ചെയ്ത് പരിഹരിക്കാമെന്നും മന്ത്രി മറുപടി നൽകി. 

ലോക്ക് ഡൗൺ കാലത്ത് മദ്യശാലകൾ അടച്ചപ്പോൾ ആധുനിക സംവിധാനമടക്കം ഉപയോഗിച്ച് വാറ്റി. എക്സൈസ് വകുപ്പ് ഉന്നത ഉദ്യോഗസ്ഥർ അടക്കം ഒറ്റക്കെട്ടായി ഇത് പ്രതിരോധിക്കാൻ ശ്രമിച്ചു. കൃത്രിമമായി മദ്യം ഉൽപ്പാദിപ്പിച്ചത് കണ്ടെത്തി. വൻതോതിൽ വാഷ് കണ്ടെടുത്തു. വ്യാജമദ്യത്തിന്റെ ഉൽപ്പാദനവും വിതരണവും സർക്കാർ അനുവദിക്കില്ല. കാർക്കശ്യത്തോടെ ഇത് തടയും. ബെവ്കോയ്ക്ക് കീഴിൽ ജോലി ചെയ്യുന്ന ഒരു തൊഴിലാളിയും ഈ കൊവിഡ് ദുരന്തത്തിന്റെ പേരിൽ ദുരിതം അനുഭവിക്കേണ്ടി വരില്ലെന്നും മന്ത്രി ഒരു ചോദ്യത്തിന് മറുപടിയായി പറഞ്ഞു.