അടിസ്ഥാന ഗണിതശേഷിയിലും ഭാഷാവിജ്ഞാനത്തിലും പിന്നാക്കം നിൽക്കുന്ന വിദ്യാർഥികളെ സഹായിക്കാൻ സംസ്ഥാന സർക്കാർ 'റിവൈവ്' പദ്ധതി ആരംഭിച്ചു. ഭാഷാ-ഗണിത ശേഷികൾ മെച്ചപ്പെടാതെ ഇനി ഒരു കുട്ടിയെയും ഏഴാം ക്ലാസിലേക്ക് ജയിപ്പിക്കില്ലെന്ന് മന്ത്രി എൻ ഷംസുദ്ദീൻ വ്യക്തമാക്കി. കുട്ടികളുടെ പഠന പിന്നാക്കാവസ്ഥകൾ തിരിച്ചറിഞ്ഞ് പരിഹരിക്കുകയാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം.
തിരുവനന്തപുരം: അടിസ്ഥാന ഗണിതശേഷിയിലും മലയാളം, ഇംഗ്ലീഷ് ഭാഷാവിജ്ഞാനത്തിലും പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്ക് പ്രത്യേക പിന്തുണ നൽകി മറ്റുള്ളവർക്കൊപ്പം എത്തിക്കുന്ന റിവൈവ് പദ്ധതി സംസ്ഥാനത്തെ വിദ്യാർഥികൾക്ക് മുതൽക്കൂട്ടാകുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ ഷംസുദ്ദീൻ. ഭാഷാ-ഗണിത ശേഷികൾ മെച്ചപ്പെടാതെ ഒരു കുട്ടിയെയും ഇനി ഏഴാം ക്ലാസിലേക്ക് ജയിപ്പിച്ചു വിടില്ലെന്നും മന്ത്രി പറഞ്ഞു. പൊതുവിദ്യാഭ്യാസ വകുപ്പും സമഗ്ര ശിക്ഷാ കേരളവും സംയുക്തമായി നടപ്പാക്കുന്ന റിവൈവ് പദ്ധതിയുടെ സംസ്ഥാനതല സാക്ഷാത്കാര പ്രഖ്യാപനം തിരുവനന്തപുരം പട്ടം സെന്റ് മേരീസ് എച്ച് എസ് എസിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.
നൂറുദിന കർമപരിപാടിയുടെ ഭാഗമായി പൊതുവിദ്യാഭ്യാസ വകുപ്പ് പ്രഖ്യാപിച്ച 16 പദ്ധതികളും നടപ്പിലാക്കിയതായി മന്ത്രി അറിയിച്ചു. സംസ്ഥാനത്തെ എല്ലാ ഏകാധ്യാപക വിദ്യാലയങ്ങളും എൽ പി സ്‌കൂളുകളായി ഉയർത്തി. അധ്യാപകരുടെ ദീർഘകാല പ്രശ്നങ്ങൾ പരിഹരിച്ചു. ഹൈസ്‌കൂൾ തലത്തിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പഠനം ആരംഭിച്ചതിനൊപ്പം എല്ലാ എൽ പി, യു പി സ്‌കൂളുകളിലും ഡിജിറ്റൽ സ്‌ക്വയറുകൾ സ്ഥാപിച്ചു. ഹയർ സെക്കൻഡറി തലത്തിൽ പുതിയ ബാച്ചുകൾ ആരംഭിച്ചു. കുട്ടികൾക്ക് നീന്തൽ പരിശീലനം നൽകുന്ന ‘അക്വാഫിറ്റ്’, ആദിവാസി-തീരദേശ മേഖലകളിൽ സ്‌കൂളിൽ നിന്ന് കൊഴിഞ്ഞുപോയ കുട്ടികളെ തിരികെ എത്തിക്കുന്ന ‘കൂടെ’ പദ്ധതികളും നടപ്പാക്കി.
കേന്ദ്രഫണ്ട് ലഭിക്കുന്നതിൽ ചില കുറവുകളുണ്ടെങ്കിലും സംസ്ഥാന സർക്കാരിന്റെ ആവശ്യമായ സാമ്പത്തിക പിന്തുണയോടെ സമഗ്ര ശിക്ഷാ കേരളത്തിന്റെ പദ്ധതികൾ തടസ്സമില്ലാതെ മുന്നോട്ട് കൊണ്ടുപോകുമെന്നും മന്ത്രി വ്യക്തമാക്കി. ഭാവിയെ രൂപപ്പെടുത്തുന്നതിന് ഗണിത-ഭാഷാ അറിവുകൾക്ക് പ്രാധാന്യമുണ്ടെന്നും ആത്മവിശ്വാസത്തോടെ സംസാരിക്കുന്നതിനും ഇടപെടലുകൾ നടത്തുന്നതിനും ഇവ സഹായിക്കുമെന്നും പരിപാടിയിൽ അധ്യക്ഷനായ ആരോഗ്യവകുപ്പ് മന്ത്രി കെ മുരളീധരൻ പറഞ്ഞു.
എൽ പി, യു പി ക്ലാസ്സുകളിൽ മലയാളം, ഇംഗ്ലീഷ്, ഗണിതം വിഷയങ്ങളിൽ കുട്ടികൾ അനുഭവിക്കുന്ന പ്രയാസങ്ങൾ പരിഹരിക്കുകയാണ് റിവൈവ് പദ്ധതിയുടെ ലക്ഷ്യം. ഇതിലൂടെ ഭാവിപഠനത്തിലും കരിയറിലും കുട്ടികൾക്ക് ഏറെ മുന്നോട്ട് പോകാൻ അവസരമൊരുങ്ങും. പാഠ്യപദ്ധതി ചട്ടക്കൂടിനുള്ളിൽനിന്ന് കുട്ടികളിലെ പ്രത്യേക പഠന പിന്നാക്കാവസ്ഥകൾ തിരിച്ചറിയാനും ഫലപ്രദമായ ബോധനരീതികൾ നടപ്പിലാക്കാനും പഠനനേട്ടങ്ങൾ വിലയിരുത്താനും ക്ലാസ് റൂം തെളിവുകൾ അടിസ്ഥാനമാക്കി അധ്യാപന രീതികൾ നിരന്തരം മെച്ചപ്പെടുത്താനും പദ്ധതി ഉപകരിക്കും.
സമഗ്ര ശിക്ഷാ കേരളം സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ ഡോ. കെ മോഹനകുമാർ, തിരുവനന്തപുരം എസ് പി ഒ ഇൻചാർജ് വി കെ അബ്ദുറഹിമാൻ, ജില്ലാ പ്രോജക്ട് കോർഡിനേറ്റർ പനവൂർ നിസാമുദീൻ, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ബിജു ആർ, ഡയറ്റ് പ്രിൻസിപ്പൽ ഗീതാ നായർ, പട്ടം സെന്റ് മേരീസ് എച്ച്എസ്എസ് പ്രിൻസിപ്പൽ ഫാദർ നെൽസൺ വലിയവീട്ടിൽ, ഹെഡ്മാസ്റ്റർ റെജി ലൂക്കോസ്, പി ടി എ പ്രസിഡന്റ് മനോജ് കെ ബി തുടങ്ങിയവർ സന്നിഹിതരായി.


