ബൈക്കിൽ 4 പേർ, ചോദ്യം ചെയ്ത അധ്യാപകനെ കയ്യേറ്റം ചെയ്തു, വിദ്യാർത്ഥികൾക്കെതിരെ ജാമ്യമില്ലാവകുപ്പ് പ്രകാരം കേസ്
പ്രകോപിതരായ 4 വിദ്യാർത്ഥികളും കാറിനടുത്തേക്ക് ചെന്നു. അധ്യാപകനെ അസഭ്യം പറയുകയും കാറിനു പുറത്തേക്ക് വിലിച്ചിറക്കി കൈയേറ്റം ചെയ്യുകയും ചെയ്തുവെന്നാണ് പരാതി.
തിരുവനന്തപുരം: ചെമ്പഴന്തി എസ് എൻ കോളേജിലെ അധ്യാപകനെതിരായ ആക്രമണത്തിൽ 4 വിദ്യാർത്ഥികൾക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. കഴക്കുട്ടം പൊലീസാണ് അധ്യാപകന്റെ പരാതിയിൽ കേസെടുത്തത്. ഒരു ബൈക്കിൽ 4 പേർ കയറി കറങ്ങിയത് ചോദ്യം ചെയ്ത ഡോ.ബിജുവിനെയാണ് എസ്എഫ്ഐ പ്രവർത്തകർ ആക്രമിച്ചത്.
ഇന്നലെ വൈകുന്നേരം മൂന്നര മണിയോടെ കോളജിൽ നിന്നും മറ്റൊരു അധ്യാപകനൊപ്പം കാറിൽ പുറത്തേക്ക് പോകുന്നതിനിടെയാണ് 4 വിദ്യാർത്ഥികള്‍ ഒരു ബൈക്കിൽ കോളേജിനുള്ളിലേക്ക് വരുന്നത് ഡോ.ബൈജു കാണുന്നത്.കോളേജിനുള്ളിൽ വിദ്യാർത്ഥികളുടെ വാഹനങ്ങൾ നിരോധിച്ചിട്ടുണ്ട്. അപകടമായ രീതിയിലുള്ള വരവ് കാർ നിർത്തി അധ്യാപകൻ ചോദ്യം ചെയ്തു. പെട്ടെന്നു തന്നെ പ്രകോപിതരായ 4 വിദ്യാർത്ഥികളും കാറിനടുത്തേക്ക് ചെന്നു. അധ്യാപകനെ അസഭ്യം പറയുകയും കാറിനു പുറത്തേക്ക് വിലിച്ചിറക്കി കൈയേറ്റം ചെയ്യുകയും ചെയ്തുവെന്നാണ് പരാതി.
സെന്തിൽ, ആദിത്യൻ, ശ്രീജിത്ത്, അശ്വൻ നാഥ് എന്നിവരാണ് ആക്രമിച്ചത്. മറ്റ് അധ്യാപകർ ഇടപെട്ടാണ് വിദ്യാർത്ഥികളെ പിന്തിരിപ്പിച്ചത്. അധ്യാപകനെ ആക്രമിച്ചതിന് പിന്നാലെ രണ്ടു വിദ്യാർത്ഥികള്‍ കഴക്കൂട്ടം പൊലിസ് സ്റ്റേഷനിൽ പരാതി നൽകി.വിദ്യാർത്ഥികളിൽ നിന്നുണ്ടായ അതിക്രമത്തിലെ മാനസികാഘാതത്തിലിരിക്കുമ്പോഴാണ് പൊലീസിൻെറ വിളിയുമെത്തുന്നത്.അധ്യാപകൻ മോശമായി സംസാരിക്കുകയും കൈയേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തുവെന്നായിരുന്നു പരാതി. ഇതിന് പിന്നാലെയാണ് അധ്യാകൻ പ്രിൻസിപ്പലിന് പരാതി നൽകിയത്.ഇന്ന് കഴക്കൂട്ടം പൊലിസ് സ്റ്റേഷനിലും പരാതി നൽകി.