ചന്ദ്രികയിലെ തന്റെ ലേഖനത്തിൽ വിശദീകരണവുമായി മുസ്ലിം ലീഗ് നേതാവ് കെപിഎ മജീദ്. ഇത് സിപിഐയെ യുഡിഎഫിലേക്ക് ക്ഷണിക്കുന്നതല്ല, മറിച്ച് എൽഡിഎഫിൽ സിപിഐ നേരിടുന്ന നിരന്തരമായ അവഗണനയിലുള്ള സഹതാപവും വേദനയും പ്രകടിപ്പിച്ചതാണെന്ന് അദ്ദേഹം വ്യക്തമാക്കി
മലപ്പുറം: എൽ ഡി എഫിലെ പ്രതിപക്ഷ ഉപനേതാവ് പദവിയുമായി ബന്ധപ്പെട്ടുള്ള ചന്ദ്രികയിലെ ലേഖനത്തിൽ വിശദീകരണവുമായി മുസ്ലിം ലീഗ് ദേശീയ ഉപാധ്യക്ഷൻ കെ പി എ മജീദ് രംഗത്ത്. 'വലതുപക്ഷ സി പി എമ്മും സി പി ഐയുടെ നിലനിൽപ്പും എന്ന ലേഖനം, യു ഡി എഫിലേക്ക് സി പി ഐ തിരിച്ചുവരണം എന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ളതല്ലെന്ന് മജീദ് വ്യക്തമാക്കി. യു ഡി എഫിൽ അങ്ങനെയൊരു ആലോചന ഇല്ല. യു ഡി എഫിലേക്ക് സി പി ഐ വരണമെന്ന് പറയാൻ താൻ ആളല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എൽ ഡി എഫിലെ ആഭ്യന്തര കാര്യമാണ് ഉപനേതാവ് തർക്കം. അക്കാര്യത്തിൽ യു ഡി എഫ് ഇടപെടില്ല. സി പി ഐക്കെതിരെ നിരന്തരമായി ആക്ഷേപങ്ങൾ കാണുമ്പോൾ തനിക്കുണ്ടായ സഹതാപവും വേദനയുമാണ് ചന്ദ്രിക ലേഖനത്തിലുള്ളതെന്നും ലീഗ് ദേശീയ ഉപാധ്യക്ഷൻ വിവരിച്ചു. നിസ്സാരമായ പ്രതിപക്ഷ ഉപനേതാവ് പദവിയാണ് അവർ ചോദിക്കുന്നത്. നിരന്തരമായി അവരെ അവഗണിക്കുന്നത് കാണുമ്പോൾ സഹതാപം തോന്നും. അതാണ് ഞാൻ ലേഖനത്തിൽ കുറിച്ചത്. സി പി ഐ - ലീഗ് കോൺഗ്രസ് ബന്ധത്തിന് വളരെ പഴക്കമുണ്ട്. സി പി ഐ ചെറുതാണെങ്കിലും യു ഡി എഫിന്റെ കൂടെ നിന്ന് കേരളത്തിൽ ഭരണത്തിൽ ഇരിക്കാൻ അവർക്ക് സാധിച്ചിട്ടുണ്ട്. സി പി ഐയുടെ അംഗസംഖ്യയിൽ അല്ല നിലപാടിലാണ് കാര്യമെന്നും മജീദ് അഭിപ്രായപ്പെട്ടു.
'ഉപനേതാവ്' തർക്കം എൽഡിഎഫിന് പുറത്തേക്ക്
അതേസമയം എൽ ഡി എഫിലെ പ്രതിപക്ഷ ഉപനേതാവ് പദവിയിലെ ഉഭയക്ഷി ഉടക്ക് ഇടതുമുന്നണി രാഷ്ട്രീയം വിട്ട് പുറത്തേക്ക് കൊണ്ടുവരുന്നതായിരുന്നു മജീദിന്‍റെ ലേഖനം. വലതുപക്ഷ സി പി എമ്മിന്‍റെ വലയിൽ അകപ്പെട്ട സി പി ഐ വരാന്തയിലേക്ക് തള്ളപ്പെട്ടെന്നുള്ള മുസ്ലീം ലീഗ് നേതാവ് കെ പി എ മജീദിന്‍റെ ചന്ദ്രികയിലെ ലേഖനം ചൂടേറിയ ചർച്ചയാണ്. പ്രകോപനങ്ങൾ പലവിധത്തിൽ തുടരുന്നതിനിടെയാണ് ഉപനേതാവ് പദവി വിവാദത്തിൽ മുസ്ലീം ലീഗ് മുൻകയ്യെടുക്കുന്നത്. രാജകൽപ്പന അനുസരിക്കുന്ന അടിമകളാണോ സി പി ഐ എന്ന ചോദ്യം ഉന്നയിച്ച് ദേശീയ ഉപാധ്യക്ഷൻ ചന്ദ്രികയിലെഴുതിയ ലേഖനത്തിൽ സി പി ഐയുടെ പഴയ പ്രതാപവും മുസ്ലീം ലീഗ് സഖ്യകാലത്തെ നേട്ടങ്ങളും എല്ലാം എടുത്ത് പറയുന്നുണ്ട്. സി പി ഐ എന്തിനിത്ര ആട്ടും തുപ്പും സഹിക്കണം, സി പി ഐയ്ക്ക് ഇങ്ങനെ എൽ ഡി എഫിൽ തുടരാനാകില്ല, സി പി ഐയും ലീഗും കോൺഗ്രസും ഒന്നിച്ച് ഭരിച്ചത് സുവർണ കാലമെന്നടക്കം മജീദിന്‍റെ ലേഖനത്തിൽ വിവരിച്ചിട്ടുണ്ട്. ആകെ മൊത്തത്തിൽ സി പി ഐയ്ക്കുള്ള മുസ്‍ലിം ലീഗിന്റെ പരോക്ഷ ക്ഷണമായാണ് ലേഖനം വിലയിരുത്തപ്പെടുന്നത്.
