ചങ്ങനാശ്ശേരി: കോവിഡ് 19 ഭീതിയുടെ പശ്ചാത്തലത്തില്‍ പ്രതിരോധ നടപടികളുമായി നായര്‍ സര്‍വ്വീസ് സൊസൈറ്റി. ഇനിയൊരറിയിപ്പ് ഉണ്ടാവും വരെ എന്‍എസ്എസിന്‍റെ യൂണിയന്‍ യോഗങ്ങളും കരയോഗത്തിന്‍റെ പൊതുയോഗങ്ങളും ഒഴിവാക്കണമെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ ആവശ്യപ്പെട്ടു. കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന എല്ലാ മുന്‍കരുതലുകളോടും മുഴുവന്‍ സമുദായ അംഗങ്ങളും പൂര്‍ണമായും സഹകരിക്കണമെന്നും സുകുമാരന്‍ നായര്‍ അഭ്യര്‍ത്ഥിച്ചു. 

കോവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ മുന്‍ കരുതലെന്ന നിലയില്‍ നാഗമ്പടം സെന്റ് ആന്റണീസ് തീര്‍ത്ഥാടന കേന്ദ്രത്തിലെ ശുശ്രൂഷകള്‍ക്ക് ചില ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതായി അധികൃതര്‍ അറിയിച്ചു. പ്രായമുള്ളവരും രോഗ സാധ്യതയുളളവരും സ്വഭവനങ്ങളിലിരുന്നു പ്രാര്‍ത്ഥിക്കണം. 

കുമ്പസാരം, കൗണ്‍സലിംഗ്, കൈവെയ്പ് ശുശ്രൂഷ എന്നിവ താല്കാലികമായി റദ്ദാക്കുന്നു, വിശുദ്ധ കുര്‍ബാനയുടെ സ്വീകരണം നാവിനു പകരം കൈകളിലായിരിക്കും നടത്തുക എന്നീ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. പള്ളിയിലെ ശുശ്രൂഷകള്‍ കോട്ടയം സെന്റ് ആന്റണീസ് ചര്‍ച്ച് എന്ന യുടൂബ് ചാനലില്‍ ലഭ്യമാകുമെന്നും റെക്ടര്‍ മോണ്‍ സെബാസ്റ്റിയന്‍ പൂവത്തുങ്കല്‍  അറിയിച്ചു.