‘സായി സ്പോട്സ് സ്കൂളിലെ സെൻട്രൽ ഇൻചാർജ് കുട്ടികളോട് മോശമായാണ് പെരുമാറുന്നത്. സായിയിലെ ജോലി വിട്ടത് സെൻട്രൽ ഇൻചാർജും കേരള റീജിയൺ ഇൻചാർജും കാരണമാണ്’
കൊല്ലം : കൊല്ലത്തെ സായി സ്പോർട്‌സ് ഹോസ്റ്റലില്‍ രണ്ട് കായിക വിദ്യാര്‍ത്ഥിനികളെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് ഒളിമ്പ്യൻ അനിൽ കുമാർ. കുട്ടികൾ വെറുതെ ആത്മഹത്യ ചെയ്യില്ല. പിന്നിൽ ദുരൂഹതയുണ്ടെന്നാണ് മനസിലാക്കുന്നതെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. പൊലീസ് സമീപിച്ചാൽ കൂടുതൽ കാര്യങ്ങൾ വ്യക്തമാക്കും. അന്വേഷണം നടക്കുന്നതിനാൽ ഇപ്പോൾ കൂടുതൽ കാര്യങ്ങൾ പറയുന്നില്ല. സായി സ്പോട്സ് സ്കൂളിലെ സെൻട്രൽ ഇൻചാർജ് കുട്ടികളോട് മോശമായാണ് പെരുമാറുന്നത്. സായിയിലെ ജോലി വിട്ടത് സെൻട്രൽ ഇൻചാർജും കേരള റീജിയൺ ഇൻചാർജും കാരണമാണ്.
കൂടുതൽ പരാതികൾ ഉണ്ട് സ്റ്റാഫ് അംഗം മുൻപ് ആത്മഹത്യചെയ്തതും പീഡനം മൂലമാണ്. കുട്ടികൾക്ക് രൂക്ഷമായ അധിക്ഷേപം നേരിടേണ്ടി വരുന്ന സ്ഥിതിയുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്നലെയാണ് പ്ലസ് ടു, പത്താം ക്ലാസ് വിദ്യാര്‍ത്ഥിനികളായ സാന്ദ്ര, വൈഷ്ണവി എന്നിവരെ ഹോസ്റ്റലിലെ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. തിരുവനന്തപുരം, കോഴിക്കോട് സ്വദേശികളാണ് മരിച്ച വിദ്യാർത്ഥികൾ. രാവിലെ അഞ്ചുമണിയോടെ പരിശീലനത്തിന് പോകാനായി വാര്‍ഡനും മറ്റു വിദ്യാര്‍ത്ഥിനികളും ഇവരുടെ മുറിയിൽ തട്ടി വിളിച്ചെങ്കിലും വാതില്‍ തുറന്നില്ല. തുടര്‍ന്ന് വാതില്‍ തള്ളിത്തുറന്നപ്പോഴാണ്, മുറിയ്ക്കുള്ളിലെ ഫാനുകളില്‍ തൂങ്ങി മരിച്ച നിലയിൽ ഇരുവരെയും കണ്ടെത്തിയത്.


