കൊല്ലത്തെ സായി സ്പോർട്‌സ് ഹോസ്റ്റലില്‍ രണ്ട് കായിക വിദ്യാര്‍ത്ഥിനികളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പ്ലസ് ടു, പത്താം ക്ലാസ് വിദ്യാര്‍ത്ഥിനികളായ സാന്ദ്ര, വൈഷ്ണവി എന്നിവരാണ് മരിച്ചത്. ആത്മഹത്യയുടെ കാരണം വ്യക്തമല്ലാത്തതിനാൽ പോലീസ് അന്വേഷണം ആരംഭിച്ചു.
കൊല്ലം: കൊല്ലത്തെ സായി സ്പോർട്‌സ് ഹോസ്റ്റലില്‍ രണ്ട് കായിക വിദ്യാര്‍ത്ഥിനികളെ മരിച്ചനിലയില്‍ കണ്ടെത്തി. പ്ലസ് ടു, പത്താം ക്ലാസ് വിദ്യാര്‍ത്ഥിനികളായ സാന്ദ്ര, വൈഷ്ണവി എന്നിവരാണ് മരിച്ചത്. ഹോസ്റ്റലിലെ മുറിയിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹങ്ങള്‍. തിരുവനന്തപുരം, കോഴിക്കോട് സ്വദേശികളാണ് മരിച്ച വിദ്യാർത്ഥികൾ. ഇന്ന് രാവിലെ അഞ്ചുമണിയോടെ പരിശീലനത്തിന് പോകാനായി വാര്‍ഡനും മറ്റു വിദ്യാര്‍ത്ഥിനികളും ഇവരുടെ മുറിയിൽ തട്ടി വിളിച്ചെങ്കിലും വാതില്‍ തുറന്നില്ല. തുടര്‍ന്ന് വാതില്‍ തള്ളിത്തുറന്നു. മുറിയ്ക്കുള്ളിലെ ഫാനുകളില്‍ തൂങ്ങി മരിച്ച നിലയിലാണ് ഇരുവരെയും കണ്ടെത്തിയത്. ആത്മഹത്യയുടെ കാരണം വ്യക്തമല്ല. സിറ്റി പൊലീസ് കമ്മീഷണര്‍ അടക്കം ഹോസ്റ്റലിലെത്തി. ഇൻക്വസ്റ്റ് നടപടികൾ പുരോഗമിക്കുന്നു. മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.


