Asianet News MalayalamAsianet News Malayalam

പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് മരണം, വിതുരയിൽ ഒരാൾ അറസ്റ്റിൽ

പന്നിക്കെണിയിലേക്ക് വൈദ്യുതി കടത്തിവിട്ടയാളാണ് അറസ്റ്റില‌ായത്. മന:പൂർവ്വമല്ലാത്ത നരഹത്യയ്ക്കാണ് പൊലീസ് കേസെടുത്തത്. 

one arrested in vithura electric shock death case
Author
First Published May 22, 2022, 1:56 PM IST

തിരുവനന്തപുരം: വിതുര മേമലയിൽ പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് നെയ്യാറ്റിൻകര (Neyyattinkara) സ്വദേശി ശെൽവരാജ് മരിച്ച സംഭവത്തിൽ ഒര‌ാൾ അറസ്റ്റിൽ. മേമല സ്വദേശി കുര്യനാണ് (സണ്ണി 59 ) അറസ്റ്റിലായത്. പന്നിക്കെണിയിലേക്ക് വൈദ്യുതി കടത്തിവിട്ടയാളാണ് അറസ്റ്റില‌ായത്. മന:പൂർവ്വമല്ലാത്ത നരഹത്യയ്ക്കാണ് പൊലീസ് കേസെടുത്തത്. 

പ്രതിയെ അറസ്റ്റ് ചെയ്തെങ്കിലും മരിച്ച ശെൽവരാജ് വിതുരയിലെത്തിയതിൽ ദുരൂഹത തുടരുകയാണ്. ലോട്ടറി വാങ്ങാനെന്ന് പറഞ്ഞ് തിരുവനന്തപുരത്തേക്ക് പോയ ശെൽവരാജ് എങ്ങനെ, എന്തിന് വിതുരയിലെത്തിയെന്നതിൽ ഇതുവരെയും വ്യക്തത വന്നിട്ടില്ല. ശെൽവരാജിനെ കാണാനില്ലെന്ന പരാതി ഭാര്യ മാരായിമുട്ടം പൊലീസിൽ നൽകിയതാണ് മൃതദേഹം തിരിച്ചറിയാൻ പൊലീസിനെ സഹായിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. 

ശെൽവരാജ് വിതുര മേമലയിൽ എന്തിനെത്തി? മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍

ലക്ഷ്മി എസ്റ്റേറ്റിനു സമീപം തിരുവനന്തപുരം സ്വദേശി നസീർ മുഹമ്മദിന്റെ പുരയിടത്തിലാണ് മൃതദേഹം കണ്ടെത്തിയത്. ഇവിടെ വാടകയ്ക്ക് താമസിക്കുന്ന കുര്യൻ സ്ഥാപിച്ച വൈദ്യുതിക്കമ്പിയിൽ കാൽകുരുങ്ങിയ നിലയിലായിരുന്നു മൃതദേഹമുണ്ടായിരുന്നത്. വീടിന് പതിനഞ്ചു മീറ്റർ മാറി മീറ്ററിൽ നിന്ന് മരക്കുറ്റിയിൽ ഘടിപ്പിച്ചിരുന്ന കമ്പിവേലി ശരീരത്തിൽ ചുറ്റി ഷോക്കേറ്റാകും മരണമെന്നാണ് നിഗമനം. കമിഴ്ന്ന് കിടന്ന മൃതദേഹത്തിന്റെ ഇടതുകാൽ  മുട്ടിന് താഴെ കണങ്കാലിന് മുകളിലായി കമ്പി കാണപ്പെട്ട സ്ഥലത്ത് പൊള്ളലേറ്റു കരിഞ്ഞ പാടുകളുമുണ്ട്. എന്തിന് ഇയാൾ മേമലയിൽ എത്തി എന്നതിന് ദുരൂഹത ഉണ്ട്. ആരെ കാണാൻ വന്നു, എവിടെ വന്നു എന്നതിനെ കുറിച്ച് വിതുര പൊലീസ് അന്വേഷിക്കുന്നുണ്ട്. 
 

Follow Us:
Download App:
  • android
  • ios