Asianet News MalayalamAsianet News Malayalam

ഇനിയും കാണാമറയത്ത് 78 പേര്‍, മൂന്ന് ഗ്രാമങ്ങളെ തുടച്ചുനീക്കിയ മഹാദുരന്തത്തിന് ഇന്നേക്ക് ഒരു മാസം

ദുരന്തത്തിലകപ്പെട്ട മനുഷ്യർ ഇന്ന് താൽക്കാലിക പുനരധിവാസ കേന്ദ്രങ്ങളിലാണ്. കൈവിട്ട് പോയ ജീവിതം തിരികെ പിടിക്കാനുള്ള കൈത്താങ്ങാണ് ഇനി അവർക്ക് ആവശ്യം

one month for wayanad landslide disaster 78 people still missing victims waiting for the permanent rehabilitation
Author
First Published Aug 30, 2024, 6:30 AM IST | Last Updated Aug 30, 2024, 6:29 AM IST

കല്‍പ്പറ്റ:മുണ്ടക്കൈ ചൂരൽമല ഉരുൾപ്പൊട്ടൽ ദുരന്തമുണ്ടായിട്ട് ഇന്ന് ഒരു മാസം. സർക്കാർ കണക്കുകൾ പ്രകാരം 231 പേരുടെ ജീവനാണ് ഉരുൾപ്പൊട്ടലിൽ പൊലിഞ്ഞത്. 78 പേർ ഇന്നും കാണാമറയത്ത് ആണ്. ഉറ്റബന്ധുക്കളെയും സുഹൃത്തുക്കളെയും നഷ്ടപ്പെട്ട മൂന്ന് ഗ്രാമങ്ങളിലുള്ളവർ ദുരന്തമുണ്ടാക്കിയ വേദനകളിലാണ്  ഇപ്പോഴും കഴിയുന്നത്.എട്ട് കിലോമീറ്ററോളം ദൂരത്തിൽ പുഞ്ചിരിമട്ടം, മുണ്ടക്കൈ, ചൂരൽമല ഗ്രാമങ്ങളെ  ഇല്ലാതാക്കിയാണ് മഹാദുരന്തം കടന്നുപോയത്.

ഒരു പകലും രാത്രിയും തോരാതെ കറുത്ത് ഇരുണ്ട് പെയ്ത മഴയും പിന്നാലെയുണ്ടായ രണ്ട് ഉരുള്‍പൊട്ടലും നൂറ് കണക്കിന് ജീവനുകളാണ് കവര്‍ന്നത്.  62 കുടുംബങ്ങൾ ഒരാള്‍ പോലുമില്ലാതെ പൂർണമായും ഇല്ലാതായി. പ്രകൃതി സുന്ദരമായ ഒരു നാട് ഒറ്റ രാത്രി ഇരുട്ടി വെളുത്തപ്പോൾ മരണത്തിന്‍റെ താഴ്വരയായി മാറുന്നതാണ് കേരളം കഴിഞ്ഞ മാസം ഇതേ ദിവസം കണ്ടത്. പ്രാണൻ കയ്യിലെടുത്ത് ഓടിപോയ പലരും ഒറ്റപ്പെട്ടു. ചെളിയിൽ കുതിർന്ന് ജീവനുവേണ്ടി കരയുന്ന മനുഷ്യരുടെ ഉള്ളുലയക്കുന്ന കാഴ്ചയായിരുന്നു പുലർന്നപ്പോള്‍ ഈ നാട് സാക്ഷ്യം വഹിച്ചത്.

രണ്ട് ദിവസത്തിന് ശേഷം ദുരന്തത്തിന്‍റെ വ്യാപ്തിയെത്രയെന്ന് പോലും തിരിച്ചറിഞ്ഞത്. ചെളിയിലാണ്ടുപോയ മുണ്ടക്കൈയിലും പുഞ്ചിരിമട്ടത്തും ജീവൻ പണയം വെച്ച് മനുഷ്യർ  രക്ഷാപ്രവർത്തനം നടത്തി. ചാലിയാർപ്പുഴയിലൂടെ കുത്തിയൊലിച്ച് പോയ നിരവധി മൃതദേഹങ്ങള്‍ മലപ്പുറം നിലമ്പൂരിൽ നിന്നാണ് കണ്ടെത്തിയത്. 71 പേർക്ക് പരിക്കേറ്റു. 183 വീടുകള്‍ ഇല്ലാതായി 145 വീടുകള്‍ പൂർണമായും തകർന്നു.  

കേരളം ഇന്നേ വരേ കണ്ടിട്ടാല്ലാത്ത രീതിയിലുള്ള കൂട്ട സംസ്കാരവും ദുരത്തിനൊടുവിൽ കാണേണ്ടി വന്നു. ദുരിതക്കയത്തിലായ നാടിനെ  ചേർത്ത് പിടിക്കാൻ നിരവധി കരങ്ങളുണ്ടായിരുന്നു. സഹായം എല്ലായിടത്ത് നിന്നും എത്തി. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഏകോപനം നടന്നു.  പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവും  സന്ദർശനം നടത്തി. ദുരന്തത്തിലകപ്പെട്ട മനുഷ്യർ ഇന്ന് താൽക്കാലിക പുനരധിവാസ കേന്ദ്രങ്ങളിലാണ്. കൈവിട്ട് പോയ ജീവിതം തിരികെ പിടിക്കാനുള്ള കൈത്താങ്ങാണ് ഇനി അവർക്ക് ആവശ്യം.

നിർണായക തീരുമാനം ഇന്നുണ്ടാകുമോ? മുകേഷിന്‍റെ രാജിക്കായി സമ്മർദമേറുന്നു, സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന്

 

Latest Videos
Follow Us:
Download App:
  • android
  • ios