വീട്ടുമുറ്റത്ത് നിന്ന് അനക്കം കേട്ട് പുറത്ത് ഇറങ്ങിയപ്പോൾ ആന ആക്രമിക്കുകയായിരുന്നു. (വാര്‍ത്തയിൽ ഉപയോഗിച്ചത് ഫയൽ ചിത്രം)
പത്തനംതിട്ട : സംസ്ഥാനത്ത് കാട്ടാന ആക്രമണത്തിൽ ഒരു ജീവൻ കൂടി പൊലിഞ്ഞു. പത്തനംതിട്ട തുലാപ്പള്ളി സ്വദേശിയായ കർഷകൻ വട്ടപ്പാറ സ്വദേശി ബിജു മാത്യുവാണ് കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത്. മുറ്റത്ത് നിന്ന് ശബ്ദം കേട്ട് പുറത്ത് ഇറങ്ങിയ ബിജുവിനെ ആന ആക്രമിക്കുകയായിരുന്നു. പറമ്പിലെ കൃഷി നശിപ്പിക്കുന്നത് ശ്രദ്ധയിൽപ്പെട്ടപ്പോൾ, കാട്ടാനയെ തുരത്താൻ ശ്രമിച്ചു. ഇതിനിടെയാണ് കൊല്ലപ്പെട്ടത്. ഇന്ന് പുലര്‍ച്ചെയാണ് സംഭവമുണ്ടായത്. കര്‍ഷകനും ഓട്ടോറിക്ഷാ തൊഴിലാളിയുമാണ് മരിച്ച ബിജു.
ആന ഇറങ്ങിയിട്ടുണ്ടെന്ന് അറിഞ്ഞിരുന്നുവെന്നും കൃഷിനശിപ്പിക്കുന്ന ശബ്ദം കേട്ട് ബിജു പുറത്തേക്ക് പോയപ്പോഴാണ് ആക്രമണമുണ്ടായതെന്നും ഭാര്യ ഡെയ്സി പറയുന്നു. വഴിയിലേക്ക് ഇറങ്ങിയപ്പോൾ ആന ചീറി വന്നു. മറുവശത്ത് കാടായതിനാൽ ബിജുവിന് രക്ഷപ്പെടാനായില്ല. ആന രണ്ട് തവണ ബിജുവിനെ നിലത്തടിച്ചുവെന്നും ഡെയ്സി പറഞ്ഞു.
സംഭവത്തിൽ പ്രതിഷേധിച്ചു നാട്ടുകാർ കണമല വനം വകുപ്പ് ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിൽ സംഘർഷമുണ്ടായി. സ്ഥാനാർഥികളായ ആന്റോ ആന്റണി, അനിൽ ആന്റണി, മാർത്തോമാ സഭ റാന്നി - നിലയ്ക്കൽ ഭദ്രാസനാധിപൻ എന്നിവർ പ്രതിഷേധത്തിൽ പങ്കെടുത്തു.

