തൊട്ടിൽപ്പാലം പെരിങ്ങത്തൂരിൽ ബസ് കണ്ടക്ടറെ മർദ്ദിച്ച കേസിൽ ഒരാൾ കൂടി പിടിയിലായി.

കോഴിക്കോട്: തൊട്ടില്‍പ്പാലം പെരിങ്ങത്തൂരില്‍ ഓടിക്കൊണ്ടിരുന്ന ബസ്സില്‍ വച്ച് കണ്ടക്ടറെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ ഒരാള്‍ കൂടി പിടിയില്‍. അക്രമിസംഘത്തില്‍ ഉള്‍പ്പെട്ട നടുവണ്ണൂര്‍ പാറയുള്ളപറമ്പത്ത് വിനീഷ്(37) ആണ് പിടിയിലായത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം രണ്ടായി. നാദാപുരം വാണിമേല്‍ കൊടിയൂറ സ്വദേശി കെപി സൂരജി(30)നെ കഴിഞ്ഞ ദിവസം പൊലീസ് പിടികൂടിയിരുന്നു.

വിദ്യാര്‍ത്ഥിനിയെ പാസില്ലെന്ന പേരില്‍ ബസില്‍ നിന്നും ഇറക്കിവിട്ടു എന്നാരോപിച്ചായിരുന്നു കഴിഞ്ഞ ദിവസം കണ്ടക്ടറായ വിഷ്ണുവിനെതിരേ ആക്രമണമുണ്ടായത്. ബസ്സില്‍ കയറിയ ഏഴംഗ സംഘമാണ് വിഷ്ണുവിനെ മര്‍ദ്ദിച്ചത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ വലിയ പ്രതിഷേധം ഉയര്‍ന്നു. കണ്ടക്ടറുടെ പരാതിയില്‍ ചൊക്ലി പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുന്നത്. സംഭവത്തില്‍ ഇനിയും അറസ്റ്റ് തുടരുമെന്നാണ് ലഭിക്കുന്ന വിവരം.