സമൂഹമാധ്യമങ്ങളിൽ നിന്നും ലഭിക്കുന്ന വ്യാജ ലിങ്കുകളും തട്ടിപ്പിന് വേണ്ടി ഉപയോഗിക്കുന്നുണ്ടെന്നും പൊലീസ് അറിയിച്ചു

തിരുവനന്തപുരം: എസ്ബിഐ യോനോ മൊബൈൽ ആപ്ലിക്കേഷന്‍റെ പേരിൽ സന്ദേശം അയച്ചുകൊണ്ട് ഓണ്‍ലൈൻ തട്ടിപ്പ് നടത്തുന്നതിൽ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് കേരള പൊലീസ്. അത്തരത്തിലുള്ള സന്ദേശം വന്നാൽ അവഗണിക്കണമെന്നും തട്ടിപ്പിനിരയാകരുതെന്നുമാണ് നിര്‍ദേശം. യോനോ ആപ്പ് ഉടൻ തന്നെ പ്രവര്‍ത്തനരഹിതമാകുമെന്നും ആപ്പ് അപ്ഡേറ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് സ്വകാര്യ നമ്പറിൽ നിന്ന് സന്ദേശം ലഭിക്കുന്നുണ്ടെങ്കിൽ ശ്രദ്ധിക്കണമെന്ന് കേരള പൊലീസ് സൈബര്‍ വിഭാഗം അറിയിച്ചു.

കേരള പൊലീസിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ രൂപം:

നിങ്ങളുടെ YONO ആപ്പ് ഉടൻതന്നെ പ്രവർത്തനരഹിതമാകുമെന്നും ആപ്പ് അപ്ഡേറ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് കൊണ്ടുള്ള സ്വകാര്യ നമ്പറിൽ നിന്ന് സന്ദേശം ലഭിക്കുന്നുണ്ടെങ്കിൽ ശ്രദ്ധിക്കുക. ഇതൊരു തട്ടിപ്പിന്‍റെ തുടക്കമാണ്, ഇത്തരത്തിൽ KYC update, YONO Updation, Reward redeem എന്നീ തരത്തിലുള്ള ലിങ്കുകളും തട്ടിപ്പുക്കാർ അയക്കാറുണ്ട്. 

കൂടാതെ ഇതുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ നിന്നും ലഭിക്കുന്ന വ്യാജ ലിങ്കുകളും തട്ടിപ്പിന് വേണ്ടി ഉപയോഗിക്കുന്നു. തുടർന്ന് ഫോൺ മുഖാന്തിരം ബന്ധപ്പെടുകയും Whatsapp ലൂടെ നിർദ്ദേശങ്ങൾ നൽകി YONO_SBI.APK എന്ന ആപ്പ് ഇൻസ്റ്റാൾ ചെയ്യാനും ആവശ്യപ്പെടുന്നു. 

ഇത് ഇൻസ്റ്റാൾ ചെയ്യുന്നതോടുകൂടി ശരിയയായ SBI YONO ആപ്പിന് സമാനമായ വെബ്പേജ് പ്രത്യക്ഷപ്പെടുകയും User name, Password എന്നിവ നൽകാനുള്ള കോളങ്ങൾ ദൃശ്യമാവുകയും ചെയ്യുന്നു. SBI യുടെ YONO ആപ്പ് ആണെന്ന ധാരണയിൽ തന്‍റെ ഇന്‍റര്‍നെറ്റ് ബാങ്കിംഗ് വിവരങ്ങൾ ഇതിൽ നൽകുന്നതോടുകൂടി തട്ടിപ്പിന് തുടക്കമാകുന്നു.

ഇതേസമയം, തന്നെ നൽകുന്ന ബാങ്ക് ലോഗിൻ വിവരങ്ങൾ തട്ടിപ്പുക്കാർക്ക് ലഭിക്കുകയും അത് ഉപയോഗിച്ച് തട്ടിപ്പുകർ ബാങ്കിന്‍റെ യഥാർഥ വെബ്സൈറ്റിൽ ലോഗിൻ ചെയ്യുകയും ചെയ്യുന്നു. തുടർന്ന് ഒ.റ്റി.പി നമ്പർ ലഭിക്കുന്നതിനായി കൃത്രിമമായി നിർമ്മിച്ച സൈറ്റിൽ ഒ.റ്റി.പി നൽകാനായി പുതിയ പേജ് പ്രത്യക്ഷപ്പെടുന്നു. 

ഒ.റ്റി.പി നൽകുന്നതോടെ തട്ടിപ്പുക്കാർക്ക് ഇന്‍റർനെറ്റ്‌ ബാങ്കിംഗ് നടത്തുന്നതിനുള്ള പൂർണ്ണ അനുമതി ലഭിക്കുകയും അക്കൗണ്ടിലെ തുക പൂർണ്ണമായും പിൻവലിക്കപ്പെടുകയും ചെയ്യുന്നു.ഓൺലൈൻ സാമ്പത്തിക കുറ്റകൃത്യങ്ങൾ ശ്രദ്ധയിൽപ്പെടുകയോ ഇരയാവുകയോ ചെയ്‌താൽ ഉടൻ തന്നെ 1930 എന്ന സൗജന്യനമ്പറിൽ ബന്ധപ്പെട്ടോ, https://cybercrime.gov.in എന്ന വെബ്‌സൈറ്റ് മുഖേനയോ പരാതികൾ രജിസ്റ്റർ ചെയ്യാവുന്നതാണ്.