Asianet News MalayalamAsianet News Malayalam

യുഎപിഎ കേസ്: എൻഐഎയുടെ വാ‍ർത്താക്കുറിപ്പിൽ പൊരുത്തക്കേടുകളെന്ന് കസ്റ്റഡിയിലായ അഭിലാഷ്

കോഴിക്കോട്ട് നിന്ന് കസ്റ്റഡിയിലെടുത്ത മൂന്ന് യുവാക്കളിൽ രണ്ട് പേർ രണ്ട് സിപിഐ മാവോയിസ്റ്റ് സംഘടനയിലെ കണ്ണികളെന്ന് ഇന്നലെയാണ് എൻഐഎ വാർത്താക്കുറിപ്പിലൂടെ അറിയിച്ചത്

online media person abhilash against nia
Author
Kozhikode, First Published May 2, 2020, 10:18 AM IST

കോഴിക്കോട്: എൻഐഎയുടെ വാർത്താകുറിപ്പ് പൊരുത്തക്കേടുകൾ നിറഞ്ഞതെന്ന് പന്തീരങ്കാവ് കേസിൽ എൻഐഎ കസ്റ്റഡിയിലെടുത്ത അഭിലാഷ്. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യല്ലിന് ശേഷം തന്നെ വിട്ടയച്ചതിനു പിന്നാലെയാണ് തനിക്ക് മാവോയിസ്റ്റ് ഗ്രൂപ്പുകളുമായി ബന്ധമുണ്ടെന്ന് എൻഐഎ വാർത്താക്കുറിപ്പിലൂടെ പ്രസ്താവന ഇറക്കിയത്. പന്തീരങ്കാവ് കേസിൽ തെളിവില്ലാതെ പ്രതിരോധത്തിലായ എൻഐഎ കൃത്രിമമായി  തെളിവുണ്ടാക്കാനാണ് ശ്രമിക്കുന്നതെന്നും അഭിലാഷ് കുറ്റപ്പെടുത്തുന്നു. 

കോഴിക്കോട്ട് നിന്ന് കസ്റ്റഡിയിലെടുത്ത മൂന്ന് യുവാക്കളിൽ രണ്ട് പേർ രണ്ട് സിപിഐ മാവോയിസ്റ്റ് സംഘടനയിലെ കണ്ണികളെന്ന് ഇന്നലെയാണ് എൻഐഎ വാർത്താക്കുറിപ്പിലൂടെ അറിയിച്ചത്. വയനാട് സ്വദേശി വിജിതും കണ്ണൂർ സ്വദേശി അഭിലാഷുമാണ് പന്തീരങ്കാവ് യുഎപിഎ കേസിൽ അറസ്റ്റിൽ അലനെയും താഹയെയും സിപിഐ മാവോയിസ്റ്റുമായി ബന്ധപ്പെടുത്തിയതെന്നും എൻഐഎ വാർത്താകുറിപ്പിൽ പറയുന്നു. 

ഓൺലൈൻ മാധ്യമപ്രവ‍ർത്തകനാണ് എൻഐഎ പിടിയിലായ അഭിലാഷ്. അഭിലാഷിൻ്റേയും വിജിത്തിൻ്റേയും മാവോയിസ്റ്റ് ബന്ധത്തിന് തെളിവായി നിരവധി രേഖകൾ കിട്ടിയെന്നും എൻഐഎ വാ‍ർത്താക്കുറിപ്പിൽ അറിയിക്കുന്നുണ്ട്. എന്നാൽ ഇവർക്കൊപ്പം കസ്റ്റഡിയിലെടുത്ത വയനാട് സ്വദേശി എൽദോയെക്കുറിച്ച് വാർത്താക്കുറിപ്പിൽ പരാമർശമില്ല. അതേസമയം 12 മണിക്കൂറിലേറെ നീണ്ട ചോദ്യം ചെയ്യലിന് ശേഷം രാത്രി ഒമ്പത് മണിയോടെ അഭിലാഷിനെ എഐഎ സംഘം വിട്ടയച്ചത്. നാളെ ഹാജരാകണമെന്ന വ്യവസ്ഥയോടെയാണ് വിട്ടയച്ചതെന്ന് അഭിലാഷ് പറഞ്ഞു.

Follow Us:
Download App:
  • android
  • ios