കോഴിക്കോട്: ടി പി ചന്ദ്രശേഖരൻ അനുസ്മരണ സമ്മേളനത്തിൽ നിന്ന് കാനം രാജേന്ദ്രനടക്കമുള്ള നേതാക്കൾ വിട്ട് നിന്ന്ത് ശരിയായില്ലെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. രാഷ്ട്രീയത്തിൽ വിശാലമായ സമീപനമാണ് വേണ്ടതെന്ന് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ ഉമ്മൻ ചാണ്ടി അഭിപ്രായപ്പെട്ടു.

അധികാരത്തിൽ എത്തിയിട്ടും കിട്ടിയിട്ടും മാർക്സിസ്റ്റ് പാർട്ടിയുടെ ആക്രമ രാഷ്ട്രീയത്തിന് മാറ്റം വന്നിട്ടില്ലെന്ന് പറഞ്ഞ ഉമ്മൻ ചാണ്ടി
കോടികൾ ചെലവിട്ടാണ് പ്രതികൾക്ക് നിയമ സഹായം നൽകുന്നതെന്നും സിബിഐ അന്വേഷണത്തെ സിപിഎം ഭയപ്പെടുകയാണെന്നും ആരോപിച്ചു. 

ടിപി അനുസ്മരണ സമ്മേളനത്തിന്റെ ഉദ്ഘാടനത്തിൽ നിന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ വിട്ടുനിന്നതിനെതിരെ കടുത്ത വിമര്‍ശനമാണ് ആര്‍എംപിഐ സംസ്ഥാന സെക്രട്ടറി എൻ വേണുവും നേരത്തെ ഉന്നയിച്ചത്. സിപിഎം വിലക്കിയതുകൊണ്ടാണ് എംപി വീരേന്ദ്രകുമാറും, കാനം രാജേന്ദ്രനുമെല്ലാം ചടങ്ങിൽ നിന്ന് വിട്ടുനിന്നതെന്നും എൻ വേണു ആരോപിച്ചിരുന്നു. 

കാനം പിൻമാറിയ സാഹചര്യത്തിലാണ് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ടിപി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തത്. ചടങ്ങിൽ സി പി എം, ബിജെപി ഒഴികെയുള്ള രാഷ്ട്രിയ പാർട്ടി നേതാക്കളെ ക്ഷണിച്ചിരുന്നു. ആർഎംപിഐ അഘിലേന്ത്യാ ജനറൽ സെക്രട്ടറി മാംഗത് റാം പസ്ളയാണ് ടി പി  സ്മാരക മന്ദിരത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്. ലൈബ്രറിയും കരിയർ ഗൈഡൻസ് സെന്ററും ഓഡിറ്റോറിയവും അടങ്ങുന്നതാണ് മൂന്ന് നില കെട്ടിടം.

2012 മെയ് നാലിനായിരുന്നു ടി പി ചന്ദ്രശേഖരൻ കൊല്ലപ്പെട്ടത്. സിപിഎം നേതാക്കളടക്കമുള്ള പ്രതികൾ കേസിൽ ശിക്ഷ അനുഭവിക്കുകയാണ്.