'ഓപ്പറേഷൻ തൂഫാൻ നാർക്കോ ഹണ്ടി'ന്റെ ഭാഗമായി കൊച്ചിയിൽ നടന്ന പോലീസ് റെയ്ഡിൽ രണ്ട് യുവതികൾ ഉൾപ്പെടെ നാല് പേർ അറസ്റ്റിലായി. വെണ്ണലയിലെ ഒരു വീട്ടിൽ നിന്നാണ് 4.48 ഗ്രാം എംഡിഎംഎ-യുമായി ഇവരെ പിടികൂടിയത്. കൊച്ചി സിറ്റി പോലീസ് കമ്മീഷണറുടെ നിർദ്ദേശപ്രകാരം ഡാൻസാഫ് ടീമാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.
കൊച്ചി: ലഹരിമരുന്ന് സംഘങ്ങൾക്കെതിരെ സംസ്ഥാനത്ത് നടക്കുന്ന 'ഓപ്പറേഷൻ തൂഫാൻ നാർക്കോ ഹണ്ടി'ന്റെ ഭാഗമായി നാല് പേർ കൂടി പിടിയിൽ. കൊച്ചി സിറ്റി പൊലീസ് നടത്തിയ പരിശോധനയിലാണ് രണ്ട് യുവതികൾ ഉൾപ്പെടെ നാലുപേർ രാസലഹരിയുമായി പിടിയിലായത്. വെണ്ണല പുനത്തി റോഡിലുള്ള ഒരു വീട്ടിൽ നിന്നാണ് 4.48 ഗ്രാം എംഡിഎംഎ-യുമായി ഇവരെ കൊച്ചി സിറ്റി പോലീസ് കസ്റ്റഡിയിലെടുത്തത്.
മരട് തോമസ്‌പുരം കൊല്ലംപറമ്പ് വീട്ടിൽ റിജോയ് ബെക്സൺ ഫ്രാൻസിസ് (23), പുത്തൻകുരിശ് വടവുകോട് എമ്പ്രംമഠത്തിൽ വീട്ടിൽ ബിനു മോഹനൻ (32), പനങ്ങാട് മാടവന തിട്ടയിൽ വീട്ടിൽ സാന്ദ്രാഞ്ജലി (24), ആലപ്പുഴ ഹരിപ്പാട് ചക്കാലകിഴക്കേതിൽ വീട്ടിൽ പാർവ്വതി.വി (25) എന്നിവരാണ് അറസ്റ്റിലായത്.
കൊച്ചി സിറ്റി പോലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാറിന്റെ നിർദ്ദേശപ്രകാരമായിരുന്നു പരിശോധന. പ്രതികളെ കുറിച്ച് പൊലീസിന് നേരത്തെ രഹസ്യവിവരം ലഭിച്ചിരുന്നു. ഡിസിപിമാരായ അശ്വതി ജിജി, അരുൺ കെ. പവിത്രൻ എന്നിവരുടെ മേൽനോട്ടത്തിൽ നാർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മീഷണർ ടിഡി സുനിൽകുമാറിന്റെ നേതൃത്വത്തിലുള്ള കൊച്ചി സിറ്റി ഡാൻസാഫ് ടീമാണ് പ്രതികളെ പിടികൂടിയത്.


