Asianet News MalayalamAsianet News Malayalam

ഓപ്പറേഷൻ ട്രൂ ഹൗസ്; കെട്ടിട നമ്പർ തട്ടിപ്പിൽ സംസ്ഥാനമെമ്പാടും വിജിലന്‍സ് മിന്നല്‍ പരിശോധന

നഗരസഭകളിലും നഗരസഭാ സോണല്‍ ഓഫീസുകളിലുമാണ് പരിശോധന നടക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ ഐക്യം തയ്യാറാക്കിയ ഒരു സോഫ്റ്റ്വെയറിന്‍റെ സഹായത്തോടെയാണ് കെട്ടിടനമ്പര്‍ ക്രമക്കേടുമായി ബന്ധപ്പെട്ടുള്ള നടപടികള്‍ നടക്കുന്നത്. കെട്ടിടനമ്പര്‍ സംബന്ധമായ അനുമതിയെല്ലാം നല്‍കുന്നത് ഇത് ഉപയോഗിച്ചാണ്. 
 

operation true house vigilance lightning check across the state in building number fraud
Author
Thiruvananthapuram, First Published Jul 22, 2022, 11:53 AM IST

തിരുവനന്തപുരം: കെട്ടിട നമ്പർ തട്ടിപ്പിൽ സംസ്ഥാനത്തെ മുഴുവന്‍ നഗരസഭകളിലും വിജിലന്‍സിന്‍റെ മിന്നല്‍ പരിശോധന. ഓപ്പറേഷൻ ട്രൂ ഹൗസ് എന്ന പേരിലാണ് പരിശോധന. 

നഗരസഭകളിലും നഗരസഭാ സോണല്‍ ഓഫീസുകളിലുമാണ് പരിശോധന നടക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ ഐക്യം തയ്യാറാക്കിയ ഒരു സോഫ്റ്റ്വെയറിന്‍റെ സഹായത്തോടെയാണ് കെട്ടിടനമ്പര്‍ ക്രമക്കേടുമായി ബന്ധപ്പെട്ടുള്ള നടപടികള്‍ നടക്കുന്നത്. കെട്ടിടനമ്പര്‍ സംബന്ധമായ അനുമതിയെല്ലാം നല്‍കുന്നത് ഇത് ഉപയോഗിച്ചാണ്. 

വ്യാജ കെട്ടിടനമ്പര്‍ നല്‍കി തിരുവനന്തപുരം, കോഴിക്കോട് നഗരസഭകളില്‍ വന്‍ തട്ടിപ്പ് നടന്നതായുള്ള വിവരം പുറത്തു വന്നിരുന്നു. എന്നാല്‍, ചില താല്ക്കാലിക ജീവനക്കാരെ അറസ്റ്റ് ചെയ്തതൊഴിച്ചാല്‍ വിശദമായ അന്വേഷണത്തിലേക്ക് പൊലീസ് ഇതുവരെയും കടന്നിട്ടില്ല. തിരുവനന്തപുരത്ത് സൈബര്‍ പൊലീസാണ് ആദ്യം അന്വേഷണം നടത്തിയത്. ഈ അന്വേഷണത്തിലാണ് സോഫ്റ്റ്വെയര്‍ തകരാര്‍ മുതലാക്കി തട്ടിപ്പ് നടന്നതായി കണ്ടെത്തിയത്. ഇത് സംസ്ഥാന വ്യാപകമായി ഉപയോഗിക്കുന്ന സോഫ്റ്റ്വെയറാണ്. അതുകൊണ്ടു തന്നെ എല്ലാ നഗരസഭകളിലും തട്ടിപ്പ് നടന്നിരിക്കാനുള്ള സാധ്യത മുന്നില്‍ക്കാണുന്നുണ്ട്. അതിന്‍റെ കൂടെ അടിസ്ഥാനത്തിലാണ് വിജിലന്‍സിന്‍റെ മിന്നല്‍ പരിശോധന. 

കോഴിക്കോട് കോര്‍പ്പറേഷനിലെ കെട്ടിട നമ്പര്‍ ക്രമക്കേടില്‍ സിപിഎം ജില്ലാ നേതൃത്വത്തിന് പങ്കുണ്ടെന്ന് ബിജെപി നേതാവ് പി കെ കൃഷ്ണദാസ് ആരോപിച്ചിരുന്നു. പരല്‍മീനുകള്‍ മാത്രമാണ് പിടിക്കപ്പെട്ടത്. വമ്പന്‍ സ്രാവുകള്‍ വേറെയുണ്ട്. തെളിവ് നശിപ്പിച്ച് കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചതിന്‍റെ ഭാഗമായാണ് ചെറുവണ്ണൂരിലെ കോര്‍പ്പറേഷന്‍ ഓഫീസിലുണ്ടായ തീപിടിത്തമെന്നും അദ്ദേഹം പറഞ്ഞു. കെട്ടിട നമ്പര്‍ ക്രമക്കേടില്‍ വിജിലന്‍സ് അന്വേഷണമാവശ്യപ്പെട്ട് ബിജെപി  സപ്തദിന സത്യാഗ്രഹ സമരവും നടത്തുകയാണ്. 

Read Also: കോഴിക്കോട് കോര്‍പറേഷന്‍ കെട്ടിട നമ്പര്‍ ക്രമക്കേട്: 5 പുതിയ കേസുകള്‍ ,ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയേക്കും

അതേസമയം, മൂന്ന് ദിവസം മുമ്പ് തിരുവനന്തപുരം കോർപ്പറേഷനിൽ സാമ്പത്തിക ക്രമക്കേടും  കണ്ടെത്തിയിരുന്നു. പിന്നോക്ക വിഭാഗത്തിലെ സ്ത്രീകൾക്കായുള്ള ജനകീയാസൂത്രണ പദ്ധതി സ്കീമുകളിലാണ് ലക്ഷങ്ങളുടെ തട്ടിപ്പ് നടന്നത്. വ്യാജ കമ്യൂണിറ്റി സർട്ടിഫിക്കറ്റുകൾ നൽകിയാണ് പട്ടിക വർഗവിഭാഗങ്ങൾക്കായുള്ള ഫണ്ട് തട്ടിയെടുത്തത്. 

തദ്ദേശ സ്ഥാപനങ്ങളിലെ പട്ടിക വർഗവിഭാഗങ്ങളിൽ പെട്ട സ്ത്രീകൾക്ക് ചെറുകിട ഇടത്തരം സംരംഭങ്ങൾ തുടങ്ങാൻ ജനകീയാസൂത്രണ പദ്ധതിയിൽ  ഉൾപ്പെടുത്തി വ്യവസായ വകുപ്പ് നൽകുന്ന പണമാണ് തിരിമറി നടത്തി ഒരു സംഘം തട്ടിയെടുത്തത്.  നഗരസഭയുടെ ആഭ്യന്തര അന്വേഷണത്തിലാണ് കോടികളുടെ ക്രമക്കേട് കണ്ടെത്തിയതത്. 

5 പേരടങ്ങുന്ന ഒരു ഗ്രൂപ്പിന് 3 ലക്ഷം രൂപ നൽകുന്ന പദ്ധതിയിലാണ് തരിമറി നടന്നത്. ഇത്തരത്തിൽ രൂപീകരിച്ച 33 ഗ്രൂപ്പുകളുടേയും പണം എത്തിയത് ഒറ്റ അക്കൗണ്ടിലേക്കാണ്. പല ഗ്രൂപ്പുകളിലും ഉള്ളത് ഒരേ അംഗങ്ങൾ. ഒരാളുടെ പേരിൽ മാത്രം അഞ്ചിൽ അധികം ഗ്രൂപ്പുകൾ.  ഇങ്ങനെ രണ്ട് വർഷംകൊണ്ട് 1 കോടി 26 ലക്ഷം രൂപ എത്തിയത് യുഡിഎഫ് നിയന്ത്രണത്തിലുള്ള പട്ടം സഹകരണ ബാങ്കിലെ അക്കൗണ്ടിലേക്കാണ്. ഇത്രയും പണം ഒരു അക്കൗണ്ടിലേക്ക് എത്തിയപ്പോൾ ബാങ്കും ജാഗ്രത കാട്ടിയില്ല. 

വാർത്താ സമ്മേളനത്തിൽ 2.26 കോടിയുടെ വെട്ടിപ്പ് എന്നായിരുന്നു മേയർ പറഞ്ഞത്. പിന്നീട് വാട്സാപ്പ് സന്ദേശത്തിലുടെ കണക്ക് ഒരു കോടി 26 ലക്ഷമെന്ന തിരുത്ത് അറിയിച്ചു. 2019-20 കാലത്തെ സ്പിൽ ഓവർ പദ്ധതിയിലെ 15 ലക്ഷം രൂപയും 2020-21 കാലത്ത് 99 ലക്ഷവും ക്യൂബില്ലായി 12 ലക്ഷവുമാണ് തിരിമറി നടത്തിയത് എന്നാണ് വിശദീകരണം.   തിരിമറിയിൽ കൂടുതൽ നടപടികളിലേക്ക് കടക്കും മുമ്പ് പദ്ധതിയിൽ അംഗങ്ങളായ 165 പേരെ വിളിച്ചു വരുത്തി വിശദീകരണം തേടും. പദ്ധതിയുടെ ചുമതലയുണ്ടായിരുന്ന കോർപ്പറേഷനിൽ നിന്ന് സ്ഥലം മാറിപ്പോയ ഒരു ഉദ്യോഗസ്ഥനിൽ നിന്നും വിവരങ്ങൾ ശേഖരിക്കും. കെട്ടിട നമ്പർ തട്ടിപ്പിന് പിന്നാലെ കണ്ടെത്തിയ ഈ സംഘടിത തട്ടിപ്പ് തലസ്ഥാന നഗരസഭയ്ക്ക് നാണക്കേടാവുകയാണ്. 

Read Also: തിരുവനന്തപുരം കെട്ടിട നമ്പര്‍ തട്ടിപ്പ്;സഞ്ചയ സോഫ്റ്റ് വെയറിലെ പിഴവ് മുതലാക്കി,ഡിജിറ്റൽ സിഗ്നേച്ചറിലും തിരിമറി

Follow Us:
Download App:
  • android
  • ios