ലൈംഗിക പീഡന കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ അറസ്റ്റിലായ സംഭവത്തിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പരാതിക്ക് മുൻപേ രാഹുലിനെ സസ്പെൻഡ് ചെയ്യുകയും പിന്നീട് പുറത്താക്കുകയും ചെയ്തെന്നും നിയമം അതിൻ്റെ വഴിക്ക് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി
കൊച്ചി: ലൈംഗിക പീഡന കേസിൽ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ അറസ്റ്റിലായ സംഭവത്തിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. രാഹുലിനെ കോൺഗ്രസ് നേതൃത്വം പരോക്ഷമായി പിന്തുണക്കുന്നുവെന്ന മന്ത്രി പി രാജീവിൻ്റെ വിമർശനത്തോടായിരുന്നു പ്രതികരണം. കോൺഗ്രസ് എടുത്ത പോലെ നടപടി ആരും എടുത്തില്ലെന്നും ചെയ്യാനുള്ളതെല്ലാം പാർട്ടി ചെയ്തുകഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരണം തേടിയപ്പോൾ അറസ്റ്റിൽ താനെന്താണ് പറയേണ്ടതെന്നായിരുന്നു പ്രതിപക്ഷ നേതാവ് മാധ്യമപ്രവർത്തകരോട് പറഞ്ഞത്. മന്ത്രി പി രാജീവ് ഉന്നയിച്ച വിമർശനത്തെ കുറിച്ച് ചോദിച്ചപ്പോഴാണ് അദ്ദേഹം രാഹുലിനെതിരെ കോൺഗ്രസ് നേതൃത്വം സ്വീകരിച്ച നടപടികൾ അദ്ദേഹം ഒന്നുകൂടി വിശദീകരിച്ചു. പരാതി കിട്ടും മുൻപ് രാഹുൽ മാങ്കൂട്ടത്തിലിനെ സസ്പെൻ്റ് ചെയ്തെന്നും പരാതി കിട്ടിയപ്പോൾ പുറത്താക്കിയെന്നും അദ്ദേഹം ഓർമിപ്പിച്ചു. എംഎൽഎ സ്ഥാനം രാജിവെക്കാൻ ആവശ്യപ്പെടാൻ കോൺഗ്രസിന് അധികാരമില്ലെന്നും രാഹുൽ മാങ്കൂട്ടത്തിൽ പാർട്ടിക്ക് പുറത്താണ് നിൽക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. രാഹുൽ മാങ്കൂട്ടത്തിലിനെതിരായ കേസിൽ നിയമം നിയമത്തിൻ്റെ വഴിക്ക് പോകും. ഇതിൻ്റെ പേരിൽ വ്യക്തിപരമായി വേട്ടയാടപ്പെട്ടയാളാണ് താൻ. തൻ്റെ നിലപാട് എല്ലാവർക്കും അറിയാം. നിയമസഭയിൽ നിന്ന് അയോഗ്യനാക്കാൻ സ്പീക്കർ തീരുമാനിച്ചാൽ പാർട്ടി നേതൃത്വം അക്കാര്യത്തിൽ നിലപാട് പറയുമെന്നും വിഡി സതീശൻ വ്യക്തമാക്കി.


