സർക്കാരിന്‍റെ മദ്യനയത്തിൽ രൂക്ഷ വിമർശനവുമായി ഓർത്തഡോക്സ് സഭ. ആരോഗ്യത്തിന് ഹാനികരമായ വസ്തുവിനെ ലളിതവൽക്കരിക്കുന്നത് ഭൂഷണമല്ലെന്നും ഓർത്തഡോക്സ് സഭാധ്യക്ഷൻ വിമര്‍ശിച്ചു.
കോട്ടയം: മദ്യം ഓൺലൈനിൽ വിൽക്കാനുള്ള ബെവ്കോ നിർദേശത്തിനെതിരെ വിമർശനവുമായി ഓർത്തഡോക്സ് സഭ അധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ. എൽഡിഎഫ് സർക്കാരിന്റെ മദ്യവിരുദ്ധ പരസ്യങ്ങളെ കാതോലിക്കാ ബാവ പരിഹസിച്ചു. സർക്കാരിന്റെ മദ്യനയം ജലരേഖയായി മാറുകയാണ്. വിശപ്പിന് അരി വാങ്ങാൻ റേഷൻകടയിൽ പോയി വിരൽ പതിപ്പിക്കണം. എന്നാൽ, മദ്യം വീട്ടുപടിക്കൽ എത്തും. ആരോഗ്യത്തിന് ഹാനികരമായ വസ്തുവിനെ ലളിതവല്‍ക്കരിക്കുന്നത് ഭൂഷണം അല്ലേ എന്നാണ് കാതോലിക്കാ ബാവയുടെ ചോദ്യം. സിപിഐ തന്നേ സർക്കാരിന്റെ നയത്തെ എതിർക്കുന്നു. ഈ നയം തിരുത്താൻ സർക്കാർ തയ്യാറാകണമെന്ന് ഓർത്തഡോക്സ് സഭ അധ്യക്ഷൻ വാർത്താക്കുറിപ്പിൽ പറയുന്നു.
ഓർത്തഡോക്സ് സഭ അധ്യക്ഷന്റെ കുറിപ്പ് ഇങ്ങനെ....
'കേരളത്തെ മദ്യവിമുക്തമാക്കാൻ പ്രതിജ്ഞാബദ്ധരാണ് എൽ.ഡി.എഫ് സർക്കാർ', 'എൽ.ഡി.എഫ് വന്നാൽ മദ്യവർജ്ജനത്തിനായി ജനകീയ പ്രസ്ഥാനം ആരംഭിക്കും', 'ഞങ്ങൾ തുറക്കുന്നത് നിങ്ങൾ പൂട്ടിയ ബാറുകളല്ല സ്ക്കൂളുകളാണ്'. പരസ്യവാചകങ്ങൾക്ക് കേവലം വിപണി താൽപ്പര്യങ്ങൾ മാത്രമേയുള്ളൂ എന്നതിന് ഏറ്റവും മികച്ച ഉദാഹരണമാണ് മുകളിൽ ചൂണ്ടിക്കാട്ടിയിരിക്കുന്ന നയവാചകങ്ങൾ. ഒന്നാം പിണറായി സർക്കാർ അധികാരത്തിലേറുമ്പോൾ സംസ്ഥാനത്ത് കേവലം 29 ബാറുകൾ മാത്രമാണ് ഉണ്ടായിരുന്നതെങ്കിൽ ഇന്ന് അവയുടെ എണ്ണം ആയിരത്തോട് അടുക്കുന്നു.
മദ്യനയം എന്നത് ജലരേഖയായി മാറുന്നത് ദൈനംദിന വാർത്തകളിലൂടെ മലയാളി കണ്ടുകൊണ്ടിരിക്കുന്നു. വിശപ്പിന് അരിവാങ്ങാൻ റേഷൻകടയിൽ പോയി വിരൽ പതിക്കണം. അതേസമയം മദ്യം വീട്ടുപടിക്കൽ എത്തിച്ച് തരും. ജോലികഴിഞ്ഞ് മദ്യപിച്ചെത്തുന്ന ഗൃഹനാഥനെ പേടിച്ച് കഴിഞ്ഞിരുന്ന വീടുകളിൽ ഇനി മുതൽ മദ്യപർക്ക് രാവിലെ മുതൽ കുടിച്ച് കുടുംബം തകർക്കാം. ആരോഗ്യത്തിന് ഹാനീകരമായ ഒരു വസ്തുവിനെ ഇത്രയും ലളിതവൽക്കരിച്ച് വീടുകളിലേക്ക് ആനയിക്കാൻ സർക്കാർ കൂട്ടുനിൽക്കുന്നത് ഒട്ടും ഭൂഷണമല്ല. സർക്കാരിന്റെ മദ്യനയം വികലമാണെന്ന് പ്രധാനഘടക കക്ഷിയായ സി.പി.ഐ തന്നെ കുറ്റപ്പെടുത്തിക്കഴിഞ്ഞു. ഈ നയം കുടുംബാന്തരീക്ഷത്തെ അപകടത്തിലാക്കും. തിരുത്തണം...വീട്ടകങ്ങളിൽ ഭയന്നുകഴിയേണ്ടിവരുന്ന കുഞ്ഞുങ്ങളെയും,വീട്ടമ്മമാരെയും ഓർത്ത് തിരുത്തണം...



