കഴിഞ്ഞ പത്ത് വർഷത്തെ വികസന പ്രവർത്തനങ്ങളുടെ ഭാഗമായി ഇടതുമുന്നണി ഉയർത്തിക്കാട്ടുന്ന പ്രധാന പദ്ധതിയാണ് ലൈഫ് മിഷൻ. ഈ പദ്ധതിയിലൂടെ അഞ്ച് ലക്ഷത്തിലധികം വീടുകളുടെ നിർമാണം പൂർത്തിയാക്കിയെന്നും, ഭൂരഹിതർക്കായി ഭവന സമുച്ചയങ്ങൾ നിർമ്മിച്ചുവെന്നും സർക്കാർ അവകാശപ്പെടുന്നു. മുൻകാല ഭവന പദ്ധതികളെ ഏകോപിപ്പിച്ചാണ് ലൈഫ് മിഷൻ നടപ്പിലാക്കിയത്.
നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടുമ്പോള്‍, കഴിഞ്ഞ പത്തു വര്‍ഷത്തെ വികസന പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയാണ് ഇടതുമുന്നണി ആവശ്യപ്പെടുന്നത്. അതില്‍, ഇടതുപക്ഷം പ്രധാനമായി ഉയര്‍ത്തിക്കാണിക്കുന്ന ഒന്നാണ് ലൈഫ് മിഷന്‍ പദ്ധതി. കഴിഞ്ഞ രണ്ട് ടേമുകളിലായി ആറ് ലക്ഷത്തിലധികം കുടുംബങ്ങള്‍ക്ക് പദ്ധതിയിലൂടെ ധനസഹായം അനുവദിച്ചുവെന്നാണ് സര്‍ക്കാര്‍ കണക്ക്. 5 ലക്ഷത്തിലധികം വീടുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കിയെന്നും സര്‍ക്കാര്‍ പറയുന്നു.
20,831 കോടി രൂപ ചെലവ് വന്ന ലൈഫ് പദ്ധതിക്കായി കേരളം മുടക്കിയത് 18,342 കോടി രൂപയാണെന്ന് ഔദ്യോഗിക രേഖകളില്‍ പറയുന്നു. പദ്ധതിവിഹിതത്തിന്റെ 88 ശതമാനമാണിത്. ബാക്കി തുക പ്രധാന മന്ത്രി ആവാസ് യോജനയില്‍ നിന്നാണ് ഉപയോഗിച്ചത്. ഒന്നേകാല്‍ ലക്ഷം വീടുകള്‍ പട്ടിക വിഭാഗത്തില്‍ പെട്ടവര്‍ക്കും 46000 ത്തോളം വീടുകള്‍ പട്ടിക വര്‍ഗ വിഭാഗത്തില്‍ പെട്ടവര്‍ക്കുമാണ് കൈമാറിയത്. പ്രധാനമന്ത്രി ആവാസ് യോജന (ഗ്രാമീണ്‍) പദ്ധതിയില്‍ ഒരു വീടിന് 72,000 രൂപയും പ്രധാനമന്ത്രി ആവാസ് യോജന (നഗരം) പദ്ധതിയില്‍ ഒരുവീടിന് ഒന്നര ലക്ഷം രൂപയുമാണ് കേന്ദ്രവിഹിതമായി ലഭിക്കുന്നതെന്നും സര്‍ക്കാര്‍ പുറത്തു വിട്ട കണക്കുകളില്‍ പറയുന്നു.
ലൈഫ് പദ്ധതിയുടെ ഗുണഭോക്താക്കള്‍ക്ക് സംസ്ഥാനം നല്‍കുന്നത് ഒരു വീടിന് നാലു ലക്ഷം രൂപയാണ്. സങ്കേതങ്ങളിലും ദുര്‍ഘട മേഖലകളിലും വസിക്കുന്ന പട്ടിക വര്‍ഗക്കാര്‍ക്ക് ഒരു വീടിന് ആറു ലക്ഷം രൂപയാണ് സര്‍ക്കാര്‍ സഹായം. പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുള്ള ഭൂരഹിത- ഭവനരഹിതരെ പുനരധിവസിപ്പിക്കുന്നതിന് നാല് ഭവന സമുച്ചയങ്ങളാണ് സര്‍ക്കാര്‍ നിര്‍മിച്ചുനല്‍കിയതെന്നും ഒരു ഭവനസമുച്ചയം വിലയ്ക്ക് വാങ്ങിയും ഗുണഭോക്താക്കള്‍ക്ക് കൈമാറിയെന്നും സര്‍ക്കാര്‍ പറയുന്നു. 23 ഭവന സമുച്ചയങ്ങളുടെ നിര്‍മാണം പുരോഗമിക്കുകയാണെന്നും എല്‍ഡിഎഫ് കൂട്ടിച്ചേര്‍ക്കുന്നു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, സന്നദ്ധ സംഘടനകള്‍, പങ്കാളിത്ത- സ്‌പോണ്‍സര്‍ഷിപ്പ് പദ്ധതികള്‍ തുടങ്ങിയവയിലൂടെ 13 ഭവനസമുച്ചയങ്ങളും നിര്‍മിച്ച് അര്‍ഹരായവര്‍ക്ക് കൈമാറിയെന്നും ഇടതുപക്ഷം അവകാശപ്പെടുന്നു.
എം. എന്‍ ഗോവിന്ദന്‍നായര്‍ ഭവനനിര്‍മാണ വകുപ്പ് മന്ത്രിയായിരുന്ന കാലഘട്ടത്തില്‍ നടപ്പാക്കിയ ലക്ഷം വീട് പദ്ധതിയാണ് ഇതിന്റെ തുടക്കം. പിന്നീട് 2009-ല്‍ ഇടതുപക്ഷ സര്‍ക്കാര്‍ കൊണ്ടുവന്ന ഇ എം എസ് സമ്പൂര്‍ണ ഭവനപദ്ധതിയും ശ്രദ്ധേയമായി. എന്നാല്‍ 2016 -ല്‍ ഈ പദ്ധതികളെ പുനരാവിഷ്‌കരിക്കുകയും, പല വകുപ്പുകളിലും പല പദ്ധതികളിലുമായി ചിതറിക്കിടന്ന ഭവനനിര്‍മാണ പരിപാടികളെ ഒരു കുടക്കീഴിലേക്ക് ഏകോപിച്ചുമാണ് ലൈഫ് മിഷന്‍ പദ്ധതി വന്നത്. മൂന്നോ നാലോ അംഗങ്ങളുള്ള ഒരു കുടുംബത്തിന് താമസിക്കാന്‍ കഴിയും വിധം സൗകര്യങ്ങളുള്ള വീടുകളാണ് ലൈഫ് പദ്ധതിയില്‍ നിര്‍മിച്ചിട്ടുള്ളവയിലേറെയും.


