അൻവർ സ്ഥാനാർത്ഥികളെ സൗകര്യമുണ്ടെങ്കിൽ പിന്‍വലിച്ചാൽ മതിയെന്ന് സതീശൻ, വാതില്‍ അടഞ്ഞിട്ടില്ലെന്ന് സുധാകരൻ

പിവി അൻവറിന്‍റെ പാലക്കാട്ടെയും ചേലക്കരയിലെയും സ്ഥാനാര്‍ത്ഥികളുമായി ബന്ധപ്പെട്ട് പ്രതികരണവുമായി കോൺഗ്രസ് നേതാക്കൾ. വാതിലുകള്‍ അടഞ്ഞിട്ടില്ലെന്നും ചര്‍ച്ച നടക്കട്ടെയെന്നും കെ സുധാകരൻ. സൗകര്യമുണ്ടെങ്കിൽ പിന്‍വലിച്ചാൽ മതിയെന്നും ഉപാധി അംഗീകരിക്കില്ലെന്നും വിഡി സതീശൻ.

 Palakkad, Chelakkara by-elections 2024 Disagreement in Congress over the move to withdraw PV Anvar's candidates v d satheesan and k sudhakaran reacts

പാലക്കാട്: പിവി അൻവറിന്‍റെ പാലക്കാട്ടെയും ചേലക്കരയിലെയും സ്ഥാനാര്‍ത്ഥികളുമായി ബന്ധപ്പെട്ട് പ്രതികരണവുമായി കോൺഗ്രസ് നേതാക്കൾ. അൻവറിനായുള്ള വാതിൽ  അടഞ്ഞിട്ടില്ലെന്ന് പറഞ്ഞുകൊണ്ട് കെ സുധാകരൻ സ്ഥാനാര്‍ത്ഥികളെ പിന്‍വലിക്കാനുള്ള നീക്കത്തെ ന്യായീകരിച്ചപ്പോല്‍ രൂക്ഷമായ ഭാഷയിലാണ് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍റെ പ്രതികരണം. അൻവറിന് സൗകര്യമുണ്ടെങ്കിൽ സ്ഥാനാര്‍ത്ഥികളെ പിന്‍വലിച്ചാൽ മതിയെന്നും അൻവറിന്‍റെ ഒരു ഉപാധിയും അംഗീകരിക്കില്ലെന്നും ഇനി ഇതുമായി ബന്ധപ്പെട്ട് ചര്‍ച്ചയില്ലെന്നും വിഡി സതീശൻ തുറന്നടിച്ചു.

വര്‍ഗീയ ഫാഷിസ്റ്റ് ശക്തികള്‍ക്ക് എതിരായ പോരാട്ടത്തില്‍ യോജിക്കാന്‍ കഴിയുന്നവര്‍ യോജിച്ച് പ്രവര്‍ത്തിക്കുന്നത് നല്ലതാണെന്ന് കെ സുധാകരൻ പറഞ്ഞു. അന്‍വറിനോട് പ്രതിപക്ഷ നേതാവ് നേരിട്ട് സംസാരിച്ചു. അതിൽ അൻവറിന്‍റെ പ്രതികരണം നെഗറ്റീവുമായിരുന്നില്ല പോസിറ്റീവുമായിരുന്നില്ല. യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കാന്‍ രാഷ്ട്രീയ കാഴ്ചപ്പാട് വിനിയോഗിക്കണമെന്നാണ് അന്‍വറിനോട് പറയുന്നത്.

വര്‍ഗീയ ഫാഷിസത്തിനെതിരെ പോരാട്ടം നടത്തി സി.പി.എമ്മില്‍ നിന്നും പുറത്തു വന്ന അന്‍വറിന് ജനാധിപത്യ മതേതര ശക്തികള്‍ക്കൊപ്പം നില്‍ക്കാനെ സാധിക്കൂ. ജനാധിപത്യ മതേതര ശക്തികളുടെ സ്ഥാനാര്‍ത്ഥിയാണ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി. അത് ഉള്‍ക്കൊള്ളാന്‍ അന്‍വറിന് സാധിക്കണമെന്നും വാതിലുകള്‍ അടഞ്ഞിട്ടില്ലെന്നും ചര്‍ച്ചകള്‍ നടക്കട്ടെയെന്നും കെ സുധാകരൻ പറഞ്ഞു.


ഊതി വീര്‍പ്പിച്ച വാര്‍ത്തകളാണ് പുറത്തു വരുന്നതെന്നും അവര്‍ ഞങ്ങളെ ബന്ധപ്പെട്ടിരുന്നുവെന്നും വിഡി സതീശൻ പറഞ്ഞു. രണ്ടു സ്ഥലത്ത് സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിട്ട് നിങ്ങള്‍ എങ്ങനെയാണ് ഞങ്ങളുമായി ബന്ധപ്പെടുന്നതെന്ന് ചോദിച്ചു. സ്ഥാനാര്‍ത്ഥികളെ പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടു. അപ്പോള്‍ നിങ്ങള്‍ റിക്വസ്റ്റ് ചെയ്താല്‍ പിന്‍വലിക്കാമെന്നു പറഞ്ഞു. അങ്ങനെ ഞങ്ങള്‍ റിക്വസ്റ്റ് ചെയ്തു. അപ്പോഴാണ് ചേലക്കരയില്‍ രമ്യ ഹരിദാസിനെ പിന്‍വലിച്ച് അദ്ദേഹത്തിന്‍റെ സ്ഥാനാര്‍ത്ഥിയെ യു.ഡി.എഫ് പിന്തുണയ്ക്കണമെന്ന് അന്‍വര്‍ പറഞ്ഞത്.

ഇത്തരം തമാശയൊന്നും പറയരുത്. ഞങ്ങള്‍ക്കൊപ്പം നില്‍ക്കാമെന്ന നിലപാടുമായി വന്നാല്‍ അവര്‍ സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കേണ്ടേ? അല്ലാതെ യു.ഡി.എഫ് നേതൃത്വമോ കെ.പി.സി.സിയോ ഇതു സംബന്ധിച്ച് ഒരു ചര്‍ച്ചയും നടത്തിയിട്ടില്ല. കെ.പി.സി.സി യോഗത്തില്‍ ഈ പേരു പോലും പറഞ്ഞിട്ടില്ല. 

വര്‍ഗീയ ഫാസിസ്റ്റ് ശക്തികള്‍ക്കും പിണറായി സര്‍ക്കാരിന്റെ ദുര്‍ഭരണത്തിനും എതിരായ പോരാട്ടമാണ് നടക്കുന്നത്. പ്രതിപക്ഷം പറയുന്ന അതേ കാര്യങ്ങളാണ് അന്‍വറും പറയുന്നത്. അങ്ങനെ നിലപാട് എടുക്കുന്നവര്‍ എന്തിനാണ് സി.പി.എമ്മിനെ സഹായിക്കുന്നതിനു വേണ്ടി മത്സരിക്കുന്നത്. ഇനി സ്ഥാര്‍ത്ഥിയെ പിന്‍വലിച്ചാലും ഇല്ലെങ്കിലും ഒരു പ്രശ്‌നവുമില്ല. 

ഇല്ലാത്ത വാര്‍ത്തളാണ് വന്നു കൊണ്ടിരിക്കുന്നത്. മാധ്യമങ്ങള്‍ ഇല്ലാത്ത വാര്‍ത്തകള്‍ നല്‍കരുത്. സ്ഥാനാര്‍ത്ഥികളെ പിന്‍വലിച്ചാല്‍ നല്ല കാര്യം. ഇതൊന്നും തിരഞ്ഞെടുപ്പിനെ ബാധിക്കില്ല. രമ്യ ഹരിദാസിനെ മാറ്റണമെന്ന് അന്‍വര്‍ തമാശ പറയരുത്. ഈ വിഷയത്തില്‍ ഇനി ഒരു ചര്‍ച്ചയുമില്ല. അന്‍വര്‍ സി.പി.എമ്മില്‍ നിന്നും വന്ന ആളല്ലേ. അവരുടെ സ്ഥാനാര്‍ത്ഥികള്‍ ഞങ്ങളുടെ മൂന്ന് സ്ഥാനാര്‍ത്ഥികളുടെയും വിജയ സാധ്യതയെ ബാധിക്കില്ല.

ആര് മത്സരിച്ചാലും ഒരു കുഴപ്പവുമില്ല. ചേലക്കരയില്‍ സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കണമെന്ന കണ്ടീഷന്‍ വെച്ച് യു.ഡി.എഫിനെ പരിഹസിക്കുകയാണോ? ആര്‍ക്കും നേരെ വാതില്‍ അടച്ചിട്ടുമില്ല തുറന്നിട്ടുമില്ല. പാലക്കാട്ടെ സ്ഥാനാര്‍ത്ഥിയെക്കൊണ്ട് സി.പി.എം ഇനി അനുഭവിക്കാന്‍ പോകുന്നതേയുള്ളൂ. ഇന്നലെ തുടങ്ങിയിട്ടേയുള്ളൂ. അത് അനുഭവിച്ച് കാണുക എന്നു മാത്രമെയുള്ളുവെന്നും വിഡി സതീശൻ പറ‍ഞ്ഞു.


ഷാഫിയെ വിമർശിച്ച യൂത്ത് കോൺഗ്രസ് നേതാവിനെ മർദ്ദിച്ചതായി പരാതി; സരിൻ കൂടെ നില്‍ക്കുന്നയാളാണെന്ന് ശ്രീജിത്ത്

എയർ ഇന്ത്യ വിമാനങ്ങൾ തകർക്കുമെന്ന് ഭീഷണി; 'നവംബർ 1 മുതൽ 19വരെ സര്‍വീസ് അനുവദിക്കില്ലെന്ന് ഖാലിസ്ഥാൻ ഭീകരൻ

 

Latest Videos
Follow Us:
Download App:
  • android
  • ios