Asianet News MalayalamAsianet News Malayalam

'റോഡിലെ കുഴിയിൽ വീണ് മരിച്ചത് വലിയ ആളുകളുടെ മക്കളാണെങ്കിൽ ഇങ്ങനാകുമോ'? അട്ടിമറി ആരോപിച്ച് സനുവിന്റെ കുടുംബം

നേതാക്കളുടെയും  ഉദ്യോഗസ്ഥരുടെയും മക്കളാണെങ്കിലിൽ ഇങ്ങനെയാകുമോ അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടാകുകയെന്നാണ് കുടുംബം ചോദിക്കുന്നത്.  

parents allegations against police and national highways officers on sanu pothole accident death case
Author
Kerala, First Published Aug 8, 2022, 11:26 AM IST

തൃശൂർ : അറ്റകുറ്റപ്പണി നടത്താത്ത റോഡിലെ കുഴികളിൽ അപകടത്തിൽപ്പെട്ട് ജീവൻ നഷ്ടപ്പെടുന്നവരുടെ എണ്ണമുയർന്നിട്ടും ഇനിയും അധികൃതരുടെ കണ്ണ് തുറന്നിട്ടില്ല. നെടുമ്പാശ്ശേരിയിലെ ഹാഷിമിന്റെ മരണത്തോടെ വിഷയം വീണ്ടും പൊതുശ്രദ്ധയിലെത്തിയെങ്കിലും ദേശീയപാതയിലെ കുഴികൾ ആരുടെ ഉത്തരവാദിത്തമെന്നതിലാണിപ്പോഴും തർക്കം തുടരുന്നത്. ഹാഷിമിന്റെ കേസിൽ അറ്റകുറ്റപ്പണി നടത്തേണ്ട കരാറുകാരെ പ്രതിചേർത്തെങ്കിലും തളിക്കുളത്ത് സമാനമായ രീതിയിൽ മരിച്ച സനുവിന്റെ മരണത്തിൽ ഇക്കാര്യത്തിലും വീഴ്ചയുണ്ടായെന്നാണ് കുടുംബം ആരോപിക്കുന്നത്.  പൊലീസ് ഇടപെട്ട് ദേശീയപാതാ അധികൃതരെയോ കരാർ കമ്പനിയെയോ മകന്റെ മരണത്തിൽ പ്രതിചേർക്കാതെ ഒഴിവാക്കിയെന്നും കുടുംബം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

ടോൾ പ്ലാസ ഉപരോധിച്ച് ഹാഷിമിന്റെ ബന്ധുക്കളുടെ പ്രതിഷേധം, കുഴികളടക്കാമെന്ന് ഒടുവിൽ ഉറപ്പ്

കഴിഞ്ഞ മാസം 19 നാണ് തളിക്കുളത്ത് ദേശീയപാതയിലെ കുഴിയിൽ അപകടത്തിൽപ്പെട്ട് സനു സി ജെയിംസ് എന്ന യുവാവ് മരിച്ചത്. ബൈക്കിൽ യാത്ര ചെയ്യവേ റോഡിലെ കുഴിയിൽ വീണ സനുവിന്റെ തലക്ക് ഗുരുതരമായി പരിക്കേൽക്കുകയും ആശുപത്രിയിൽ മരിക്കുകയുമായിരുന്നു. അറ്റകുറ്റപ്പണി നടത്താത്ത റോഡിലെ കുഴിയിൽ വീണാണ് മരണമുണ്ടായതെങ്കിലും ദേശീയപാതാ അധികൃതരെയോ കരാർ കമ്പനിയെയോ കേസിൽ പ്രതിചേർത്തിട്ടില്ല. അപകടമുണ്ടായതിന് പിന്നാലെ റോഡിലെ കുഴിയടച്ചു. നേതാക്കളുടെയും  ഉദ്യോഗസ്ഥരുടെയും മക്കളാണെങ്കിലിൽ ഇങ്ങനെയാകുമോ അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടാകുകയെന്നാണ് കുടുംബം ചോദിക്കുന്നത്.

'സാധാരണക്കാർക്കാണ് ഈ അവസ്ഥയുണ്ടാകുന്നത്. സാധാരണക്കാരുടെ ജീവനും വിലയുണ്ട്. അധികൃതർ കണ്ണുതുറക്കണം. ഒരു ആനുകൂല്യവും ഞങ്ങൾക്ക് ലഭിച്ചിട്ടില്ല.ഞങ്ങൾക്കത് വേണ്ട. ഞങ്ങനെ മോനേക്കാൾ വലുതല്ലാലോ അതൊന്നുമെന്നും സനുവിന്റെ അമ്മ പറയുന്നു.റോഡിലെ കുഴിയിൽ വീണുണ്ടായ അപകട മരണമായിട്ടും സ്ഥലം എംഎൽഎയോ വാർഡ് മെമ്പറോ അടക്കം ഒരാളുപോലും തിരിഞ്ഞു നോക്കിയില്ല.ദേശീയപാതാ അധികൃതരാണ് മകന്റെ മരണത്തിന് ഉത്തരവാദികളെന്നിരിക്കെ ആരെയോ സംരക്ഷിക്കാനാണ് പൊലീസ് ശ്രമിക്കുന്നതെന്ന ആരോപണമുയർത്തിയ കുടുംബം അപകട കേസ് ഉന്നത ഇടപെടലിൽ അട്ടിമറിക്കപ്പെട്ടെന്നും പറഞ്ഞു. 

റോഡിലെ കുഴിയിൽ വീണ് മരണം: കരാർ കമ്പനിക്കെതിരെ കേസ്, റോഡ് അറ്റകുറ്റപണിയിൽ വീഴ്ച 

 

Follow Us:
Download App:
  • android
  • ios