ബിജെപിയുടെ കേരളത്തില്‍ നിന്നുള്ള ആദ്യ ലോക്സഭാംഗമാണ് സുരേഷ് ഗോപി. മൂന്നാം മോദി സര്‍ക്കാരിൽ ടൂറിസം, പെട്രോളിയം വകുപ്പുകളുടെ സഹമന്ത്രിയാണ്.

ദില്ലി: കേന്ദ്രമന്ത്രി സുരേഷ് ഗോപി ലോക്സഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു. തൃശൂരില്‍ നിന്നുള്ള എംപിയായ സുരേഷ് ഗോപി മലയാളത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്. ദൈവനാമത്തിലായിരുന്നു സുരേഷ് ഗോപിയുടെ സത്യപ്രതിജ്ഞ. കൃഷ്ണാ ഗുരുവായൂരപ്പാ എന്ന് വിളിച്ചുകൊണ്ടായിരുന്നു സുരേഷ് ഗോപി സത്യപ്രതിജ്ഞ ചെയ്യാൻ തുടങ്ങിയത്.

മന്ത്രിമാരില്‍ നാല്‍പ്പത്തിമൂന്നാമനായിട്ടായിരുന്നു സുരേഷ്ഗോപിയുടെ സത്യപ്രതിജ്ഞ. ബിജെപിയുടെ കേരളത്തില്‍ നിന്നുള്ള ആദ്യ ലോക്സഭാംഗമാണ് സുരേഷ് ഗോപി. മൂന്നാം മോദി സര്‍ക്കാരിൽ ടൂറിസം, പെട്രോളിയം വകുപ്പുകളുടെ സഹമന്ത്രിയാണ് അദ്ദേഹം. 74686 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു തൃശ്ശൂരിൽ സുരേഷ് ഗോപിയുടെ ജയം.

പതിനെട്ടാം ലോക്സഭയുടെ ആദ്യ സമ്മേളനത്തിന് തുടക്കമായി. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെ അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ആദ്യം സത്യപ്രതിജ്ഞ‌ ചെയ്തത്. പുതുതായി തെരഞ്ഞെടുക്കപ്പെട്ട എംപിമാര്‍ക്ക് പ്രോടെം സ്പീക്കര്‍ ഭർതൃഹരി മഹത്താബാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. പ്രധാനമന്ത്രി സത്യപ്രതിജ്ഞ ചെയ്യാനായി എത്തിയപ്പോള്‍ ഭരണഘടനയുടെ ചെറുപതിപ്പ് ഉയര്‍ത്തികാണിച്ചുകൊണ്ട് പ്രതിപക്ഷ എംപിമാര്‍ പ്രതിഷേധിച്ചു. പ്രധാനമന്ത്രിക്ക് ശേഷം രണ്ടാമതായി രാജ്നാഥ് സിങും മൂന്നാമതായി അമിത് ഷായും സത്യപ്രതിജ്ഞ ചെയ്തു.

Also Read: 'ഇന്ത്യൻ ജനാധിപത്യത്തിന്‍റെ ചരിത്ര ദിനം'; എംപിമാരെ പാര്‍ലമെന്‍റിലേക്ക് സ്വാഗതം ചെയ്ത് പ്രധാനമന്ത്രി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്