പത്തനംതിട്ട: കൊവിഡ് 19 വൈറസ് ബാധയുമായി ബന്ധപ്പെട്ട് വ്യാജ പ്രചാരണം നടത്തിയവർക്കെതിരെ കേസെടുക്കുമെന്ന് പത്തനംതിട്ട ജില്ലാ കളക്ടർ പി ബി നൂഹ്. ജില്ലയില്‍ നാല് പേർക്കെതിരെ കൂടി കേസെടുക്കാൻ പൊലീസിനോട് ജില്ലാ ഭരണകൂടം ആവശ്യപ്പെട്ടു. ആരോഗ്യമന്ത്രിയുടെ പേരില്‍ പോലും വ്യാജ ഓഡിയോ സന്ദേശം പ്രചരിക്കുന്നുണ്ടെന്ന് കളക്ടര്‍ പറഞ്ഞു.

ആളുകളുടെ ഫോട്ടോ പ്രചരിപ്പിച്ചുള്ള സന്ദേശങ്ങള്‍, മഞ്ഞളോ വെളുത്തുള്ളി കക്ഷായമോ കുടിച്ചാല്‍ രോഗ ബാധയെ പ്രതിരോധിക്കാന്‍ കഴിയുമെന്ന തരത്തിലുള്ള പ്രചരണങ്ങള്‍, സൂര്യന് കീഴില്‍ നിന്നാല്‍ വൈറസുകളെ തുരത്താം എന്നുള്ളത് അടക്കമുള്ള വ്യാജ സന്ദേശങ്ങള്‍ സൈബര്‍ സെല്ലിന് നല്‍കാനാണ് തീരുമാനം. കൂടാതെ ഐസലേഷന്‍ വാര്‍ഡില്‍ നിന്ന് ചാടി പോയ ആള്‍ക്കെതിരെയും കേസെടുക്കുമെന്ന് കളക്ടര്‍ അറിയിച്ചു. സാമൂഹമാധ്യമങ്ങളില്‍ വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കളക്ടര്‍ വ്യക്തമാക്കി.

Also Read: കൊറോണയെ ചെറുക്കാന്‍ വെളുത്തുള്ളി വെന്ത വെള്ളം! വാസ്തവമെന്ത്?

കോഴിക്കോട് കാക്കൂരിൽ കൊവിഡിനെക്കുറിച്ച് വ്യാജ വാർത്ത പ്രചരിപ്പിച്ച യുവാവിനെതിരെ ഇന്ന് കേസെടുത്തിരുന്നു. എലത്തൂർ സ്വദേശിയ്ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. വ്യാജവാർത്തകൾ പ്രചരിപ്പിച്ചതിന് ഇന്നലെ മൂന്ന് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനില്‍ രണ്ടും ത്യശൂര്‍ കുന്നംകുളം പൊലീസ് സ്റ്റേഷനില്‍ ഒരു കേസുമാണ് ഇന്നലെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

Also Read: കൊവിഡ് 19: വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ച ജേക്കബ് വടക്കാഞ്ചേരി ഉള്‍പ്പടെ മൂന്ന് പേര്‍ക്കെതിരെ കേസ്

എറണാകുളം പൊലീസ് അസിസ്റ്റന്‍റ് കമ്മീഷ്ണര്‍ കെ.ലാല്‍ജിയുടെ പേരില്‍ വ്യാജസന്ദേശം പ്രചരിപ്പിച്ചതിനാണ് ഒരു കേസ്.  കോവിഡ് 19 വൈറസ്സുമായി ബന്ധപ്പെട്ട് അസുഖങ്ങള്‍ ഒന്നുംതന്നെ ഇല്ലെന്നും സര്‍ക്കാര്‍ മന:പൂര്‍വ്വം പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതാണെന്നും കാണിച്ച് സാമൂഹിക മാധ്യമങ്ങളില്‍ വീഡിയോ പ്രചരിപ്പിച്ചതിന് ജേക്കബ് വടക്കാഞ്ചേരിയെ പ്രതിയാക്കിയാണ് രണ്ടാമത്തെ കേസ്. 

Also Read: കൊവിഡ് 19: വ്യാജവാര്‍ത്തകളും സന്ദേശങ്ങളും പ്രചരിപ്പിക്കുന്നവർക്ക് 'പൂട്ടിടാൻ' കേരളാ പൊലീസ്

കുന്നംകുളം താലൂക്ക് ആശുപത്രിയില്‍ കൊറോണ ബാധിച്ചയാളെ പ്രവേശിപ്പിച്ചിട്ടുണ്ടെന്ന് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതിന് എരുമപ്പെട്ടി സ്വദേശി പ്രവീഷ് ലാലിനെതിരെയാണ് കുന്നംകുളം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. കുന്നംകുളം താലൂക്ക് ആശുപത്രി സൂപ്രണ്ടിന്‍റെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.