പത്തനംതിട്ടയിൽ ഹാക്കര്‍ അറസ്റ്റിലായ സംഭവത്തിൽ കൂടുതൽ വിവരങ്ങള്‍ പുറത്ത്. പിടിയിലായ 23കാരൻ ജോയലിന്‍റെ ഹാക്കിങ് ടെക്നിക്കുകള്‍ ഹാക്കിങിലെ വമ്പന്മാരെ പോലും ഞെട്ടിക്കുന്നതാണെന്നാണ് പൊലീസ് പറയുന്നത്. ഡിറ്റക്ടീവ് ഏജന്‍സി വഴിയായിരുന്നു പണം ഇടപാട്.

പത്തനംതിട്ട: പത്തനംതിട്ടയിൽ അറസ്റ്റിലായ ഹാക്കറുടെ ഹാക്കിങ്ങിൽ ഞെട്ടി കേരള പൊലീസും. ഹൈദരാബാദിലുള്ള സ്വകാര്യ ഡിറ്റക്ടീവ് ഏജൻസിയുടെ ഏജൻറായി പ്രവർത്തിച്ച 23 കാരൻ ഫോൺവിളി രേഖകളും ലൊക്കേഷനും അടക്കം എല്ലാം ചോർത്തുന്ന വിരുതനാണ്. പണം നൽകി കമിതാക്കളും ഇയാളുടെ ഹാക്കിംഗ് വിദ്യ ഉപയോഗിച്ചിട്ടുണ്ട്. പ്രായം വെറും 23 ആണെങ്കിലും ജോയലിന്‍റെ ചോര്‍ത്തൽ ടെക്നിക്കുകള്‍ക്ക് മുന്നിൽ ഹാക്കിംഗ് മേഖലയിൽ വമ്പന്മാരും ഞെട്ടുമെന്നാണ് പൊലീസ് പറയുന്നത്. ഒരു ഫോൺ നമ്പർ നൽകിയാൽ ശരവേഗത്തിൽ ഫോൺവിളി രേഖകൾ ചോർത്തി നൽകും. ലൊക്കേഷനും രഹസ്യ പാസ് വേർഡ് അടക്കം എല്ലാം ജോയൽ ചോർത്തും. ജോയലിന്‍റെ ഹാക്കിങ് വിദ്യകൾ കണ്ട് കേരള പൊലീസും ഞെട്ടി. ഹൈദരാബാദിലുള്ള സ്വകാര്യ ഡിക്ടീവ് ഏജൻസിയുടെ ഏജന്‍റായി പ്രവർത്തിച്ചുവരികയായിരുന്നു.

ഇൻസ്റ്റാഗ്രാം അടക്കം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം വഴി ഹാക്കിങ് സംബന്ധിച്ച പരസ്യം നൽകും. ആവശ്യക്കാർ ജോയലിനെ സമീപിക്കും. വേണ്ടതെല്ലാം ചോർത്തി നൽകും. സ്വകാര്യ ഡിറ്റക്ടീവ് ഏജൻസി വഴിയാണ് പണമിടപാട് നടത്തിയിരുന്നത്. സ്നേഹബന്ധത്തിൽ ചില സംശയങ്ങൾ വെച്ച് പുലർത്തുന്ന കമിതാക്കളാണ് ജോയലിന്‍റെ പ്രധാന കസ്റ്റമേഴ്സ്. ഇവർക്ക് വേണ്ടിയുള്ള ഹാക്കിങ്ങിന് ഫീസ് കൂടുതലാണ്. എന്തായാലും തകൃതിയായി ഹാക്കിങ് നടത്തി മുന്നോട്ടു പോകുമ്പോഴാണ് കേന്ദ്ര ഏജൻസികളുടെ നിരീക്ഷണത്തിൽ യുവാവ് അകപ്പെട്ടത്. 

അങ്ങനെ പത്തനംതിട്ട പൊലീസിലേക്ക് വിവരം എത്തി. തുടര്‍ന്നാണ് പൊലീസ് ജോയലിനെ ഉടനെ പിടികൂടിയത്. അടൂർ കോട്ടമുകളിലെ വീട്ടിൽനിന്ന് പൊലീസ് ലാപ്ടോപ്പ് അടക്കം എല്ലാം പിടിച്ചെടുത്തു. പരിശോധനയിൽ ജോയൽ വി ജോസ് നിസ്സാരക്കാരൻ അല്ലെന്ന് ബോധ്യമായി. അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു. കേന്ദ്ര ഏജൻസികൾ ഇടപെട്ടതിനാൽ സ്വകാര്യ ഡിറ്റക്ടീവ് ഏജൻസിയിലേക്ക് അടക്കം അന്വേഷണം നീളുമെന്നാണ് അറിയുന്നത്. അന്വേഷണ വിവരങ്ങൾ ഒന്നും പുറത്തു പോകരുതെന്നാണ് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി ആർ ആനന്ദിന്‍റെ കർശന നിർദ്ദേശം.

YouTube video player