Asianet News MalayalamAsianet News Malayalam

പത്തനംതിട്ടയിൽ കൊവിഡ് നിരീക്ഷണത്തിലായിരുന്ന ആൾ ചാടിപ്പോയി

പത്തനംതിട്ട ജനറൽ ആശുപത്രിയിൽ നിരീക്ഷണത്തിലായിരുന്ന ആളെയാണ് കാണാതായത്. വെച്ചൂച്ചിറ സ്വദേശിയാണ് ഇയാൾ. ഇയാൾക്കായി പൊലീസ് തെരച്ചിൽ തുടങ്ങി. 

patient who was under observation for covid 19 in kerala missing in pathanamthitta
Author
Pathanamthitta, First Published Mar 9, 2020, 11:03 PM IST

പത്തനംതിട്ട: അഞ്ച് പേർക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ച പത്തനംതിട്ടയിൽ നിരീക്ഷണത്തിലായിരുന്നയാൾ ചാടിപ്പോയി. പത്തനംതിട്ട ജനറലാശുപത്രിയിൽ പരിശോധന നടത്തേണ്ടിയിരുന്ന ആളെയാണ് കാണാതായത്. വെച്ചൂച്ചിറ സ്വദേശിയായിരുന്ന ഇയാൾ ആശുപത്രി അധികൃതർ അറിയാതെയാണ് മുങ്ങിയത്. ഇയാൾക്കായി പൊലീസ് തെരച്ചിൽ നടത്തുകയാണിപ്പോൾ. 

കർശനനിരീക്ഷണത്തിലുള്ള വാർഡിൽ നിന്നാണ് ഒരാൾ ചാടിപ്പോയിരിക്കുന്നത്. ഇയാൾ എങ്ങനെ രക്ഷപ്പെട്ടു എന്ന കാര്യം വ്യക്തമല്ല. 

ഇറ്റലിയിൽ നിന്ന് നേരിട്ടും അല്ലാതെയും രോഗബാധിതരായ അഞ്ച് പേരുമായി ബന്ധപ്പെട്ടവരുടെ സമ്പർക്കപ്പട്ടിക ജില്ലാ ഭരണകൂടം തയ്യാറാക്കിയിരുന്നു. ഇതിൽപ്പെട്ടയാളാണ് ഇപ്പോൾ മുങ്ങിയിരിക്കുന്നത്. പരിശോധനയ്ക്കായി ഇവരെ ഓരോരുത്തരെയായി വിളിച്ചുവരുത്തി രക്തമെടുത്ത് പരിശോധന നടത്തുകയാണ് ജില്ലാ ഭരണകൂടവും ആരോഗ്യപ്രവർത്തകരും. ഇതിനിടെയാണ് ഇയാൾ മുങ്ങിയത്.

പത്തനംതിട്ട ജനറലാശുപത്രിയിലെ ഐസൊലേഷൻ വാർഡിൽ എത്തിച്ച യുവാവ് ആദ്യം രക്തപരിശോധനയ്ക്ക് തയ്യാറായില്ല. പിന്നീട് അധികൃതരുടെ ശ്രദ്ധ ഒന്ന് തെറ്റിയപ്പോൾ ഓടിപ്പോവുകയായിരുന്നു എന്നാണ് വിവരം. ഐസൊലേഷൻ വാർഡിൽ പനിയും ചുമയുമായി രോഗലക്ഷണങ്ങളോടെ ചികിത്സയിലുണ്ടായിരുന്ന ആളല്ല ചാടിപ്പോയിരിക്കുന്നത് എന്നാണ് ഇപ്പോൾ വ്യക്തമാകുന്നത്. സമ്പർക്കപ്പട്ടികയിലുണ്ടെങ്കിലും ഇയാൾ രോഗികളുമായി നേരിട്ട് സമ്പർക്കത്തിലുണ്ടായിരുന്നില്ല എന്ന സൂചനയും അധികൃതർ ഇപ്പോൾ നൽകുന്നു.

ഇന്ന് രാവിലെ മുതൽ രോഗബാധിതരുമായി നേരിട്ടുള്ള സമ്പർക്കപ്പട്ടികയിലുള്ളവരെ ഓരോരുത്തരെയായി വിളിച്ച് പരിശോധന നടത്തുകയായിരുന്നു ആരോഗ്യവകുപ്പ്. ഇതിന്‍റെ രണ്ടാംഘട്ടം വൈകിട്ടോടെ തുടങ്ങിയിരുന്നു. ഇതിലെ ഒരാളാണ് ഇപ്പോൾ ചാടിപ്പോയിരിക്കുന്നത്.

Read more at: 'രോഗബാധിതർ എല്ലാ വിവരവും തന്നില്ല, എങ്കിലും കോണ്ടാക്ട് ട്രേസിംഗ് നടത്തി': കളക്ടർ 'ന്യൂസ് അവറിൽ'

Follow Us:
Download App:
  • android
  • ios