Asianet News MalayalamAsianet News Malayalam

പേരാവൂർ ചിട്ടി തട്ടിപ്പ്; പണം നഷ്ടപ്പെട്ടവരുമായി സിപിഎം ചർച്ച, മാ‍ർച്ചിനെ രാഷ്ട്രീയമായി നേരിടുമെന്നും പാർട്ടി

മാധ്യമങ്ങളെ അറിയിക്കാതെയായിരുന്നു ഇന്നലെ രാത്രി എം വി ജയരാജന്റെ വീട്ടിൽ വച്ചുള്ള കൂടിക്കാഴ്ച. നിക്ഷേപകരുടെ പണം തിരികെ കിട്ടാൻ ശ്രമം നടത്തുമെന്ന് ജയരാജൻ ഉറപ്പ് നൽകി.

peravoor chit scam cpm talks with those who have lost money
Author
Kannur, First Published Oct 15, 2021, 5:19 PM IST

കണ്ണൂർ: പേരാവൂർ ചിട്ടി തട്ടിപ്പ് സംഭവത്തിൽ പണം നഷ്ടപ്പെട്ടവരുടെ പ്രതിനിധികളുമായി സിപിഎം ജില്ലാ സെക്രട്ടറി ചർച്ച നടത്തി. മാധ്യമങ്ങളെ അറിയിക്കാതെയായിരുന്നു ഇന്നലെ രാത്രി എം വി ജയരാജന്റെ വീട്ടിൽ വച്ചുള്ള കൂടിക്കാഴ്ച. നിക്ഷേപകരുടെ പണം തിരികെ കിട്ടാൻ ശ്രമം നടത്തുമെന്ന് ജയരാജൻ ഉറപ്പ് നൽകി.

സൊസൈറ്റി കെട്ടിടം വിറ്റ് പണം തിരികെ നൽകാനാണ് ആലോചന. ലോക്കൽ സെക്രട്ടറിയുടെ വീട്ടിലേക്ക് മാ‍ർച്ച് നടത്തിയാൽ രാഷ്ട്രീയമായി നേരിടുമെന്നും സിപിഎം അറിയിച്ചു. മാർച്ച് നടത്തുന്നകാര്യത്തിൽ നാളെ രാവിലെ അന്തിമ തീരുമാനം എന്ന് സമര സമിതി പ്രതികരിച്ചു. 

സിപിഎം നിയന്ത്രണത്തിലുള്ള പേരാവൂർ ഹൗസ് ബിൽഡിം സൊസൈറ്റിയിലെ ചിട്ടി തട്ടിപ്പിൽ ആരോപണം നേരിടുന്ന സെക്രട്ടറി പിവി ഹരിദാസിന്റെ  മൊഴി അന്വേഷണസംഘം കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു. ക്രമക്കേട് അന്വേഷിക്കുന്ന അസിസ്റ്റന്റ് രജിസ്ട്രാർ കെ പ്രദോഷ് കുമാറാണ് സെക്രട്ടറിയിൽ നിന്നും വിശദാംശങ്ങൾ തേടിയത്. ക്രമക്കേട് സംബന്ധിച്ച ചോദ്യങ്ങളിൽ നിന്നു സെക്രട്ടറി ഒഴിഞ്ഞുമാറിയെന്നാണ് വിവരം. അന്വേഷണം പൂർത്തിയായെന്നും ജോ രജിസ്ട്രാർക്ക് ഉടൻ റിപ്പോർട്ട് സമർപ്പിക്കുമെന്നും അന്വേഷണ ഉദ്യോഗസ്ഥൻ അറിയിച്ചു. 

പിവി ഹരിദാസ് തന്റെ സ്വത്തുക്കൾ അടുത്ത ബന്ധുവിന്റെ പേരിലേക്ക് മാറ്റാൻ നീക്കം നടത്തിയിരുന്നു. ക്രമക്കേടിൽ ഉൾപെട്ടവരുടെ സ്വത്ത് കണ്ടുകെട്ടി നഷ്ടം നികത്താൻ സഹകരണവുപ്പിന് അധികാരമുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു ഇത്. ആദ്യം വില്ലേജ് ഓഫീസിലെത്തി തണ്ടപ്പേര് ഉൾപെടെയുള്ള രേഖകൾ കരസ്ഥമാക്കി. പിന്നീട് പേരാവൂർ സബ് രജിസ്ട്രാർ ഓഫീസിലെത്തി. അപ്പോഴേക്കും സമരക്കാർ ഈ വിവരം അറിഞ്ഞ് ഇത് അനുവദിക്കരുതെന്ന് ആവശ്യപ്പെട്ടു.  സെക്രട്ടറിയുടെ സ്വത്ത് കൈമാറ്റം ചെയ്യുന്നത്  മരവിപ്പിക്കാൻ ജില്ലാ രജിസ്ട്രാർക്ക് ജോയിന്റ് രജിസ്ട്രാർ കത്ത് നൽകി. ഈ കത്ത് വൈകുന്നേരത്തോടെ പ്രത്യേക ദൂതൻ മുഖാന്തരം പേരാവൂർ സബ് രജിസ്ട്രാർ ഓഫീസിലെത്തിച്ചതോടെ  സെക്രട്ടറിയുടെ നീക്കം പെളിയുകയായിരുന്നു.
 

Follow Us:
Download App:
  • android
  • ios