വളർത്ത് പട്ടി പാമ്പ് കടിയേറ്റ് ചത്തു. കൂറ്റനാട് വട്ടേനാട് സ്കൂളിന് സമീപത്തെ തൊഴുക്കാട്ട് വളപ്പിൽ മുരളീധരന്‍റെ വളർത്തുനായയാണ് ചത്തത്
പാലക്കാട്: വളർത്ത് പട്ടി പാമ്പ് കടിയേറ്റ് ചത്തു. കൂറ്റനാട് വട്ടേനാട് സ്കൂളിന് സമീപത്തെ തൊഴുക്കാട്ട് വളപ്പിൽ മുരളീധരന്‍റെ വളർത്തുനായയാണ് ചത്തത്. തിരച്ചിലിനൊടുവിൽ വീട്ടുവളപ്പിൽ നിന്നും 7 അടി വലിപ്പമുള്ള മൂർഖൻ പാമ്പിനെ കണ്ടെത്തി. കഴിഞ്ഞ ദിവസം വൈകിട്ട് 7 മണിയോടെയായിരുന്നു സംഭവം. മുരളീധരന്‍റെ വീട്ടിൽ 12 വർഷമായി വളർത്തുന്ന പട്ടിയെയാണ് പാമ്പ് കിടിയേറ്റ് ചത്ത നിലയിൽ കണ്ടെത്തിയത്.
പട്ടിയുടെ മൂക്കിലും ചെവിയിലുമായിരുന്നു കടിയേറ്റത്. തുടർന്ന് പൊതു പ്രവർത്തകൻ രവി കുന്നത്ത്, ഫോറസ്റ്റ് റസ്ക്യൂവാച്ചർ സുധീഷ് കൂറ്റനാട് എന്നിവർ സ്ഥലത്തെത്തി. ഒരു മണിക്കൂറിലേറെ നീണ്ട തിരച്ചിലിനൊടുവിൽ വീട്ടുവളപ്പിൽ നിന്നും മുർഖനെ പിടികൂടി. 7 അടി വലിപ്പവും അതിനൊത്ത തുക്കവും വരുന്ന മുർഖനാണ് പിടിയിലായത്. പാമ്പിനെ പിന്നീട് ആളൊഴിഞ്ഞ വനമേഖലയിൽ എത്തിച്ച് തുറന്നു വിട്ടു.



