Asianet News MalayalamAsianet News Malayalam

പെട്ടിമുടി ദുരന്ത ബാധിതർക്കുള്ള സഹായധനം നാളെ വിതരണം ചെയ്യും, വീടുകളും ഈ മാസം കൈമാറും

ദുരന്തബാധിതർക്ക് തമിഴ്നാട് സർക്കാർ പ്രഖ്യാപിച്ച സഹായധനത്തിന്റെ ആദ്യഘഡു കിട്ടി. ദുരന്തമുണ്ടായി നാല് മാസം പിന്നിട്ടിട്ടും സംസ്ഥാന സർക്കാരും കണ്ണൻദേവൻ കമ്പനിയും പ്രഖ്യാപിച്ച സഹായധനം നൽകിയിരുന്നില്ല

pettimudi disaster relief financial aid to be distributed on 5th January
Author
Pettimudi Estate, First Published Jan 4, 2021, 6:39 AM IST

ഇടുക്കി: പെട്ടിമുടി ദുരന്ത ബാധിതർക്കുള്ള സർക്കാർ സഹായധനം നാളെ കൈമാറും. നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച്, മരിച്ച 44 പേരുടെ അനന്തരാവകാശികള്‍ക്കാണ് ആദ്യഘട്ടത്തിൽ സഹായധനം നൽകുന്നത്. ദുരന്തത്തെ അതിജീവിച്ചവ‍ർക്ക് നിർമിച്ച് നൽകുന്ന വീടുകളും ഈ മാസം കൈമാറും.

ദുരന്തബാധിതർക്ക് തമിഴ്നാട് സർക്കാർ പ്രഖ്യാപിച്ച സഹായധനത്തിന്റെ ആദ്യഘഡു കിട്ടി. ദുരന്തമുണ്ടായി നാല് മാസം പിന്നിട്ടിട്ടും സംസ്ഥാന സർക്കാരും കണ്ണൻദേവൻ കമ്പനിയും പ്രഖ്യാപിച്ച സഹായധനം നൽകിയിരുന്നില്ല. ഇതിനെതിരെ പരാതി ഉയർന്നതോടെയാണ് നടപടിക്രമങ്ങൾ വേഗത്തിലാക്കി സർക്കാർ പണം കൈമാറുന്നത്. പെട്ടിമുടി ദുരന്തത്തിൽ 70 പേരാണ് മരിച്ചത്. ഇതിൽ സഹായധനം നൽകുന്നതിനായി 44 പേരുടെ നടപടിക്രമങ്ങൾ പൂർത്തിയാക്കി. മൂന്നാറിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി എംഎം മണി അഞ്ച് ലക്ഷം രൂപ വീതം അനന്തരാവകാശികൾക്ക് കൈമാറും.

ദുരന്തത്തിൽ മരിച്ച മറ്റ് 26 പേരുടെ അനന്തരാവകാശികൾക്കും വൈകാതെ സഹായധനം നൽകും. എട്ട് കുടുംബങ്ങൾ പെട്ടിമുടി ദുരന്തത്തെ അതിജീവിച്ചിരുന്നു. ഇവർക്കായി മൂന്നാർ കുറ്റിയാർവാലിയിൽ സർക്കാർ അനുവദിച്ച സ്ഥലത്ത് കണ്ണൻദേവൻ കമ്പനി നിർമിച്ച് നൽകുന്ന വീടുകളുടെ നിർമാണം അവസാനഘട്ടത്തിലാണ്. വീടുകൾ ഈ മാസം അവസാനത്തോടെ കൈമാറാനാകുമെന്നാണ് പ്രതീക്ഷ.

Follow Us:
Download App:
  • android
  • ios