ഈ ഹോട്ടലിൽ ഭക്ഷ്യവസ്തുക്കൾ ശുചിമുറിയിൽ കണ്ടെത്തിയ ദൃശ്യങ്ങൾ പകർത്തിയ ഡോക്ടറെ മർദ്ദിച്ച കടയുടമയടക്കം മൂന്ന് പേരെ പരിയാരം പൊലീസ് അറസ്റ്റ് ചെയ്തു. 

കണ്ണൂര്‍: കണ്ണൂർ പിലാത്തറയിൽ വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിച്ച് വരികയായിരുന്ന കെ സി റസ്റ്റോറന്റ് എന്ന സ്ഥാപനം ഭക്ഷ്യസുരക്ഷ വകുപ്പ് പൂട്ടിച്ചു. സ്ഥാപനത്തിൽ നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷ്യവസ്തുക്കൾ പിടിച്ചെടുത്തതിന് പിന്നാലെയാണ് നടപടി. ഈ ഹോട്ടലിൽ ഭക്ഷ്യവസ്തുക്കൾ ശുചിമുറിയിൽ കണ്ടെത്തിയ ദൃശ്യങ്ങൾ പകർത്തിയ ഡോക്ടറെ മർദ്ദിച്ച കടയുടമയടക്കം മൂന്ന് പേരെ പരിയാരം പൊലീസ് അറസ്റ്റ് ചെയ്തു. 

പിലാത്തറയിൽ ദേശീയ പാതയ്ക്ക് സമീപമുള്ള കെ സി റസ്റ്റോറന്റിൽ കഴിഞ്ഞ ദിവസം ഉച്ചക്ക് ഭക്ഷണം കഴിക്കാനെത്തിയ കാസർകോട് ബന്തടുക്ക പി എച്ച്സിയിലെ ഡോക്ടർ സുബ്ബറായയാണ് ശുചി മുറി എന്ന് ബോർഡ് വച്ച സ്ഥലത്ത് ഭക്ഷ്യ പദാർത്ഥങ്ങൾ സൂക്ഷിച്ചത് ചോദ്യം ചെയ്യുകയും ദൃശ്യങ്ങളെടുക്കുകയും ചെയ്തത്. തുടർന്ന് ഹോട്ടലുടമ കെ സി മുഹമ്മദും സംഘവും ഡോക്ടറുടെ ഫോൺ പിടിച്ച് വാങ്ങി നശിപ്പിച്ചു. ഡോക്ടറുടെ പരാതിയിൽ ഉടമയടക്കം മൂന്ന് പേരെ പരിയാരം പൊലീസ് അറസ്റ്റ് ചെയ്തു. ഇവർ റിമാൻഡിലാണ്. പരാതിയെത്തുടർന്ന് രാവിലെ പത്ത് മണി മുതൽ ഭക്ഷ്യ സുരക്ഷ വിഭാഗവും പഞ്ചായത്ത് അധികൃതരും പരിശോധന നടത്തി. ഹോട്ടലുടമകൾക്ക് സ്ഥാപനത്തിൻ്റെ ലൈസൻസ് ഹാജരാക്കാൻ കഴിഞ്ഞിട്ടില്ലെന്ന് ഭക്ഷ്യ സുരക്ഷ വകുപ്പ് അധികൃതർ പറയുന്നു. 

ഭക്ഷണ സാമഗ്രികൾ ശുചിമുറിയില്‍ സൂക്ഷിച്ചത് ചോദ്യംചെയ്ത ഡോക്ടര്‍ക്ക് മ‍ര്‍ദ്ദനം,ഹോട്ടലിൽ ഭക്ഷ്യവകുപ്പ് പരിശോധന

നേരത്തെയും ഈ ഹോട്ടലിനെതിരെ പരാതി ഉയർന്നിരുന്നതായി ചെറുതാഴം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടും വ്യക്തമാക്കി. അന്ന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ പരിശോധന നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഒരാഴ്ച കാലത്തേക്ക് ഹോട്ടൽ അടച്ചിടാൻ നിർദേശം നൽകി. പിന്നീട് സാഹചര്യങ്ങൾ നന്നാക്കിയ ശേഷമാണ് ഹോട്ടൽ തുറന്നതെന്നും അദ്ദേഹം വ്യക്തമാക്കി.