തിരുവനന്തപുരം: അതിരപ്പള്ളി പദ്ധതിക്ക് എന്‍ഒസി നല്‍കിയത് സാധാരണ നിലയ്ക്കുള്ള നടപടിക്രമം മാത്രമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.  അതിരപ്പിള്ളി നേരത്തെ തന്നെ സര്‍ക്കാര്‍ നടപ്പാക്കാനുദ്ദേശിച്ച പദ്ധതിയാണ്. വലിയ തോതില്‍ പ്രതിഷേധം ഉണ്ടായതിനെ തുടര്‍ന്ന് പദ്ധതി മാറ്റി വെച്ചിരുന്നു. ആ നില തന്നെയാണ് ഇപ്പോഴുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

എന്‍ഒസി നല്‍കുന്നത് എല്‍ഡിഎഫ് യോഗത്തില്‍ ചര്‍ച്ച ചെയ്തില്ലെന്ന സിപിഐയുടെ ആരോപണത്തിനും മുഖ്യമന്ത്രി മറുപടി നല്‍കി. എന്‍ഒസി പുറത്തിറക്കിയത് ആരും അറിയേണ്ട കാര്യമില്ല. ബന്ധപ്പെട്ട വകുപ്പ് അറിയണം എന്നേയുള്ളൂ. വകുപ്പ് ഇക്കാര്യം അറിഞ്ഞിട്ടുണ്ട്. എന്‍ഒസി സാധാരണ നിലയ്ക്കുള്ള നടപടിയാണ്. അതുകൊണ്ട് ഇക്കാര്യം എല്‍ഡിഎഫ് യോഗത്തില്‍ ചര്‍ച്ച ചെയ്യേണ്ടതില്ല. ഇക്കാര്യം വകുപ്പ് മന്ത്രി തന്നെ വ്യക്തമാക്കിയതാണ്. പദ്ധതി നഷ്ടപ്പെടാതിരിക്കാൻ അനുമതി നിലനിർത്തുന്നതിനാണ് എന്‍ഒസി. മന്ത്രി ഇക്കാര്യം വിശദീകരിച്ചിട്ടുണ്ട്. അവിടെ തീരേണ്ടതാണ് ആ പ്രശ്നമെന്നും  മുഖ്യമന്ത്രി വിശദീകരിച്ചു.

അതിരപ്പള്ളി പദ്ധതിയുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചതിനെതിരെ കടുത്ത പ്രതിഷേധവുമായി എല്‍ഡിഎഫിലെ പ്രധാന സഖ്യകക്ഷിയായ സിപിഐ രംഗത്ത് വന്നിരുന്നു. അതേസമയം അതിരപ്പിള്ളി പദ്ധതിയ്ക്ക് എൻഒസി നൽകുന്നതിനുള്ള അനുമതി നൽകുന്ന ഫയലിൽ ഒപ്പുവച്ചത് മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയാണെന്നതിന് തെളിവ് ഏഷ്യാനെറ്റ് ന്യൂസ് പുറത്ത് വിട്ടു. പദ്ധതി നഷ്ടപ്പെടാതിരിക്കാൻ  അനുമതി നിലനിർത്തണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ഫയൽ അയച്ചത് വൈദ്യുതി മന്ത്രി എം എം മണിയാണ്. ഏപ്രിൽ 18-ന് ഈ ഫയലിൽ മുഖ്യമന്ത്രി നേരിട്ട് ഒപ്പുവയ്ക്കുകയായിരുന്നു. 

Read More: അതിരപ്പിള്ളി പദ്ധതി എൻഒസി മുഖ്യമന്ത്രിയുടെ അറിവോടെ, ഫയൽ പകർപ്പ് ഏഷ്യാനെറ്റ് ന്യൂസിന്