എഡിജിപി അജിത് കുമാറിനെ കൈവിട്ടു, പിണറായി അൻവറിനൊപ്പം; പി ശശിയുടെ കാര്യത്തിൽ ആകാംക്ഷ, നടപടിയുണ്ടാകുമോ ?
പി വി അൻവർ ഉയർത്തിയ ആരോപണങ്ങൾക്ക് പിന്നാലെയുണ്ടായ വൻ വിവാദത്തിന് ഒടുവിലാണ് അജിത് കുമാറിനെ ക്രമസമാധാന ചുമതലയുളള എഡിജിപി സ്ഥാനത്ത് നിന്നും മാറ്റിയത്
തിരുവനന്തപുരം : പൊലീസിനെ നിയന്ത്രിക്കുന്ന ഉന്നതർക്കെതിരെ ഗുരുതര ആരോപണങ്ങളുയർന്നതിന് പിന്നാലെ എംആർ അജിത് കുമാറിനെ കൈവിട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പി വി അൻവറിനൊപ്പം. പൊലീസിലെ ഉന്നതർക്കെതിരെയും പി ശശിക്കെതിരെയും അൻവർ ഉയർത്തിയ ആരോപണങ്ങൾക്ക് പിന്നാലെയുണ്ടായ വൻ വിവാദത്തിന് ഒടുവിലാണ് അജിത് കുമാറിനെ ക്രമസമാധാന ചുമതലയുളള എഡിജിപി സ്ഥാനത്ത് നിന്നും മാറ്റാനുളള സാധ്യതയിലേക്ക് മുഖ്യമന്ത്രിയെത്തിയത്. കോട്ടയത്ത് നടക്കുന്ന പൊലീസ് അസോസിയേഷന്റെ സംസ്ഥാന സമ്മേളന സമാപന വേദിയിൽ എഡിജിപിയെ വേദിയിലിരുത്തി ആരോപണങ്ങളിൽ മുഖ്യമന്ത്രി അന്വേഷണവും പ്രഖ്യാപിച്ചിരിക്കുകയാണ്.
എന്നും പാർട്ടി സംരക്ഷിച്ച് നിർത്തിയ അൻവറിന് ഈ വിഷയത്തിലും പാർട്ടി പിന്തുണയുണ്ടെന്ന് ഉറപ്പാക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ. അധോലോക ബന്ധമുള്ള ക്രിമിനലുകളാണ് സേനാ തലപ്പത്തെന്ന അൻവറിന്റെ ആരോപണം ശരിവെച്ചാണ് അന്വേഷണം പ്രഖ്യാപിച്ചതും സ്ഥാനത്ത് നിന്നും നീക്കാനുളള നടപടികളിലേക്കും മുഖ്യമന്ത്രിയെത്തിയത്.
എഡിജിപിക്ക് പുറമേ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിക്കെതിരെയും അൻവർ ഗുരുതര ആരോപണമുയർത്തിയിരുന്നു. പി ശശിയ്ക്കാണ് ആഭ്യന്തരവകുപ്പിന്റെ ചുമതലയെന്നും ശശിയാണ് അജിത് കുമാറിന് പിന്തുണ നൽകുന്നതെന്നുമായിരുന്നു അൻവറിന്റെ വാദം. എഡിജിപി മന്ത്രിമാരുടെ ഫോണുകൾ വരെ ചോർത്തിയെന്ന ആരോപണം സർക്കാറിനെയാകെ ഉലച്ചു. അജിത് കുമാറിനെ കൈവിട്ട മുഖ്യമന്ത്രി ഇനി ശശിയുടെ കാര്യത്തിൽ എന്ത് തീരുമാനിക്കുമെന്നാണ് കണ്ടറിയേണ്ടത്.
കെട്ടിയിട്ട് പീഡിപ്പിച്ചെന്ന പരാതിയിൽ സന്തോഷ് വർക്കി കോടതിയിൽ; മുൻകൂർജാമ്യ ഹർജി നൽകി