കോഴിക്കോട്: കൂടത്തായിയിൽ, കുടുംബാംഗങ്ങൾ ഒരോരുത്തരെയും ജോളി കൊലപ്പെടുത്തിയതിന്റെ വിശദാംശങ്ങൾ പുറത്ത്. ജോളിയുടെ ആദ്യ ഭര്‍ത്താവ് റോയ് തോമസിന്‍റെ അമ്മ അന്നമ്മയെ ഭക്ഷണത്തിൽ കീടനാശിനി ചേർത്താണ് കൊലപ്പെടുത്തിയത്. റോയ് തോമസിന്‍റെ അച്ഛന്‍ ടോം തോമസിനും ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജുവിന്‍റെ ആദ്യ ഭാര്യ സിലിക്കും വൈറ്റമിൻ കാപ്സ്യൂളിൽ സയനൈഡ് നിറച്ച് നൽകി. റോയിക്കും അന്നമ്മയുടെ സഹോദരന്‍ മഞ്ചാടി മാത്യുവിനും മദ്യത്തിലും, ഷാജുവിന്‍റെയും സിലിയുടെയും മകള്‍ ആൽഫൈന് ഭക്ഷണത്തിലും വിഷം നൽകി കൊലപ്പെടുത്തിയെന്നാണ് വിവരം. ഇതിൽ ആൽഫൈന്റ കൊലപാതകം ജോളി നിഷേധിച്ചു.

കൊലപാതകവുമായി ബന്ധപ്പെട്ട പ്രധാന കേന്ദ്രങ്ങളില്‍ ജോളിയടക്കമുള്ള മൂന്ന് പ്രതികളുമായി പൊലീസ് ഇന്ന് തെളിവെടുപ്പ് നടത്തി. തെളിവെടുപ്പിനിടെ കേസിൽ നിർണായക തെളിവുകൾ കണ്ടെത്തിയതായിയെന്നാണ് സൂചന. പൊന്നാമറ്റം വീട്ടിൽ ജോളിയെ എത്തിച്ച് നടത്തിയ തെളിവെടുപ്പില്‍ കൊലപാതകത്തിനുപയോഗിച്ച പൊട്ടാസ്യം സയനൈഡ് അടക്കമുള്ള തെളിവുകൾ കണ്ടെത്തിയതായാണ് ലഭിക്കുന്ന വിവരം. തുടർന്ന് മഞ്ചാടി മാത്യുവിന്റെ വീട്ടിലാണ് തെളിവെടുപ്പ് നടന്നത്. പിന്നീട് പുലിക്കയത്തെ ഷാജുവിന്റെ വീട്ടിലും താമരശേരിയിൽ സിലി കൊല്ലപ്പെട്ട ദന്തല്‍ ക്ലിനിക്കിലും തെളിവെടുപ്പ് നടന്നു. ദന്തല്‍ ക്ലിനിക്കിൽ സിലിയുടെ സഹോദരൻ സിജോയുടെ സാന്നിധ്യത്തിലായിരുന്നു തെളിവെടുപ്പ്. 

Also Read: കൂടത്തായി: പൊന്നാമറ്റത്തെ തെളിവെടുപ്പ് പൂർത്തിയായി, നിർണായക തെളിവുകൾ ലഭിച്ചെന്ന് സൂചന

താന്‍ അധ്യാപികയാണെന്ന് ജോളി പ്രചരിപ്പിച്ച എൻഐടി പരിസരത്താണ് അവസാനം തെളിവെടുപ്പ് നടന്നത്. സുലേഖയുടെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിച്ചിരുന്ന ബ്യൂട്ടി പാര്‍ലറിലും സമീപത്തുള്ള പള്ളിയിലും ജോളിയെ പൊലീസ് കൊണ്ടുപോയി. എൻഐടിയുടെ ക്യാന്റീനില്‍ ജോളിയെ പല തവണ കണ്ടിട്ടുണെന്ന് എന്നാല്‍ നേരിട്ട് പരിചയമില്ലെന്നും ജീവനക്കാരന്‍ ഭീംരാജ് പറഞ്ഞു. 100 ലേറെ പൊലീസ് ഉദ്യോഗസ്ഥരുടെ സംരക്ഷണയിലാണ് പ്രതികളെ വിവിധ കേന്ദ്രങ്ങളിൽ തെളിവെടുപ്പിനെത്തിച്ചത്. തെളിവെടുപ്പിന് ശേഷം ജോളിയുടെ ഭര്‍ത്താവ് ഷാജുവിനെയും അച്ഛന്‍ സക്കറിയയെയും പൊലീസ് ചോദ്യം ചെയ്തു. എല്ലാ മരണങ്ങളെക്കുറിച്ചും അറിവുണ്ടായിരുന്നുവെന്ന് രണ്ടാം പ്രതി മാത്യു പൊലീസിന് മൊഴി നല്‍കി. ഇതോടെ മാത്യു കേസിലെ നിര്‍ണ്ണായഘടകമായി മാറി.

കൂടത്തായിയിലെ അഞ്ച് കൊലപാതകങ്ങളും മാത്യുവിന്‍റെ അറിവോടെ? വിശദമായ ചോദ്യം ചെയ്യലിന് പൊലീസ്

 2002 ല്‍ ആട്ടിന്‍ സൂപ്പ് കഴിച്ച ശേഷം കുഴഞ്ഞുവീണ് അന്നമ്മയാണ് ആദ്യം മരിച്ചത്. 2008 ല്‍ ടോം തോമസ് മരിച്ചു. 2011ല്‍ കടലക്കറിയും ചോറും കഴിച്ച ഉടനായിരുന്നു റോയ് തോമസ് മരിച്ചത്. 2014 ല്‍ അന്നമ്മയുടെ സഹോദരന്‍ മാത്യു മരിച്ചു. പിന്നാലെ ഷാജുവിന്‍റെ മകള്‍ ആൽഫൈനും സിലി 2016 ലും മരിച്ചു. റോയിയുടെ മരണത്തോടെയാണ് സംശയത്തിന്‍റെ തുടക്കം. ഭക്ഷണം കഴിച്ച ശേഷം കുഴഞ്ഞുവീണാണ് എല്ലാവരും മരിക്കുന്നത്. റോയിയുടെ മരണം ഹൃദയാഘാതം മൂലമാണെന്നായിരുന്നു കുടുംബം പറഞ്ഞത്. എന്നാല്‍ പോസ്റ്റ് മോര്‍ട്ടത്തില്‍ വിഷത്തിന്‍റെ അംശം കണ്ടെത്തി. പൊലീസ് ആത്മഹത്യയെന്ന നിഗമനത്തിലായിരുന്നു. 

Read Also: കൂടത്തായിയില്‍ തെളിവെടുപ്പ്; കൂവിവിളിച്ച് നാട്ടുകാര്‍, വന്‍ സുരക്ഷയൊരുക്കി പൊലീസ്