തിരുവനന്തപുരം കുളത്തൂരിൽ പ്ലസ്ടു വിദ്യാര്‍ത്ഥിയുടെ കഴുത്തറത്തു. സംഭവത്തിൽ കുളത്തൂര്‍ സ്വദേശി അഭിജിത്ത് പിടിയിലായി. ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ത്ഥിയായ ഫൈസലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്ത് പ്ലസ്ടു വിദ്യാര്‍ത്ഥിക്കുനേരെ ആക്രമണം. പ്ലസ്ടു വിദ്യാര്‍ത്ഥിയെ ബ്ലേഡ് ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. തുമ്പ പൊലീസ് സ്റ്റേഷൻ പരിധിയിലെ കുലത്തൂരില്‍ വെച്ച് ഇന്ന് വൈകിട്ടോടെയാണ് സംഭവം. 17കാരന്‍റെ കഴുത്താണ് അറുത്തത്. സ്കൂള്‍ വിട്ട് വീട്ടിലേക്ക് സുഹൃത്തുക്കള്‍ക്കൊപ്പം പോകുന്നതിനിടെയാണ് സംഭവം. സംഭവത്തിൽ ആക്രമണം നടത്തിയ പ്രതിയെ തുമ്പ പൊലീസ് പിടികൂടി. കുളത്തൂര്‍ സ്വദേശിയായ അഭിജിത്താണ് പിടിയിലായത്. റേഷൻകടവ് സ്വദേശി ഫൈസൽ (17) ആണ് ആക്രമണത്തിനിരയായത്. അഭിജിത്തുമായി തർക്കം ഉണ്ടാവുകയും തുടർന്ന് വീട്ടിൽ നിന്നും ബ്ലേഡ് എടുത്ത് പിറകെ ഓടി ഫൈസലിന്‍റെ കഴുത്തിൽ ആഴത്തിൽ മുറിവേൽപ്പിക്കുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഫൈസലിനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കഴുത്തിൽ പത്തോളം തുന്നലുണ്ട്. നാട്ടുകാരും സുഹൃത്തുക്കളും ചേര്‍ന്ന് ഉടനെ ആശുപത്രിയിലെത്തിച്ചതിനാലാണ് കുട്ടിയുടെ ജീവൻ രക്ഷിക്കാനായത്. അടുത്ത് തന്നെ ആശുപത്രിയുണ്ടായതിനാലും അടിയന്തര ചികിത്സ നൽകാനായതിനാലുമാണ് കുട്ടി അപകടനില തരണം ചെയ്തതെന്നാണ് പൊലീസ് പറയുന്നത്. ആക്രമണത്തിന് പിന്നിൽ മറ്റെന്തെങ്കിലും പൂര്‍വ വൈരാഗ്യമുണ്ടോയെന്ന കാര്യത്തിലടക്കം അന്വേഷണം നടത്തേണ്ടതുണ്ടെന്നാണ് പൊലീസ് പറയുന്നത്.

YouTube video player