പിഎംശ്രീ പദ്ധതിയുടെ ആനുകൂല്യം മാത്രമേ നഷ്ടമാകൂ എന്നാണ് കേന്ദ്രം വ്യക്തമാക്കുന്നത്. പദ്ധതിയിൽ നിന്ന് പിന്മാറാൻ കഴിയില്ലേന്നും വലിയ ഭവിഷ്യത്ത് ഉണ്ടാകുമെന്നുമായിരുന്നു മുഖ്യമന്ത്രി അടക്കമുള്ള യുഡിഎഫ് നേതാക്കൾ പറഞ്ഞത്.

തിരുവനന്തപുരം: പി എം ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിന്റെ വാദം പൊളിയുന്നു. പി എം ശ്രീയിൽ നിന്ന് പിന്മാറിയാൽ കാര്യമായി ഒന്നും സംഭവിക്കില്ലെന്നാണ് കേന്ദ്രം വ്യക്തമാക്കുന്നത്. പിഎം ശ്രീ പദ്ധതിയിൽനിന്നും പിന്മാറുകയോ ചേരാതിരിക്കുകയോ ചെയ്താൽ പിഎം ശ്രീയുടെ ആനുകൂല്യങ്ങൾ മാത്രമേ നഷ്ടമാകൂ എന്നാണ് രാജ്യസഭയിൽ അബ്ദുൽ വഹാബ് എംപിയുടെ ചോദ്യത്തിന് കേന്ദ്ര സഹമന്ത്രി ജയന്ത് ചൗധരി മറുപടി നല്‍കിയത്. കേരളം പിഎം ശ്രീ പദ്ധതിയില്‍ ധാരണാപത്രം ഒപ്പിട്ട ശേഷം സ്‌കൂളുകളുടെ പട്ടിക നല്‍കിയിട്ടില്ലെന്നും കേന്ദ്രം രാജ്യസഭയില്‍ അറിയിച്ചു. പദ്ധതിയിൽ നിന്ന് പിന്മാറാൻ കഴിയില്ലെന്നും വലിയ ഭവിഷ്യത്ത് ഉണ്ടാകുമെന്നുമായിരുന്നു മുഖ്യമന്ത്രി അടക്കമുള്ള യുഡിഎഫ് നേതാക്കൾ പറഞ്ഞിരുന്നത്.

കേന്ദ്ര മറുപടി ഇടതുപക്ഷം സർക്കാറിനെതിരെ ആയുധമാക്കി. വഹാബിന് ലഭിച്ച മറുപടി വി ഡി സതീശന്റെ കാപട്യത്തിന്റെ മുഖംമൂടി വലിച്ച് കീറിയെന്നാണ് ഇടതുപക്ഷത്തിന്‍റെ വിമർശനം. ഇനിയെങ്കിലും പദ്ധതിയിൽ മുന്നോട്ട് പോകാൻ ബിജെപി സമ്മർദം ഉണ്ടെന്നും അതിന് വഴങ്ങുകയാണെന്നും യുഡിഎഫ് തുറന്നു പറയണമെന്ന് ജോൺ ബ്രിട്ടാസ് എംപി വിമർശിച്ചു. വിശ്വാസിയായ മന്ത്രി എൻ ഷംസുദ്ദീൻ നബിവചനങ്ങൾക്ക് എതിരായി പ്രവർത്തിച്ച് കാപട്യക്കാരനായെന്നും ബ്രിട്ടാസ് ദില്ലിയിൽ പറഞ്ഞു.

ഇളവ് കിട്ടുമെന്ന പ്രതീക്ഷയിൽ കേരളം

അതേസമയം, പി എം ശ്രീ പദ്ധതിയിൽ ഇളവ് കിട്ടുമെന്ന പ്രതീക്ഷയിലാണ് കേരളം. സംസ്ഥാന സിലബസ് പഠിപ്പിക്കാൻ മറ്റ് ചില സംസ്ഥാനങ്ങൾക്ക് അനുമതി നൽകിയതിലാണ് കേരളം പ്രതീക്ഷ വെക്കുന്നത്. സ്കൂളുകളുടെ തെരഞ്ഞെടുപ്പിലും സംസ്ഥാന സർക്കാറിന് അനുവാദം കിട്ടുമെന്നാണ് കേരളം പ്രതീക്ഷ വെക്കുന്നത്. പി എം ശ്രീ പദ്ധതി സംബന്ധിച്ച് ചർച്ച ചെയ്യാൻ മന്ത്രിസഭ ഉപ സമിതി അന്തിമ യോഗം ബുധനാഴ്ച്ച 3.30ന് ചേരും. ഓഗസ്റ്റ് രണ്ടാം വാരം ചേരുന്ന മന്ത്രിസഭ യോഗത്തിൽ ഉപസമിതി റിപ്പോർട്ട് ചർച്ച ചെയ്യും. ഓഗസ്റ്റ് രണ്ടാം വാരത്തോടെ കേന്ദ്രത്തിന് ഔദ്യോഗികമായി കത്ത് അയക്കും.