മലപ്പുറം: പോക്സോ കേസിൽ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചയാളെ കഞ്ചാവുമായി പിടികൂടി. പോക്സോ കേസ് പ്രതിയായ റിയാസ് ബാബു, ചെരികക്കാട് മുഹമ്മദലി എന്നിവരെ നാർക്കോട്ടിക് സ്പെഷ്യൽ ടീമും കൊണ്ടോട്ടി പൊലീസും ചേർന്നാണ് പിടികൂടിയത്.

മൂന്നര കിലോ കഞ്ചാവുമായി മോങ്ങം അരിമ്പ്ര റോഡിൽ പുലർച്ചെ അഞ്ചരയോടെയാണ് ഇവർ പിടിയിലായത്. രണ്ട് പേരും മോങ്ങം സ്വദേശികളാണ്. ജില്ലാ പൊലീസ് മേധാവിക്ക് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലായത്. നിരവധി കേസിൽ പ്രതിയായ പുല്ലാര റിയാസ് ബാബു എന്ന പല്ലി ബാബുവിനെ കുട്ടികളെ ലോഡ്ജിൽ വെച്ച് പീഡിപ്പിച്ചെന്ന പരാതിയിലാണ് പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചത്. 

മോങ്ങം ഭാഗത്ത് ലഹരി വിൽപന വ്യാപകമായ സാഹചര്യത്തിൽ ശക്തമായ നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പ്രതികൾ കഞ്ചാവ് വിതരണത്തിനായി ഉപയോഗിക്കുന്ന ഓട്ടോറിക്ഷയും പിടികൂടിയിട്ടുണ്ട്. ഇവരെ പിന്നീട് കോടതിയില്‍ ഹാജരാക്കും.