ഏഷ്യാനെറ്റ് ന്യൂസിനെതിരായ പോക്സോ കേസ് റദ്ദാക്കിയ ഹൈക്കോടതി വിധി നീതിയുടെ വിജയമെന്ന് കേരള പത്രപ്രവർത്തക യൂണിയൻ പ്രസ്താവനയിൽ അറിയിച്ചു. നിയമത്തിന്‍റെ നൂലാമാലയിൽ കുടുക്കി വാർത്തയുടെ മെറിറ്റിന് മേൽ നുണയുടെ കരിമ്പടം മൂടാനുള്ള ആസൂത്രിത നീക്കമാണ് കോടതി പൊളിച്ചടുക്കിയിരിക്കുന്നത്.

തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസിനെതിരായ പോക്സോ കേസ് റദ്ദാക്കിയ ഹൈക്കോടതി വിധി നീതിയുടെ വിജയമെന്ന് കേരള പത്രപ്രവർത്തക യൂണിയൻ പ്രസ്താവനയിൽ അറിയിച്ചു. നിയമത്തിന്‍റെ നൂലാമാലയിൽ കുടുക്കി വാർത്തയുടെ മെറിറ്റിന് മേൽ നുണയുടെ കരിമ്പടം മൂടാനുള്ള ആസൂത്രിത നീക്കമാണ് കോടതി പൊളിച്ചടുക്കിയിരിക്കുന്നത്. മാധ്യമ സ്വാതന്ത്ര്യം ഉയർത്തിപ്പിടിക്കുന്ന ഈ ചരിത്രവിധിയിലൂടെ നീതിയുടെ പൊൻപുലരിയാണ് പുലർന്നിരിക്കുന്നതെന്ന് യൂണിയൻ സംസ്ഥാന പ്രസിഡൻ്റ് കെ.പി റജിയും ജനറൽ സെക്രട്ടറി സുരേഷ് എടപ്പാളും പറഞ്ഞു.

വാർത്തയുടെ പേരിൽ മാധ്യമപ്രവർത്തകർക്ക് നേരെ നടക്കുന്ന ആസൂത്രിതമായ ഗൂഢനീക്കങ്ങൾക്ക് തടയിടാൻ ഈ വിധി പ്രചോദനമാകട്ടെയെന്നും കേരള പത്രപ്രവര്‍ത്തക യൂണിയൻ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസ് നൽകിയ ഹർജിയിലാണ് ആറു മാധ്യമപ്രവർത്തകര്‍ക്കെതിരായ പോക്സോ കേസ് ഹൈക്കോടതി സിംഗിൾ ബെഞ്ച് അസാധുവാക്കിയത്. കുറ്റപത്രത്തിൽ പൊലീസ് ആരോപിച്ച കുറ്റങ്ങൾ നിലനിൽക്കില്ലെന്ന് വിലയിരുത്തിയാണ് കോടതിയുടെ സുപ്രധാന വിധി.

പോക്സോ, ജുവനൈൽ ജസ്റ്റിസ് കുറ്റങ്ങൾക്കുപുറമേ ക്രിമിനൽ ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കൽ, വ്യാജ ഇലക്ട്രോണിക് രേഖ ചമയ്ക്കൽ, തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങളാണ് ചുമത്തിയിരുന്നത്. എക്സിക്യുട്ടീവ് എഡിറ്റർ സിന്ധു സൂര്യകുമാർ, റസിഡൻറ് എഡിറ്റർ കെ ഷാജഹാൻ, റിപ്പോർട്ടർ നൗഫൽ ബിൻ യൂസഫ്, വീഡിയോ എഡിറ്റർ വിനീത് ജോസ്, ക്യാമറാമാൻ വിപിൻ മുരളി തുടങ്ങിയവരെയാണ് കോടതി കുറ്റമുക്തരാക്കിയത്. 

കുറ്റപത്രം റദ്ദാക്കിയ ഹൈക്കോടതി വിചാരണ ചെയ്യാനുളള തെളിവുകളില്ലെന്ന് കണ്ടെത്തി. ലഹരിവ്യാപനത്തിനെതിരായ ഏഷ്യാനെറ്റ് ന്യൂസ് വാർത്താ പരമ്പര സദുദ്ദേശത്തോടെയുള്ളതാണെന്നും റിപ്പോർട്ടുകൾ സാമൂഹ്യ നൻമ ലക്ഷ്യമിട്ടായിരുന്നുവെന്നും കോടതി നിരീക്ഷിച്ചു.

'പൊതുസമൂഹത്തോട് മുഖ്യമന്ത്രി മാപ്പുപറയണം'; നീതിന്യായ വ്യവസ്ഥയിൽ വിശ്വാസം ഉറപ്പിക്കുന്ന വിധിയെന്ന് വിഡി സതീശൻ

YouTube video player