മുൻ ഇമാം ഷെഫീഖ് അൽ ഖാസിമിയുടെ ജാമ്യാപേക്ഷ തിരുവനന്തപുരം പോക്സോ കോടതി തള്ളി

തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി മുൻ ഇമാം ഷെഫീഖ് അൽ ഖാസിമിയുടെ ജാമ്യാപേക്ഷ തിരുവനന്തപുരം പോക്സോ കോടതി തള്ളി. കേസിൽ മുൻ ഇമാം ഷെഫീക് ഖാസിമി കുറ്റം സമ്മതിച്ചതായി പൊലീസ് നേരത്തേ വ്യക്തമാക്കിയിരുന്നു. വീട്ടില്‍ വിടാമെന്ന് പറഞ്ഞാണ് പഠിക്കുന്ന സ്ഥാപനത്തിൽ നിന്ന് പെണ്‍കുട്ടിയെ ഇന്നോവ കാറിൽ കയറ്റിയതെന്ന് ഷെഫീക്ക് പൊലീസിന് മൊഴി നൽകിയിരുന്നു. 

തുടർന്ന് ഇയാൾ പെൺകുട്ടിയെ പേപ്പാറയിലുള്ള വനത്തിനോട് ചേർ‍ന്നുള്ള പ്രദേശത്തുകൊണ്ടുപോയി. ഇവിടെ വച്ച് വാഹനത്തിനുള്ളിൽ കുട്ടിയെ കണ്ട സ്ത്രീകള്‍ ചോദ്യം ചെയ്തപ്പോള്‍ രക്ഷപ്പെടുകയായിരുന്നു എന്നും പ്രതി മൊഴി നൽകിയിട്ടുണ്ട്. 

പൊലീസ് നേരത്തെ അറസ്റ്റു ചെയ്ത, ഷെഫീഖിന്‍റ സഹോദരൻ നൗഷാദാണ് ഇയാൾക്ക് പോകാനുള്ള സഹായം നൽകിയത്. നൗഷാദിന്‍റെ അറസ്റ്റിന് ശേഷം ലഭിച്ച സൂചനയുടെ അടിസ്ഥാനത്തിൽ ഒരു ലോഡ്ജിൽ നിന്ന് ലഭിച്ച സിസിടിവി ദൃശ്യങ്ങളാണ് ഷെഫീഖ് അൽ ഖ്വാസിമിയെ കുരുക്കാൻ പൊലീസിനെ സഹായിച്ചത്.