പോക്സോ കേസ്: സിപിഎം ജില്ലാ കമ്മറ്റി അംഗത്തിന് സസ്പെൻഷൻ
പ്രായപൂർത്തിയാവാത്ത ആൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ഇയാൾക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. വിമർശനം ശക്തമായതോടെയാണ് പാർട്ടി നടപടിയുമായി മുന്നോട്ടെത്തിയത്.

മലപ്പുറം: പോക്സോ കേസിൽ സിപിഎം ജില്ലാ കമ്മറ്റി അംഗത്തിന് സസ്പെൻഷൻ. മലപ്പുറം ജില്ലാ കമ്മിറ്റി അംഗം വേലായുധൻ വള്ളിക്കുന്നിനെയാണ് സസ്പെൻഡ് ചെയ്തത്. ഇന്നലെ ചേർന്ന സിപിഎം ജില്ലാ നേതൃയോഗമാണ് നടപടി സ്വീകരിച്ചത്. പ്രായപൂർത്തിയാവാത്ത ആൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ഇയാൾക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. എന്നാൽ പാർട്ടി നടപടിയെടുത്തിരുന്നില്ല. ഇതിനെതിരെ വ്യാപകമായി വിമർശനം ശക്തമായതോടെയാണ് പാർട്ടി നടപടിയുമായി മുന്നോട്ടെത്തിയത്.
കോഴിക്കോട് നല്ലളം പൊലീസ് സ്റ്റേഷൻ പരിധിയിൽ ആയിരുന്നു സംഭവം. ബസ് യാത്രയ്ക്കിടെ ഇയാൾ ആൺകുട്ടിയോട് മോശമായി പെരുമാറുകയായിരുന്നു. എന്നാൽ സംഭവം ശ്രദ്ധയിൽപെട്ടില്ലെന്നാണ് സിപിഎം മലപ്പുറം ജില്ലാ ഘടകം പറഞ്ഞിരുന്നത്. പോക്സോ നിയമത്തിലെ ഏഴ്, എട്ട് വകുപ്പുകളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. ദുർബലമായ വകുപ്പുകളാണ് ചുമത്തിയതെന്നും രാഷ്ട്രീയ സ്വാധീനമാണ് ഇതിന് കാരണമെന്നും ആരോപണം ഉയർന്നിരുന്നു.
പരാതിയുടെ അടിസ്ഥാനത്തിൽ കുട്ടിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. കേസ് നല്ലളം പൊലീസിന് കൈമാറുമെന്ന് പരപ്പനങ്ങാടി പൊലീസ് അറിയിച്ചു. പോക്സോ നിയമപ്രകാരം 1 165/23 എന്ന ക്രൈം നമ്പരിലാണ് വേലായുധൻ വള്ളിക്കുന്നിനെതിരെ കേസെടുത്തിരിക്കുന്നത്.
പട്ടികജാതിക്ഷേമ ബോർഡ് മുൻ അംഗമാണ് വേലായുധൻ വള്ളിക്കുന്ന്. സിപിഎമ്മിന്‍റെ വള്ളിക്കുന്ന് മേഖലയിലെ മുതിർന്ന നേതാവാണ് വേലായുധൻ വള്ളിക്കുന്ന്. വേലായുധൻ വള്ളിക്കുന്നിനെതിരെ നേരത്തെയും സമാന പരാതികൾ ഉയർന്നിട്ടുള്ളതായി റിപ്പോർട്ടുണ്ട്.
https://www.youtube.com/watch?v=lHDO4MBS9t8
https://www.youtube.com/watch?v=Ko18SgceYX8