സുപ്രീം കോടതി ഉത്തരവിൻ്റെ അടിസ്ഥാനത്തിലാണ് ഈ നടപടി. 2025 ഏപ്രിലിൽ 304 തസ്തികകൾ സൃഷ്ടിച്ചിരുന്നു.

തിരുവനന്തപുരം: പോക്സോ കേസുകളിലെ അന്വേഷണം ഊർജിതമാക്കുന്നതിനായി സംസ്ഥാനത്തെ 20 പോലീസ് ജില്ലകളിലും ഡി.വൈ.എസ്.പിമാരുടെ കീഴിൽ 16 അംഗ പ്രത്യേക ടീമിന് രൂപം നൽകി ഉത്തരവായി. സംസ്ഥാന പോലീസ് മേധാവി സമർപ്പിച്ച ശുപാർശ അംഗീകരിച്ചുകൊണ്ടാണ് സർക്കാർ ഈ നടപടി സ്വീകരിച്ചത്.

പുതിയ ഉത്തരവ് പ്രകാരം, ഓരോ ജില്ലയിലും പോക്സോ കേസുകൾ അന്വേഷിക്കുന്നതിനായി ഡി.വൈ.എസ്.പിക്ക് കീഴിൽ രണ്ട് എസ്.ഐമാർ, രണ്ട് എ.എസ്.ഐമാർ, ആറ് സീനിയർ സിവിൽ പോലീസ് ഓഫീസർമാർ (എസ്.സി.പി.ഒ), അഞ്ച് സിവിൽ പോലീസ് ഓഫീസർമാർ (സി.പി.ഒ) എന്നിങ്ങനെയാണ് 16 അംഗ ടീം പ്രവർത്തിക്കുക. 2019 നവംബറിലെ സുപ്രീം കോടതി ഉത്തരവിൻ്റെ അടിസ്ഥാനത്തിലാണ് ഈ നടപടി. പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുന്നതിൻ്റെ ഭാഗമായി 2025 ഏപ്രിലിൽ 304 തസ്തികകൾ സൃഷ്ടിച്ചിരുന്നു.

ഇതിൻ്റെ ഭാഗമായി 16 പൊലീസ് ജില്ലകളിലെ നിലവിലുള്ള നാർക്കോട്ടിക് സെല്ലുകളെ 'ഡി.വൈ.എസ്.പി നാർക്കോട്ടിക് സെൽ ആൻഡ് ജെൻഡർ ജസ്റ്റിസ്' എന്ന് പുനർനാമകരണം ചെയ്തു. കൂടാതെ, ഈ ഡി.വൈ.എസ്.പിമാർക്ക് പോക്സോ കേസുകളുടെ അധിക ചുമതലയും നൽകിയിട്ടുണ്ട്. നാർക്കോട്ടിക് സെല്ലുകൾ നിലവിലില്ലാത്ത തൃശ്ശൂർ റൂറൽ, തൃശ്ശൂർ സിറ്റി, കൊല്ലം സിറ്റി, കൊല്ലം റൂറൽ എന്നിവിടങ്ങളിൽ നാല് പുതിയ ഡി.വൈ.എസ്.പി തസ്തികകളും സൃഷ്ടിച്ചിട്ടുണ്ട്.