അസ്വഭാവിക മരണത്തിന് കേസെടുത്ത പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മരണം കൊലപാതകമാകണെന്ന് തെളിഞ്ഞത്.
തൃശൂർ: സുഹൃത്തിനെ കൊലപ്പെടുത്തിയ കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതിയെ പിടികൂടി. കൂളിമുട്ടം സ്വദേശി അരുൺ (40) നെയാണ് മതിലകം പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍റ് ചെയ്തു. 2020 ലാണ് കേസിനാസ്പദമായ സംഭവം. മതിലകം പൊരിബസാറിലുള്ള വാടക വീട്ടിൽ വെച്ച് അഴീക്കോട് സ്വദേശിയായ രാജേഷ് (48) നെ യാണ് കൊലപ്പെടുത്തിയത്. ഒരുമിച്ചിരുന്ന് മദ്യപിക്കുകയും മദ്യലഹരിയിൽ ഉണ്ടായ തർക്കത്തിനിടയിൽ പ്രതി രാജേഷിനെ കാലുകൊണ്ട് നെഞ്ചത്ത് ചവിട്ടിയതിനെ തുടർന്ന് വാരിയെല്ല് തകർന്ന് ആന്തരിക രക്തസ്രാവം ഉണ്ടാവുകയും തുടർന്ന് രാജേഷ് മരണപ്പെടുകയുമായിരുന്നു.
അസ്വഭാവിക മരണത്തിന് കേസെടുത്ത പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മരണം കൊലപാതകമാകണെന്ന് തെളിഞ്ഞത്. ഈ കേസിൽ അറസ്റ്റിലായ അരുൺ കോടതിയിൽ നിന്ന് ജാമ്യത്തിലറങ്ങി വീട്ടിൽ വരാതെ പല സ്ഥലങ്ങളിലായി ഒളിവിൽ കഴിഞ്ഞ് വരുന്നതിനിടെയാണ് കൊടുങ്ങല്ലൂരിൽ നിന്നും പ്രതിയെ അറസ്റ്റ് ചെയ്തത്. മതിലകം പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഷാജി, എസ്ഐ മുഹമ്മദ് റാഫി, സിപിഒ മാരായ സബീഷ്, സനീഷ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
