തിരുവനന്തപുരം/മലപ്പുറം: മദ്യപാനം കൊവിഡ് 19 നെ ചെറുക്കുമെന്ന് നവ മാധ്യമങ്ങൾ വഴി തെറ്റായ പ്രചരണം നടത്തിയ വ്യക്തിക്കെതിരെ കേസെടുത്തു. മുകേഷ് എന്ന ആൾക്കെതിരെയാണ് തിരുവനന്തപുരത്ത് കേസെടുത്തത്. വൈറസ് ബാധ സംബന്ധിച്ച് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചതിനും ജാഗ്രതാ നിര്‍ദേശങ്ങള്‍ ലംഘിച്ചതിനും മലപ്പുറം ജില്ലയില്‍ എട്ട് പേര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. 

മലപ്പുറത്തെ ചങ്ങരംകുളം, പെരിന്തല്‍മണ്ണ, കൊണ്ടോട്ടി പൊലീസ് സ്റ്റേഷനുകളില്‍ രണ്ട് വീതവും പൊന്നാനി, മേലാറ്റൂര്‍ സ്റ്റേഷനുകളില്‍ ഓരോ കേസുകളുമാണ് രജിസ്റ്റര്‍ ചെയ്തത്. തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുക, ജാഗ്രതാ നിര്‍ദേശങ്ങള്‍ ലംഘിക്കുക തുടങ്ങിയ കുറ്റങ്ങള്‍ക്ക് മൂന്ന് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന വകുപ്പുകള്‍ പ്രകാരമാണ് പൊലീസ് കേസെടുത്തത്.

അതേസമയം, മലപ്പുറം ജില്ലയില്‍ കൊവിഡ് 19 സ്ഥിരീകരിച്ച വണ്ടൂര്‍ വാണിയമ്പലം സ്വദേശിനിയുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയ 194 പേരെയും അവരുമായി സമ്പര്‍ക്കമുണ്ടായ 104 പേരെയും കണ്ടെത്തി. അരീക്കോട് ചെമ്രക്കാട്ടൂര്‍ സ്വദേശിനിയുമായി നേരിട്ടു സമ്പര്‍ക്കമുണ്ടായ 110 പേരെയും അവരുമായി ബന്ധപ്പെട്ട 67 പേരെയും ഇതുവരെ കണ്ടെത്തി. മലപ്പുറം ജില്ലയിലിപ്പോള്‍ 2213 പേരാണ് പ്രത്യേക നിരീക്ഷണത്തിലുള്ളത്. 17 പേര്‍ ആശുപത്രികളിലെ ഐസൊലേഷന്‍ വാര്‍ഡുകളിലാണ്. 

Also Read: കൊവിഡ് ബാധിച്ച വണ്ടൂർ സ്വദേശിനിയുമായി നേരിട്ട് സമ്പർക്കം പുലർത്തിയത് 194 പേർ