കൊല്ലം: ലോക്ക്ഡൗണ് നിർദേശം ലംഘിച്ചതിന് കെപിസിസി വൈസ് പ്രസിഡന്റ് ശൂരനാട് രാജശേഖരന് എതിരെ ചാത്തന്നൂർ പൊലീസ് കേസ് എടുത്തു. ട്രിപ്പിൾ ലോക്ക് ഡൗൺ പ്രഖ്യാപിച്ച ചാത്തന്നൂരിൽ നിന്ന്‌ കലക്ടറേറ്റിൽ മത്സ്യ തൊഴിലാളി കോൺഗ്രസ് സമരം ഉദ്‌ഘാടനം ചെയ്യാൻ ശൂരനാട് രാജശേഖരൻ എത്തിയിരുന്നു. തുടര്‍ന്ന് നിരീക്ഷണത്തിൽ പോകാനും വാഹനത്തിന് പിഴ അടക്കാനും പൊലീസ് നിർദേശിച്ചു. ഇതിന് പിന്നാലെയാണ് കേസെടുത്തത്.എന്നാൽ സത്യവാങ്മൂലം എഴുതി നൽകി പൊലീസിന്റെ അനുമതി വാങ്ങിയ ശേഷമാണ് താൻ പോയതെന്നാണ് ശൂരനാട് രാജശേഖരൻ വിഷയത്തിൽ പ്രതികരിച്ചത്.

'ലോക് ഡൗൺ ലംഘിച്ചിട്ടില്ല', മന്ത്രി കടകംപള്ളിക്ക് പൊലീസിന്‍റെ ക്ലീൻ ചിറ്റ്

നേരത്തെ ലോക്ഡൗൺ ചട്ടലംഘനം നടത്തിയെന്ന ആരോപണവിധേയനായ മന്ത്രി കടകംപള്ളി സുരേന്ദ്രന് പൊലീസ് ക്ലീൻ ചിറ്റ് നല്‍കിയിരുന്നു. മന്ത്രി ലോക് ഡൗൺ ലംഘിച്ചിട്ടില്ലെന്നും കമ്യൂണിറ്റി കിച്ചൻ സന്ദർശിക്കാനാണ് മന്ത്രി വന്നതെന്നുമാണ് പൊലീസ് നൽകുന്ന വിശദീകരണം. പരിപാടിയിൽ ആള്‍ത്തിരക്കുണ്ടായിരുന്നില്ല. പങ്കെടുത്ത എല്ലാവരും മാസ്ക് ധരിച്ചിരുന്നുവെന്നും പൊലീസ് വ്യക്തമാക്കുന്നു. കഴിഞ്ഞ മാസം 27 ന് പോത്തന്‍കോട് സ്കൂളിൽ സംഘടിപ്പിച്ച ചടങ്ങിൽ മന്ത്രി ലോക്ഡൗൺ ചട്ടം ലംഘിച്ച് പങ്കെടുത്തതിനെതിരെയാണ് പ്രതിപക്ഷമടക്കം രംഗത്തെത്തിയത്.