തിരുവനന്തപുരം: ലോക്ഡൗൺ ചട്ടലംഘനം നടത്തിയെന്ന ആരോപണത്തില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന് കേരളാ പൊലീസിന്‍റെ ക്ലീൻ ചിറ്റ്. മന്ത്രി ലോക് ഡൗൺ ലംഘിച്ചിട്ടില്ലെന്നും കമ്യൂണിറ്റി കിച്ചൻ സന്ദർശിക്കാനാണ് മന്ത്രി വന്നതെന്നുമാണ് പൊലീസ് നൽകുന്ന വിശദീകരണം. പരിപാടിയിൽ ആള്‍ത്തിരക്കുണ്ടായിരുന്നില്ല. പങ്കെടുത്ത  എല്ലാവരും മാസ്ക് ധരിച്ചിരുന്നുവെന്നും പൊലീസ് വ്യക്തമാക്കുന്നു. കഴിഞ്ഞ മാസം 27 ന് പോത്തന്‍കോട് സ്കൂളിൽ സംഘടിപ്പിച്ച ചടങ്ങിൽ മന്ത്രി ലോക്ഡൗൺ ചട്ടം ലംഘിച്ചതായി പരാതിയുയര്‍ന്നിരുന്നു. ഇതിനെതിരെ പ്രതിപക്ഷം രംഗത്തെത്തിയെങ്കിലും മുഖ്യമന്ത്രിയടക്കം മന്ത്രിയെ സംരക്ഷിക്കുന്ന നിലപാടായിരുന്നു സ്വീകരിച്ചിരുന്നത്. 

ടിപി വധക്കേസ് പ്രതിയുടെ ചിത്രം ഡിവൈഎഫ്ഐയുടെ ഫോട്ടോ പ്രദർശന മത്സരത്തിൽ

അതിനിടെ ലോക് ഡൗൺ ചട്ടങ്ങൾ ലംഘിച്ചതിന് മന്ത്രിക്കെതിരെ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജിയും സമ‍ര്‍പ്പിക്കപ്പെട്ടു 
തിരുവനന്തപുരം സ്വദേശി അഡ്വക്കേറ്റ് എം മുനീർ ആണ് ഹൈക്കോടതിയെ സമീപിച്ചത്. പരാതി നൽകിയിട്ടും പൊലീസ് കേസെടുക്കാൻ തയ്യാറായില്ലെന്നും ഹർജിക്കാരൻ ആരോപിച്ചു. ലോക്ക് ഡൗൺ മാർഗനിർദേശം ലംഘിച്ച മന്ത്രിക്കെതിരെ പരാതി നൽകിയിട്ടും കേസെടുക്കാത്തതിൽ പ്രതിപക്ഷത്തിന്‍റെ പ്രതിഷേധം തുടരുന്നതിനിടെയാണ് പൊലീസിന്‍റെ ക്ലീൻ ചിറ്റ്.