മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന ബിനുവിന്റെ ആരോഗ്യനില സംബന്ധിച്ച് പൊലീസ് അന്വേഷിക്കുകയാണ്. മൊഴിയെടുക്കാനുള്ള സാഹചര്യം പൊലീസ് ഡോക്ടറോട് സംസാരിക്കുന്നുണ്ട്. മജിസ്ട്രേറ്റിന്റെ സാന്നിധ്യത്തിലായിരിക്കും മൊഴിയെടുക്കുക.
തിരുവനന്തപുരം: ചെങ്കോട്ടുകോണത്ത് സുഹൃത്ത് തീ കൊളുത്തിയ സ്ത്രീ മരിച്ച സംഭവത്തിൽ പ്രതി ബിനുവിൻ്റെ മൊഴിയെടുക്കാനാകാതെ പൊലീസ്. വീട്ടിൽ നിന്ന് വിളിച്ചിറക്കിയ സരിതയുടെ ശരീരത്തിലേക്ക് ബിനു പെട്രോളൊഴിക്കുകയായിരുന്നു. 80 ശതമാനം പൊള്ളലേറ്റ സരിത മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ ഇന്ന് രാവിലെയാണ് മരണത്തിന് കീഴടങ്ങിയത്. എന്നാൽ സംഭവത്തിൽ പൊള്ളലേറ്റ ബിനുവിന്റെ മൊഴിയെടുക്കാൻ പൊലീസിന് ഇതുവരേയും കഴിഞ്ഞിട്ടില്ല. മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന ബിനുവിന്റെ ആരോഗ്യനില സംബന്ധിച്ച് പൊലീസ് അന്വേഷിക്കുകയാണ്. മൊഴിയെടുക്കാനുള്ള സാഹചര്യം പൊലീസ് ഡോക്ടറോട് സംസാരിക്കുന്നുണ്ട്. മജിസ്ട്രേറ്റിന്റെ സാന്നിധ്യത്തിലായിരിക്കും മൊഴിയെടുക്കുക.
അതേസമയം, എന്താണ് ഇത്തരത്തിലുള്ള പ്രകോപനത്തിന് കാരണമെന്നാണ് പൊലീസ് അന്വേഷിക്കുന്നത്. വ്യക്തി വൈരാഗ്യം ഉണ്ടായിരുന്നുവെങ്കിലും പെട്രോളൊഴിച്ച് കൊലപ്പെടുത്താനുള്ള സാഹചര്യം പൊലീസ് അന്വേഷിക്കുന്നുണ്ട്. ഇവരെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുന്നതേയുള്ളൂ. രാത്രി മേലെ കുണ്ടയത്തുള്ള വീട്ടിലെത്തി സരിതയെ ബിനു വിളിച്ചിറക്കി കൊണ്ടുപോവുകയായിരുന്നു. ശേഷം ഇരുവരും തമ്മില്‍ സംസാരവും വാക്കേറ്റവും ഉണ്ടായതായി നാട്ടുകാർ പറയുന്നു. ഇതിനൊടുവില്‍ കയ്യില്‍ കരുതിയിരുന്ന പെട്രോളെടുത്ത് സരിതയുടെ ദേഹത്തൊഴിച്ച് തീ കൊളുത്തി. ഗുരുതരമായി പൊള്ളലേറ്റ ഇവരെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.
കന്നാസിൽ 5 ലിറ്റർ പെട്രോളുമായിട്ടാണ് ഇയാൾ എത്തിയത്. തീ കത്തിച്ചപ്പോൾ ഇയാളുടെ ദേഹത്തും തീ പടർന്നിരുന്നു. തുടർന്ന് ബിനു വീട്ടിനു പിന്നിലെ കിണറ്റിലേക്ക് എടുത്തു ചാടുകയും ചെയ്തിരുന്നു. ഇവിടെ നിന്ന് അഗ്നിശമനസേന എത്തിയാണ് ഇയാളെ രക്ഷപ്പെടുത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവിൽ ബിനു ആശുപത്രിയിൽ തുടരുകയാണ്.
