സ്വര്‍ണ്ണക്കടത്ത് സംഘം തട്ടിക്കൊണ്ടു പോയ ഇര്‍ഷാദിന്‍റെ ബന്ധുക്കളുടെ ഫോണിലേക്കെത്തിയ വാട്‍സ് ആപ് സന്ദേശം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പൊലീസിന് നിര്‍ണ്ണായക വിവരങ്ങള്‍ കിട്ടിയത്.
കോഴിക്കോട്: പന്തിരിക്കരയില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയ സ്വര്‍ണക്കടത്ത് സംഘത്തെ പൊലീസ് തിരിച്ചറിഞ്ഞു. കൈതപ്പൊയില്‍ സ്വദേശിയുടെ നേതൃത്വത്തിലുള്ള സംഘമാണ് തട്ടിക്കൊണ്ട് പോകലിന് പിന്നിലെന്നാണ് സൂചന. എന്നാല്‍ യുവാവിനെ തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുന്നത് എവിടെയെന്ന് ഇനിയും കണ്ടെത്താനായിട്ടില്ല. സ്വര്‍ണ്ണക്കടത്ത് സംഘം തട്ടിക്കൊണ്ടു പോയ ഇര്‍ഷാദിന്‍റെ ബന്ധുക്കളുടെ ഫോണിലേക്കെത്തിയ വാട്‍സ് ആപ് സന്ദേശം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പൊലീസിന് നിര്‍ണ്ണായക വിവരങ്ങള്‍ കിട്ടിയത്.
കൊടുവള്ളി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സംഘമാണ് പിന്നിലെന്ന് പൊലീസിന് വിവരം ലഭിച്ചു. സംഘത്തലവന്‍ താമരശ്ശേരി കൈതപ്പൊയില്‍ സ്വദേശിയെന്നാണ് സൂചന. ഇയാള്‍ വിദേശത്ത് ബിസിനസ് നടത്തുന്നുമുണ്ട്. നിലവില്‍ വിദേശത്തുള്ള ഇയാള്‍ അവിടെ നിന്നും നെറ്റ് ഫോണ്‍ കോള്‍ വഴി ഇര്‍ഷാദിന്‍റെ കുടുംബത്തെ ഭീഷണിപ്പെടുത്തിയിരുന്നുവെന്നാണ് വിവരം.
ഇര്‍ഷാദിന് ദുബൈയില്‍ വെച്ച് കൈമാറിയ സ്വര്‍ണ്ണം നാട്ടിലെത്തിയപ്പോള്‍ മറ്റി ചിലര്‍ക്ക് നല്‍കിയതാണ് തട്ടിക്കൊണ്ട് പോകലിലേക്ക് നയിച്ചത്. ഇതിനിടെ കേസുമായി ബന്ധപ്പെട്ട് പത്തനം തിട്ട സ്വദേശിയായ യുവതിയേയും പൊലീസ് കസ്റ്റഡിയിലെടുത്തു. വിദേശത്ത് നിന്ന് ഭര്‍ത്താവ് കൊടുത്തുവിട്ട സ്വര്‍ണ്ണം തനിക്ക് കൈമാറിയില്ലെന്ന് പറഞ്ഞ് നേരത്തെ യുവതി ഇര്‍ഷാദിന്‍റെ വീട്ടിലെത്തിയിരുന്നു. ഇവര്‍ക്കും സ്വര്‍ണ്ണക്കടത്തു സംഘവുമായി ബന്ധമുണ്ടെന്നാണ് പൊലീസിന്‍റെ നിഗമനം. പൊലീസ് അന്വേഷണം തുടരുമ്പോഴും ഭീഷണി തുടരുന്നതായി ഇര്‍ഷാദിന്‍റെ കുടുംബം പറയുന്നു.
ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി സമര്‍പ്പിക്കാനാണ് കുടുംബത്തിന്‍റെ തീരുമാനം. അതിനിടെ ഇന്നലെ കസ്റ്റഡിയില്‍ എടുത്ത സമീറിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കസ്റ്റഡിയിലെക്കാന്‍ ശ്രമിക്കുന്നതിനിടെ കൈയില്‍ മുറിവേല്‍പ്പിച്ച് സമീര്‍ ആത്മഹത്യാ ഭീഷണി മുഴക്കിയിരുന്നു. ദുബായില്‍ നിന്നും കൊണ്ടു വന്ന സ്വര്‍ണ്ണം സമീറിനും മറ്റു ചിലര്‍ക്കും കൈമാറിയെന്നാണ് ഇര്‍ഷാദ് കുടുംബാംഗങ്ങളോട് പറഞ്ഞത്.
