അർധരാത്രിയിലെ നിർമ്മാണ പ്രവർത്തനം മൂലം ഉറക്കം നഷ്ടപ്പെടുന്നുവെന്ന പരാതിയുമായെത്തിയ നാട്ടുകാരോട് ഇന്ന് രാത്രി നാട്ടുകാർ ഉറങ്ങേണ്ട എന്നായിരുന്നു പൊലീസിന്റെ മറുപടി
മലപ്പുറം: മലപ്പുറം തുവ്വൂരില്‍ അർധരാത്രിയിലെ നിർമ്മാണ പ്രവർത്തനം ചോദ്യം ചെയ്ത നാട്ടുകാർക്ക് പൊലീസിന്റെ പരിഹാസം. മണ്ണുമാന്തി യന്ത്രങ്ങൾ അടക്കം ഉപയോഗിച്ച് അർധരാത്രി മണ്ണെടുക്കുന്നതും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്യുന്നത് നാട്ടുകാരുടെ ഉറക്കം നഷ്ടപ്പെടുത്തുമെന്നായിരുന്നു പരാതി. പരാതി കേട്ട കരുവാരക്കുണ്ട് പൊലീസ് സ്റ്റേഷനിലെ എസ് ഐ ശശികുമാര്‍ ബുദ്ധിമുട്ടുണ്ടെങ്കില്‍ നാട്ടുകാർ ഇന്ന് ഉറങ്ങേണ്ട എന്നാണ് പറഞ്ഞത്. പൊലീസ് പരിഹസിച്ചെന്നാരോപിച്ച് നാട്ടുകാര്‍ മലപ്പുറം എസ് പിക്ക് പരാതി നല്‍കി.
രാത്രി തൂവ്വൂരിലെ സ്കൂൾ മൈതാനത്തിന് മതില്‍ കെട്ടുന്നതിനും സമീപത്തുനിന്ന് മണ്ണെടുക്കുന്നതിനും എതിരെയാണ് നാട്ടുകാർ രംഗത്തെത്തിയത്. സ്ഥലത്തിന്‍റെ ഉടമസ്ഥാവകാശത്തെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ ഹൈക്കോടതിയില്‍ നിന്നും അനുകൂല ഉത്തരവ് നേടിയാണ് പൊലീസ് സംരക്ഷണത്തില്‍ സ്കൂള്‍ മാനേജ്മെന്‍റ് മൈതാനത്ത് നിര്‍മ്മാണ പ്രവര്‍ത്തി ചെയ്യുന്നത്. പെട്ടന്നുണ്ടായ മാനസിക സമ്മര്‍ദ്ദത്തിലാണ് നാട്ടുകാരോട് ഉറങ്ങണ്ടായെന്ന് പറഞ്ഞതെന്നാണ് പൊലീസിന്‍റെ വിശദീകരണം.രാത്രിയിലെ നിര്‍മ്മാണ പ്രവര്‍ത്തി നിര്‍ത്തി വെക്കാൻ പറഞ്ഞിട്ടുണ്ടെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.


