ഇന്നലെയാണ് പാലക്കാട്‌ സൗത്ത് പൊലീസ് നോട്ടീസ് നൽകിയത്.

പാലക്കാട്: ദേശീയപതാകയെ അധിക്ഷേപിച്ചെന്ന പരാതിയിൽ ബിജെപി നേതാവ് എൻ ശിവരാജന് പൊലീസ് നോട്ടീസ്. ഹാജരാകണമെന്ന് കാണിച്ചു ഇന്നലെയാണ് പാലക്കാട്‌ സൗത്ത് പൊലീസ് നോട്ടീസ് നൽകിയത്. നോട്ടീസ് ലഭിച്ച സാഹചര്യത്തിൽ ജൂലായ് 7 ന് ഹാജരാകുമെന്ന് ശിവരാജൻ പ്രതികരിച്ചു. ഇന്ത്യൻ ദേശീയപതാകയ്ക്ക് പകരം കാവിക്കൊടി ദേശീയപാതയാക്കണമെന്നായിരുന്നു എൻ ശിവരാജൻ്റെ വിവാദ പ്രസ്താവന.

ഭാരതാംബ വിവാദത്തിൽ ബിജെപി നടത്തിയ പ്രതിഷേധ പരിപാടിയിലെ പുഷ്പാർച്ചനയ്ക്കുശേഷമായിരുന്നു ശിവരാജന്റെ പ്രസ്താവന. കോൺഗ്രസ് പച്ച പതാക ഉപയോഗിക്കട്ടെയെന്നും ഇന്ത്യൻ ചരിത്രമറിയാത്ത സോണിയാഗാന്ധിയും രാഹുൽഗാന്ധിയും ഇറ്റാലിയൻ കൊടി ഉപയോഗിക്കട്ടെയെന്നും ശിവരാജൻ പറഞ്ഞിരുന്നു. സിപിഎം വേണമെങ്കിൽ പച്ചയും വെള്ളയും പതാക ഉപയോഗിക്കട്ടെയന്നും കാവിക്കൊടി ഇന്ത്യൻ പതാകയാക്കണമെന്നാണ് തൻറെ അഭിപ്രായമെന്നും ശിവരാജൻ പറഞ്ഞു. ദേശീയപതാകയ്ക്ക് സമാനമായ പതാക രാഷ്ട്രീയപാർട്ടികൾ ഉപയോഗിക്കുന്നത് നിരോധിക്കണമെന്നും ശിവരാജൻ ആവശ്യപ്പെട്ടു.

പാലക്കാട് കോട്ടമൈതാനത്താണ് ദിവസങ്ങൾക്ക് മുമ്പ് ബിജെപിയുടെ പുഷ്പാർച്ചനയും പ്രതിഷേധ പരിപാടിയും നടന്നത്. കാവി കൊടി പിടിച്ച ഭാരതാംബയുടെ ചിത്രത്തിലാണ് പുഷ്പാർച്ചന നടന്നത്. ബിജെപി മുൻ ദേശീയ കൗൺസിൽ അംഗവും ബിജെപി ഭരിക്കുന്ന പാലക്കാട് നഗരസഭയിലെ കൗൺസിലറുമാണ് എൻ ശിവരാജൻ.

YouTube video player